സ്നേഹത്തിന്റെയും നന്മയുടെയും തലസ്ഥാനമാണ് മുടപ്പിലാവ് എന്ന ഗ്രാമം. സ്നേഹത്തിന്റെയും അനുകമ്പയുടെയും സുര്യാംശുവേറ്റാണ് മുടപ്പിലാവ് ഉണരുന്നത്. വാത്സല്യത്തിന്റെയും ദയയുടെയും നിലാവേറ്റാണ് മുടപ്പിലാവ് ഉറങ്ങുന്നത്. സേവനത്തിന്റെ ഈ കൂട്ടായ്മക്ക് ചുക്കാന്‍ പിടിക്കുന്നത് 200 പേര്. എല്ലാവരും സ്ത്രീകള്‍.
സ്ത്രീശക്തിയുടെ ഒരു നേര്‍ക്കാഴ്ച്ചയാണ് തൃശൂര്‍ ജില്ലയിലെ കൂര്ക്കഞ്ചേരിക്കടുത്തു ചിയ്യാരം മുടപ്പിലാവ് എന്ന ഗ്രാമത്തില്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി കാണുന്നത്. സേവനത്തിന്റെ പുതിയ പന്ഥാവ് വെട്ടിത്തുറന്ന് ഇവര്‍ പ്രയാണം തുടരുകയാണ്. ആദ്ധ്യാത്മിക-സാമുഹ്യ-സാംസ്കാരിക മേഖലകളില്‍ ഇവര്‍ നടത്തുന്ന കര്‍മ്മ പദ്ധതികള്‍. ആവശ്യമെങ്കില്‍ നാടിന്റെ നന്മക്ക് സമരമുഖത്തേക്ക് ഇറങ്ങുവാനും തയ്യാര്‍.
പതിനാല് വര്‍ഷം മുമ്പ് മുടപ്പിലാവ് ക്ഷേത്രം കേന്ദ്രീകരിച്ച് രൂപീകരിച്ച മാതൃസമിതിയാണ് പിന്നീട് വളര്‍ന്ന് വിവിധ തലങ്ങളില്‍ വ്യാപിച്ച് കിടക്കുന്നത്. ഇന്ന് മാതൃസമിതിയുടെ കീഴില്‍ മുടപ്പിലാവ് ഗ്രാമസേവാ സമിതി, സ്വാദ്ധ്യായ കര്‍മ്മ സമിതി, മാതൃ സമിതി ചാരിറ്റബിള്‍ ട്രസ്റ്റ്, ധര്‍മ്മ ക്ഷേത്ര കലാസാംസ്കാരിക സമിതി, മുടപ്പിലാവ് മതപാഠശാല, സഹകാര്‍ ഭാരതിയുടെ പത്ത് അക്ഷയശ്രീകള്‍ തുടങ്ങി നിരവധി ദളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇരുനൂറ് പേരെ 15 മുതല്‍ 25 ദളങ്ങളായി വിഭജിച്ചുകൊണ്ടാണ് കേന്ദ്രബിന്ദുവായ മാതൃസമിതിയുടെ പ്രവര്‍ത്തനം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃസമിതി തുടക്കം കുറിക്കുമ്പോള്‍ ഈ സ്ത്രീ മനസുകളില്‍ വളരെ ചുരുക്കം സേവാപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഒപ്പം ക്ഷേത്ര കാര്യങ്ങളും. എന്നാല്‍ ഒരോ വര്‍ഷം പിന്നിടുമ്പോഴും ഇവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നിരവധി വീട്ടമ്മമാര്‍ കടന്ന് വന്നതോടെ ഇവര്‍ക്ക് മുന്നില്‍ പുതിയ തലങ്ങള്‍ ഉയര്‍ന്നുവന്നു. പന്ത്രണ്ട് വര്‍ഷം മുമ്പാണ് ജനോപകാരപ്രദമായ മേഖലയിലേക്ക് ഇവരുടെ ആദ്യ ചുവടുവയ്പ്പ്. നാട്ടിലെ നിര്‍ദ്ധനരായ അമ്മമാരെ സഹായിക്കുക. അതായിരുന്നു ലക്ഷ്യം. അതിനായി ഇവര്‍ കണ്ടെത്തിയ വഴി തങ്ങള്‍ സ്വരൂപിക്കുന്ന വരിസംഖ്യയില്‍ ഒരു വിഹിതം ഇവര്‍ക്ക് നല്‍കുക. തീരുമാനം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു.
നിറഞ്ഞ കയ്യടിയോടെ തീരുമാനം വന്നു. അന്ന് മുതല്‍ ഇന്നുവരെയും മുടങ്ങാതെ 150 രൂപ വീതം 15 പേര്‍ക്ക് എല്ലാ മാസവും 22-ാം തീയതി സമിതി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. പിന്നീട് വന്ന മറ്റൊരു ആശയമായിരുന്നു സമിതി അംഗങ്ങളായവരുടെ പെണ്മക്കളുടെ വിവാഹത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കുക. ഇതിനായി അംഗങ്ങളുടെ മക്കളില്‍ 18 വയസ് പൂര്‍ത്തിയായാല്‍ അവരുടെ പേരില്‍ 5000 രൂപയുടെ നിക്ഷേപം.ഇത്തരത്തില്‍ 38 പേരുടെ പേരില്‍ നിക്ഷേപം നടത്തിക്കഴിഞ്ഞു.
നാട്ടില്‍ ഏതൊരു ആവശ്യവും ഉണ്ടായാല്‍ ഇവര്‍ കര്‍മ്മ നിരതരാണ്. ഒരു വീട്ടില്‍ മരണം നടന്നാല്‍ അവിടേക്ക് ആവശ്യമായ കസേര, ടാര്പ്പോളിന്, കട്ടന്‍ ചായ എന്നിവ ഉടന്‍ തന്നെ എത്തിക്കും. എല്ലാം സൗജന്യ സേവനം. സമിതി അംഗങ്ങളുടെ വീട്ടിലാണെങ്കില്‍ പ്രാഥമിക ചിലവിനുള്ള 1500 രൂപയും ഇവര്‍ നല്‍കും. ഇതിനോടകം 60 വീടുകള്‍ക്ക് ഇത്തരം സഹായം എത്തിക്കാന്‍ സാധിച്ചതായി സമിതി ഭാരവാഹികള്‍ പറയുന്നു. ഇവരുടെ സേവാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഫണ്ടോ, മറ്റ് ഫണ്ട് ശേഖരണമോ ഇല്ലായെന്നതും പ്രത്യേകതയാണ്. സമിതി അംഗങ്ങള്‍ നല്‍കുന്നതും തീര്‍ത്ഥയാത്രകളും മറ്റും നടത്തി അതില്‍ നിന്ന് ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് സേവനത്തിന്റെ പുതിയ മുഖം തീര്‍ക്കുന്നത്.
ആദ്ധ്യാത്മിക മേഖലയില്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനം ഹൈന്ദവ സമൂഹത്തിന് മാതൃകയാണ്. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലാണ് ആദ്ധ്യത്മിക പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്ത് തന്നെ എല്ലാ വീടുകളിലും രാമായണവും ഭഗവദ് ഗീതയുമുള്ള ഏക ഗ്രാമമായിരിക്കും മുടപ്പിലാവ്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.കെ.വിശ്വനാഥനാണ് സമ്പൂര്‍ണ രാമായണ ഗ്രാമമായി പ്രഖ്യപിച്ചത്.
എല്ലാ മാസവും സത്സംഗം, തീര്‍ത്ഥയാത്രകള്‍, കര്ക്കിടമാസത്തില് എല്ലാ വീടുകളിലും രാമായണം വായന, ശ്രീരാമ ജ്യോതി പ്രയാണം, ഔഷധ കഞ്ഞിവിതരണം, വിദ്യാഗോപാല മന്ത്രാര്‍ച്ചന, എന്നിവയും സമിതിയുടെ ആദ്ധ്യത്മിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മുടപ്പിലാവ് ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിന് നേതൃത്വം നല്‍കുന്നതും മാതൃസമിതി തന്നെ. ക്ഷേത്രത്തില്‍ ഏഴ് ദിവസം നടക്കുന്ന അന്നദാനത്തിന്റെ ചുക്കാന്‍ ഇവര്‍ക്ക് തന്നെയാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കീഴില്‍ സേവിക സമിതി, പ്രൗഢ സപ്താഹി ശാഖ, വിദ്യാര്‍ത്ഥി തരുണ ശാഖ, തരുണ വ്യവസായി ശാഖ എന്നിവയിലും ഈ സ്ത്രീ കൂട്ടായ്മയുടെ പ്രവര്‍ത്തനം നടക്കുന്നു. ധര്‍മ്മ ക്ഷേത്ര കലാസാസ്കാരിക വേദിയുടെ നേതൃത്തില്‍ 40 പേര് നൃത്തവും 45 ഓളം പേര് ചെണ്ട, തിമില എന്നിവയും അഭ്യസിക്കുന്നുണ്ട്.
ഇനിയും ഏറെ സ്വപ്നങ്ങളുമായാണ് ഇവരുടെ പ്രയാണം. അതില്‍ ഒന്നാണ് ഏതാനും നാളുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന 100 വനിതകള്‍ അംഗങ്ങളായ മുടപ്പിലാവ് വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ഇത് തുടങ്ങുന്നതിനുള്ള അംഗികാരം ലഭിച്ചുകഴിഞ്ഞു. ഏതാനും മാസത്തിലുള്ളില്ത്തന്നെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ വിട്ടമ്മമാര്‍. കൂടാതെ 300 പേര് അംഗങ്ങായ അന്നപൂര്‍ണ്ണേശ്വരി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിലുടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ഈ സ്ത്രീ കൂട്ടായ്മക്ക് സാധിക്കും. സേവനം മാത്രമല്ല ജനകീയാവശ്യങ്ങളോട് പുറം
തിരിഞ്ഞിരിക്കുന്നവര്ക്കെതിരെ സമര രംഗത്ത് ഇറങ്ങുവാനും ഇവര്‍ തയ്യാറാണ്. ക്ഷേത്രക്കുളം കയ്യേറാനുള്ള ശ്രമം നടന്നപ്പോള്‍ ഈ സ്തീശക്തിയാണ് പ്രതിരോധമുയര്‍ത്തി മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്, സ്വാദ്ധ്യായ സമിതിയുടെയും മാതൃസമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സുമ ലോഹിദാക്ഷന്‍, സുജാത നന്ദകുമാര്‍, ബിന്ദു രഘുനാഥ്, ലിനി ബിജു, രാധിക രാജു, പി.പത്മജം, സരോജിനി ഭാസ്കരന്, ജയന്തി വിജയന് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് ഒപ്പം വലിയൊരു സ്ത്രീ ശക്തിയും. ഇവരെ കണ്ട് പഠിക്കാം നമുക്ക് സേവനത്തിന്റെ ഉദാത്ത മാതൃക. നാടിന്റെ സംസ്കൃതി ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് തുണ മുടപ്പിലാവ് മഹാവിഷ്ണുവിന്റെ കാരുണ്യമാണെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: