കൂത്താട്ടുകുളം: ഒന്നാം ക്ലാസില്‍ ഇത്തവണയും നൂറുകുട്ടികളെ പ്രവേശിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ് കൂത്താട്ടുകുളം സര്‍ക്കാര്‍ യുപി സ്കൂളിലെ അധ്യാപകരും പിടിഎ അംഗങ്ങളും. പ്രവര്‍ത്തന മികവിന് അംഗീകാരമെന്ന നിലയില്‍ ജില്ലാ തല പ്രവേശനോത്സവം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തിരിക്കുന്നത് ഈ വിദ്യാലയത്തെയാണ്.
കൂടുതല്‍ മികവോടെ നവാഗതരെ സ്വീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെയും എസ്എസ്എ, വിവിധ സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ ഒരുക്കങ്ങളാരംഭിച്ചു. കഴിഞ്ഞവര്‍ഷം ഒന്നാം ക്ലാസില്‍ 101 കുട്ടികളാണ് പ്രവേശനം തേടിയെത്തിയത്.
ഇത്തവണ മാര്‍ച്ച് 15 അയപ്പോഴേക്കും നൂറു കുട്ടികള്‍ എത്തി. ഇതര ക്ലാസുകളിലേക്കും പ്രീപ്രൈമറി ക്ലാസുകളിലേക്കുമായി നൂറിലധികം കുട്ടികളും ചേര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പ്രവേശനോത്സവം പ്ലാസ്റ്റിക് രഹിതമാക്കാന്‍ സംഘാടക സമിതി യോഗത്തില്‍ തീരുമാനിച്ചു. കുട്ടികള്‍ അവധിക്കാല കളിക്കൂട്ടത്തിലൂടെ പഠിച്ച കുരിത്തോല അലങ്കാരങ്ങള്‍കൊണ്ട് വേദിയും സദസും പ്രവേശന കവാടവും വഴികളും മനോഹരമാക്കും, ടൗണില്‍ നിന്നും റാലി, സ്വീകരണം, സമ്മാനങ്ങള്‍, ഭക്ഷണം, തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
സ്വാഗത സംഘ രൂപീകരണം മാറാടി പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സാബു ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സീന ജോണ്സണ് അദ്ധ്യക്ഷയായി. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.കെ. ഷൈന്മോന് മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്എ പ്രൊജക്ട് ഓഫീസര്‍, എസ്. സന്തോഷ്കുമാര്‍, എഇഒ. പി.വി. ജയരാജ്, ബിപിഒ കെ.സി. ജോണ്സണ്, വാര്‍ഡ് മെംബര്‍മാരായ അംബിക രാജേന്ദ്രന്, ജിജി ഷാനവാസ്, പിടിഎ പ്രസിഡന്റ് ഡി. രാജേഷ്, പ്രധാനാധ്യാപകന് കെ.വി. ബാലചന്ദ്രന്, പി.എം. രാജു, എച്ച്.എം. ഫോറം സെക്രട്ടറി എം.ടി. ഇമ്മാനുവല്‍, എം.കെ. രാജു, ബിജോയ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍ എന്നിവരെ രക്ഷാധികാരികളാക്കിയുള്ള സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു. അഡ്വ: സീന ജോണ്സണ് (ചെയര്‍ പേഴ്സണ്‍) എം.കെ. ഷൈന്മോന് (ജനറല്‍ കണ്‍വീനര്‍), എസ്. സന്തോഷ് കുമാര്‍ (കണ്‍വീനര്‍), പി. നന്ദകൂമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍) അഗസ്റ്റിന് (ഡിഇഒ മുവാറ്റുപുഴ) കെ.സി.ജോണ്സണ് (ജോ:കണ്‍വീനര്‍മാര്‍) പി.വി.ജയരാജ് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: