ചങ്ങനാശേരി: കേരളത്തിലെ പഞ്ചപാണ്ഡവക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി അഞ്ചമ്പല ദര്‍ശനം തീര്‍ത്ഥാടന പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീര്‍ത്ഥാടന പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. വെശാഖമാസത്തില് അഞ്ചമ്പല ദര്‍ശനം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനം ആരംഭിക്കുകയും എല്ലാ മാസത്തിലെയും ഏകാദശി നാളില്‍ തൃച്ചിറ്റാറ്റ് ക്ഷേത്രത്തില്‍നിന്നും ദര്‍ശനം നടത്തി ദ്വാദശി നാളില്‍ തൃക്കൊടിത്താനം ക്ഷേത്രത്തില്‍ എത്തി ദ്വാദശി പൂജയും തൊഴുത് സമാപിക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന പദ്ധതി നടപ്പാക്കുന്നത്.
ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, ക്ഷേത്രങ്ങള്‍ക്ക് തനിച്ചും ഒന്നിച്ചും വികസന രേഖ തയ്യാറാക്കുകയും, ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വികസനം നടപ്പിലാക്കുകയും ചെയ്യും. ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നീ സ്ഥലങ്ങളിലുള്ള റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും പൊതുനിരത്തുകളിലും വിവിധ ഭാഷകളിലുള്ള സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കും. ഓരോ ക്ഷേത്രങ്ങളിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങും. ക്ഷേത്രങ്ങളിലെ ദര്‍ശനസമയം ഏകീകരിക്കും. ക്ഷേത്രങ്ങളില്‍ വെബ്സൈറ്റുകളിലൂടെ വഴിപാടുകള്‍ ബുക്ക് ചെയ്യുവാന്‍ സൗകര്യം ഒരുക്കും. എല്ലാ ക്ഷേത്രങ്ങളിലും ശുചിമുറികള്‍ അടിയന്തിരമായി നിര്‍മ്മിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിന് ഹരിപ്പാട്, പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍, കോട്ടയം, മാവേലിക്കര എക്സി. എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി.
ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമ പ്രസാദ്, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എസ്. ജയശ്രീ, കോട്ടയം, മാവേലിക്കര എക്സി. എഞ്ചിനീയര്‍മാരായ ആര്. അജിത് കുമാര്‍, ബി.കേശവദാസ്, ചങ്ങനാശേരി അസി.ദേവസ്വം കമ്മീഷണര്‍ പി.എസ്. ശ്യാമള, ആറന്മുള, തിരുവല്ല അസി.കമ്മീഷണര്‍മാരായ വേണുഗോപാല്‍, എം.ജി. സുകുമാരന്‍, ചെങ്ങന്നൂര്‍, ആറന്മുള അഡ്മിനി.ഓഫീസര്‍മാരായ ആര്. ജയശ്രീ, കെ.ഗോപാലകൃഷ്ണപിള്ള, ചങ്ങനാശേരി അസി.എഞ്ചിനീയര്‍ എസ്.ശ്രീകുമാര്‍, പുലിയൂര്-തിരുവന്‍വണ്ടൂര്‍-തൃക്കൊടിത്താനം സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ എം.ജി.സുകു, മധുസുദനന്‍പിള്ള, ആര്.പ്രകാശ്, തൃക്കൊടിത്താനം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: