കൊച്ചി: അയിനിത്തോടിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടികള്‍ വൈകുന്നതിനെതിരെ നല്കിയ ഹര്‍ജിയില്‍, ഒരു മാസത്തിനകം അളവ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ തന്നെ നിരവധി ഉത്തരവുകളുണ്ടായിട്ടും ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല.
കൈയ്യേറ്റത്തിന്റെ വശ അളവുകള്‍ കൃത്യമായി പൂര്‍ത്തിയാക്കി റവന്യൂ വകുപ്പ് നല്‍കിയിട്ടില്ല എന്ന കാരണത്താലാണ് ഒഴിപ്പിക്കല്‍ വൈകുന്നതെന്നായിരുന്നു മരട് മുനിസിപ്പാലിറ്റി അധികൃതരുടെ നിലപാട്. എന്നാല്‍ റവന്യൂ അധികാരികളും മുനിസിപ്പാലിറ്റി അധികാരികളും തമ്മില്‍ പരസ്പരം ഏകോപനമുണ്ടാക്കി സമയബന്ധിതമായി അളവ് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ഗ്രാമശക്തി എന്ന സംഘടനയുടെ കണ്‍വീനര്‍ എസ് ആര് ജോണ്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2002 ല്‍ തന്നെ ഹൈക്കോടതി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും പലകാരണങ്ങളാലും അത് നടന്നിരുന്നില്ല.
അളവ് 90 ശതമാനവും പൂര്‍ത്തിയായെന്നും ഒരു മാസത്തിനുള്ളില്‍ ശേഷിക്കുന്ന അളവ് കൂടി പൂര്‍ത്തിയാക്കുമെന്നും റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ അളവ് പൂര്‍ത്തിയാക്കാന്‍ കണയന്നൂര്‍ താലൂക്ക് താസില്ദാരോടും സര്‍വെ സൂപ്രണ്ടിനോടും ഹൈക്കോടതി ഉത്തരവിട്ടു.
ഒരു മാസത്തിനുള്ളില്‍ അളവ് സംബന്ധിച്ച രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറാനും കളക്ടര്‍ അത് മുനിസിപ്പാലിറ്റിക്ക് കൈമാറാനും ഉത്തരവിട്ടു. അതിനോടനുബന്ധിച്ച് മുനിസിപ്പാലിറ്റി തുടര്‍നടപടികള്‍ കൈക്കൊള്ളണം. അളവിന്റെ ഭാഗമായി 11 ന് സര്‍വെ വകുപ്പും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരും സംയുക്തമായുള്ള പരിശോധനയും നടത്തുന്നതാണെന്നും റവന്യൂ വകുപ്പ് കോടതിയില്‍ ഉറപ്പ് നല്കി. അഡ്വ. ഷെറി ജെ തോമസ് ഹര്‍ജികാര്‍ക്ക് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: