ചങ്ങനാശേരി: മതിയായ രേഖകളില്ലാതെ കോഴിമാലിന്യവുമായി വന്ന മിനി ലോറി നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രി 11ന് ശേഷമാണ് നാട്ടുകാര്‍ മാലിന്യവുമായി വന്ന മിനിലോറി തടഞ്ഞുനിര്‍ത്തിയത്. അതിനുശേഷം കൈനടി പോലീസില്‍ വിവരം അറിയിക്കുകയും പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മാലിന്യത്തിന്റെ ദുര്‍ഗന്ധവും പുറപ്പെടുവിച്ചുകൊണ്ട് ദിവസേന ഈ വഴിയില്‍ക്കൂടി വണ്ടികള്‍ കടന്നുപോകുന്നത് പതിവാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഈ രീതിയിയില്‍ മാലിന്യവുമായി പോയ വാഹനത്തിലെ കോഴിമാലിന്യങ്ങള്‍ വഴിയില്‍ വീണതിനെതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ലോറി തടഞ്ഞ സംഭവവും ഉണ്ടായി. ഇത്തരത്തിലുള്ള മാലിന്യപ്രശ്നത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ ഭാഗമായി ജില്ലാ ഭരണാധികാരികളുടെ അധ്യക്ഷതയില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ മാലിന്യവുമായി വരുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇവ എവിടെനിന്നും കൊണ്ടുവരുന്നു, എവിടേക്ക് കൊണ്ടുപോകുന്നു തുടങ്ങിയ വ്യക്തമായ രേഖകള്‍ വേണമെന്ന് കര്‍ശനമായി ഉപാധി വച്ചിരുന്നു. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് വാഹനങ്ങളില്‍ മാലിന്യവുമായി പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ നീലംപേരൂരിലും സമീപപ്രദേശങ്ങളില്‍നിന്നുമായി ഒട്ടനവധി വാഹനങ്ങളില്‍ മാലിന്യം കൊണ്ട് നിക്ഷേപിക്കുന്നത് സ്ഥിരമാണ്. ജനകീയ സമരത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ടിരുന്നുവെങ്കിലും തുടര്‍ന്ന് ഇതിനുവേണ്ട രിതിയില്‍ പഞ്ചായത്ത് ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: