മുണ്ടക്കയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പുലിക്കുന്ന് മുളംകുന്ന് ഭാഗം ചെറുവള്ളിയില്‍ വീട്ടില്‍ തങ്കരാജിന്റെ ഭാര്യ കുഞ്ഞമ്മു (35)വിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടെ മുണ്ടക്കയം-എരുമേലി പാതയില്‍ പുലിക്കുന്ന് മുകള്‍ ഭാഗം തേക്കുംകൂപ്പിന് സമീപത്തായിരുന്നു സംഭവം. കണ്ണിമലയിലെ സ്വകാര്യ റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് ജോലി ചെയ്യുന്ന ഭര്‍ത്താവ് തങ്കരാജിന് പ്രഭാത ഭക്ഷണവുമായി പോകുന്ന വഴിയില്‍ തേക്കും കൂപ്പ് ഭാഗത്ത് വെച്ചായിരുന്നു പോത്തിന്റെ ആക്രമണമുണ്ടായത്. എരുമേലി -മുണ്ടക്കയം സംസ്ഥാന പാതയില്‍ സ്കൂള്‍ ബസ് വന്നതിനാല്‍ റോഡിന്റെ ഒരു വശത്തു നില്‍ക്കുകയായിരുന്നു ഇവര്‍. ബസിന്റെ പിന്നിലുണ്ടായിരുന്ന വലിയ കാട്ടുപോത്ത് അമിത വേഗതയിലെത്തി കുഞ്ഞമ്മുവിനെ കുത്തുകയായിരുന്നു. ഭീമാകാരനായ കാട്ടുപോത്തിന്റെ കൊമ്പില്‍ കുടുങ്ങിയ കുഞ്ഞമ്മുവിനെ കറക്കി എറിയുകയായിരുന്നുവത്രെ. താഴെ വീണ കുഞ്ഞമ്മുവിന് ശരീരകമാസകലം പരിക്കേറ്റു. വാരിയെല്ലിനും തലയ്ക്കും ചതവ് പറ്റി. പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപോത്ത് കാട്ടിലേക്കു തന്നെ തിരികെ പോയി. പരിക്കേറ്റ കുഞ്ഞമ്മയെ ഓട്ടോയിലെത്തിയ സംഘമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. മേഖലയില്‍ മുമ്പും കാട്ടുപോത്തുകളെ കണ്ടവരുണ്ട്. അമരാവതി ഭാഗത്ത് കാട്ടുപോത്തിന്റെ ശല്യമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: