ഓരോ ജനനത്തിനു പിന്നിലും ഓരോ കര്‍മ്മലക്ഷ്യം ഉണ്ടാവും. ഒരു പക്ഷേ ജീവിതം മുഴുവനും ആ കര്‍മ്മത്തിനായി ഉഴിഞ്ഞു വെച്ചിട്ടുമുണ്ടാവും. അത്തരത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇന്നു സമൂഹത്തിലുണ്ടാവൂ. അത്തരത്തിലൊരാളാണ് ഡോ. അച്യുതന്. ഇംഗ്ലീഷ് അദ്ധ്യാപകനായി, ശ്രീരാമകൃഷ്ണ വിവേകാനന്ദ ദാര്‍ശനികനായി സമൂഹത്തിന് വെളിച്ചമാകുന്ന അപൂര്‍വ വ്യക്തിത്വം.
വാസുദേവന്‍ നമ്പൂതിരിയുടേയും പടയത്ത് കല്ല്യാണി അമ്മയുടേയും മകനായി 1927ല്‍ ഭാരതപ്പുഴയോരത്തെ മീറ്റ്ന എറക്കോട്ടിരിയിലായിരുന്നു ജനനം. ഒറ്റപ്പാലം പാലപ്പുറത്തെ രാമകൃഷ്ണാശ്രമത്തിനടുത്തായിരുന്നു വീട്. ഇത് ആത്മീയതയിലേക്കുള്ള വഴിത്തിരിവായി. ആശ്രമബാലനായി വളര്‍ന്ന് അവിടെ നിന്നുള്‍ക്കൊണ്ട ആത്മീയത ജീവിതത്തെ നിര്‍ണ്ണയിച്ചു. ഒമ്പതാമത്തെ വയസ്സില്‍ മന്ത്രദീക്ഷ സ്വീകരിച്ചു. കുഞ്ഞുനാളില്‍ ത്തന്നെ ഭഗവദ്ഗീതയും മൂന്ന് ഉപനിഷത്തുക്കളും സ്വായത്തമാക്കി.
നിര്‍മ്മലാനന്ദ സ്വാമിയുടെ ശിഷ്യരായിരുന്നു അച്ഛനും അമ്മയും. അതുകൊണ്ടു വീടിന്റെ പേരു പോലും ബ്രഹ്മാനന്ദവിലാസ് എന്നായിരുന്നു. 1926 ല്‍ ആശ്രമം സ്ഥാപിക്കാനായി അദ്ദേഹത്തിന്റെ പിതാവാണ് സ്ഥലം വിട്ടു നല്‍കിയത്. 1936 മുതല്‍ 38 വരെ നിര്‍മ്മലാനന്ദസ്വാമി ആശ്രമത്തിലുണ്ടായിരുന്നു. ആശ്രമവുമായുള്ള ബന്ധം അച്യുതനെന്ന കൊച്ചുബാലന്റെ ജീവിതം മാറ്റി മറിച്ചു. തേര്‍ഡ് ഫോറത്തില്‍ പഠിക്കുമ്പോള്‍ തന്നെ ആശ്രമത്തിലെ ഗീതാക്ലാസ്സുകള്‍ വഴി ഭഗവദ്ഗീതയും, ഉപനിഷത്തുക്കളും സ്വായത്തമാക്കി. അമലാനന്ദ സ്വാമിയായിരുന്നു ആചാര്യന്. ആശ്രമത്തിലെ ദീപാരാധന കഴിഞ്ഞാല്‍ എന്നും ഒരു മണിക്കൂര്‍ ഗീതാക്ലാസ്. ആശ്രമത്തിലെ ചിട്ടകള്‍ ജീവിതത്തില്‍ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ആ ചിട്ടകള്‍ ഇന്നും പിന്തുടരുന്നു.
1947ല്‍ ഇന്റര്‍മീഡിയറ്റിനു ശേഷം പഠനത്തിനായി കല്‍ക്കത്തയിലേക്ക് ഒരു പറിച്ചു നടല്‍. ഏണ് ആന്‍ഡ് ലേണിന്റെ ഭാഗമായി സ്റ്റേറ്റ്സ്മാനില്‍ പ്രൂഫ് റീഡറായി ചേര്‍ന്നെങ്കിലും വര്‍ഗീയ കലാപം കാരണം നേരെ മുംബൈയിലേക്ക് യാത്രയായി. അവിടെ ഫ്രീപ്രസ് ജേണലില്‍ പ്രൂഫ് റീഡറായി കുറച്ചുകാലം. അതോടൊപ്പം തന്നെ ഫോറം വീക്കിലിയില്‍ എഴുതാറുമുണ്ടായിരുന്നു. അച്ഛന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ എത്തി. ജീവിതത്തിലെ വഴിത്തിരിവ് പാലക്കാട്ടു നിന്നാണാരംഭിക്കുന്നത്.
ബിരുദപഠനത്തിനായി വിക്ടോറിയ കോളേജില്‍ ചേര്‍ന്നു. പഠനശേഷം അവിടെ തന്നെ ഇംഗ്ലീഷ് ട്യൂട്ടറായി മൂന്നു വര്‍ഷം പഠിപ്പിച്ചു. പത്രപ്രവര്ത്തകനാവാന് കൊതിച്ച മനസ്സില്‍ അദ്ധ്യാപനം എന്ന മഹത്തായ ജോലി കടന്നുകയറി. അതിനിടെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. കോയമ്പത്തൂരില്‍ ഒരു വര്‍ഷം ജോലി ചെയ്തു. അതിനു ശേഷം വീണ്ടും വിക്ടോറിയ കോളേജിലേക്ക്. പ്രൊഫ.സി.പി.കെ.തരകന്റെ പ്രേരണ മൂലം പിഎച്ച്ഡിക്കു ചേര്‍ന്നു. വേദാന്തിക്ക് ലോര്‍ ഇന്‍ ദ പോയട്രി ഓഫ് ടി.എസ്. എലിയറ്റ് (ടി.എസ്.എലിയറ്റിന്റ കവിതകളിലെ വേദാന്ത ചിന്തകള്‍) എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഇതു പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷത്തോളമെടുത്തു.
വേദാന്തകാര്യങ്ങളിലുള്ള താല്പര്യം മൂലം ഇടയ്ക്ക് ജീവിതം ആധ്യാത്മികരംഗത്തേക്ക് വഴിമാറി. ഇതോടെ ഗവേഷണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. 1950 കാലഘട്ടങ്ങളിലാണ് പാലക്കാട് ചിന്മയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഗൃഹസത്സംഗങ്ങളായിട്ടായിരുന്നു തുടക്കം. അന്ന് അമ്പലങ്ങളില്‍ പ്രഭാഷണം പതിവില്ലായിരുന്നു. പിന്നീട് കൊപ്പത്ത് വിജ്ഞാനരമണീയാശ്രമം വന്നു. അവിടെയാണ് സ്വാമി ചിന്മയാനന്ദന്റെ ആദ്യ ഗീതായജ്ഞം നടക്കുന്നത്. ഗീതാപഠനത്തിന് രൂപം നല്കിയ ഗൃഹസത്സംഗങ്ങളില് ആചാര്യനായി ചുമതല ഏറ്റെടുത്തു. ഇതിനിടെ ശിവാനന്ദാശ്രമവും നിലവില്‍ വന്നു.
1963 ല്‍ പാലക്കാട് ആധ്യാത്മികരംഗത്ത് മാറ്റത്തിന്റെ കാലമായിരുന്നു. നിര്‍മ്മലാനന്ദ ജന്മശതാബ്ദിയും വിവേകാനന്ദശതാബ്ദിയും നടന്ന വര്‍ഷം. ഇതും ജീവിതത്തിലെ ഒരു വഴിത്തിരവായി മാറി. ആത്മീയതയിലായിരുന്നു ഹൃദയവും ആത്മാവും. ജ്ഞാനാനന്ദ സരസ്വതി സ്വാമികളുമായും പല ആശ്രമങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഇതിനിടെ 1964 ല്‍ തരകന് സറിന്റെ ഒരു കത്ത് വന്നു. പകുതിക്കു നിര്‍ത്തിയ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്. അത് തുടര്‍ന്നു. ടി.എസ്. എലിയറ്റിന്റെ പല കവിതകളിലും വേദാന്തപരമായ പലകാര്യങ്ങളും അടങ്ങിയിരുന്നു.
ആധ്യാത്മികതയോടുള്ള താല്പര്യമാണ് ഡോ.അച്യുതനെ സംഘപ്രസ്ഥാനത്തോട് അടുപ്പിച്ചത്. പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ശങ്കര്‍ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആഴ്ചയില്‍ ഒന്നുരണ്ടുവട്ടം കണ്ട് സംസാരിക്കുമായിരുന്നു. ഠേംഗ്ഡിജി, പരമേശ്വര്‍ജി, ഭാസ്കര്‍ റാവുജി, ജയപ്രകാശ് നാരായണന്, കെ.കെ.മേനോന് എന്നിവരുമായും നല്ല സുഹൃദ് ബന്ധം സൂക്ഷിച്ചിരുന്നു. അടിയന്തരാവസ്ഥ ക്കാലത്ത് പലനേതാക്കളും അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നു. 1968-1969 വര്‍ഷത്തില്‍ വിശ്വഹിന്ദുപരിഷത്തിന്റെ സെക്രട്ടറിയായും സേവനം നടത്തിയിട്ടുണ്ട്.
ഭാരതത്തിന്റെ സമകാലിക മനസിനെ കുറിച്ച് അദ്ദേഹം മനസ് തുറന്നു…
ഇന്ന് പൗരാണിക രാജ്യമെന്ന വിചാരം തന്നെ നാം മറന്നിരിക്കുന്നു. 1947ലാണ് രാജ്യമുണ്ടായതെന്നാണ് പലരുടേയും വിചാരം. പൗരാണിക കാര്യങ്ങളോട് വിമുഖത കാണിക്കുന്നു. ഭാരതഭൂഖണ്ഡം എന്ന ആശയം ഇന്നില്ലാതായിക്കൊണ്ടിരിക്കുകയാണ്. 1950ല്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ട ഭരണഘടന ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ പൗരധര്മ്മത്തെപ്പറ്റിയോ, ജനങ്ങളുടെ കടമകളെപ്പറ്റിയോ അതില്‍ കാര്യമായ പരാമര്‍ശമില്ല. തുടര്‍ന്ന് ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകൃതമായതോടെ ദേശീയതയ്ക്കുപകരം അധികാരഭ്രമവും സ്വാര്‍ത്ഥ സുഖഭോഗ പ്രവണതയും രാഷ്ട്രീയ -സ്ഥാപിത രംഗത്തെയെന്നപോലെ സാമാന്യ ജനങ്ങളെയും ഗ്രസിക്കാന്‍ തുടങ്ങി. കടമകള്‍ മറന്നു. ത്യാഗസേവനങ്ങള്ക്കു പകരം അധികാര മോഹവും മറ്റുതാത്പര്യങ്ങളുമാണ് കടന്നുകൂടിയിരിക്കുന്നത്.
രാഷ്ട്രീയം എന്നത് ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. എന്നാലിന്ന് രാഷ്ട്രീയമാണ് ജീവിതം എന്ന സ്ഥിതിയായി മാറി. ധര്‍മ്മാചരണം എന്ന പദം ഇല്ലാതായിരിക്കുന്നു. കടമകള്‍ക്കു പകരം അവകാശങ്ങള്‍, ത്യാഗത്തിനു പകരം ഭോഗം, സേവനത്തിനു പകരം സ്വാര്‍ത്ഥ താല്പര്യം, ദേശീയതയുടെ സ്ഥാനത്ത് പ്രാദേശികത എന്നായി മാറി. കാലങ്ങളായി നാം ഉയര്‍ത്തിപ്പിടിച്ച സത്യ-ധര്‍മ്മങ്ങളുടെ സ്ഥാനത്ത് ഇന്ന് വോട്ടും- നോട്ടും സ്ഥാനം പിടിച്ചു. ധര്‍മ്മമാണ് ഏറ്റവും വലിയ മൂല്യം. ആ മൂല്യം വോട്ട് അഥവാ നോട്ടായി അധ: പതിച്ചു. നവോത്ഥാനവും സേവനവും ആണ് ദേശീയ ആദര്‍ശം. മാനസികമായി ഇന്നും നമ്മള് ഉണര്‍ന്നിട്ടില്ല. ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും നടക്കുന്നത് എന്താണ്. രാജ്യസേവനമെന്ന മനോഭാവം ആര്‍ക്കും തന്നെയില്ല. ത്യാഗസേവനങ്ങള്ക്കു പകരം അധികാര മോഹവും മറ്റുതാല്പര്യങ്ങളുമാണ് കടന്നുകൂടിയിരിക്കുന്നത്.
കോണ്‍ഗ്രസ് പാസാക്കിയ ലോജസ്റ്റിക്ക് സ്റ്റേറ്റസ് ഓഫ് ഇന്ത്യ എന്ന ആശയം മൂലം യൂണിറ്റി ഓഫ് ഇന്ത്യ എന്ന സങ്കല്‍പ്പം തകര്‍ന്നു. കോണ്‍ഗ്രസ് തുടങ്ങിവെച്ച പ്രശ്നങ്ങളാണ് ഇന്നും നിലനില്‍ക്കുന്നത്. ഗാന്ധിജിയുടെ തത്വങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ക്വിറ്റ് ഇന്ത്യ എന്ന ആശയം തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. യുഗപുരുഷന് എന്ന ചിന്താഗതി മാറിമറിഞ്ഞു. പൗരധര്മ്മത്തെപ്പറ്റിയും, ജനങ്ങളുടെ കടമകളെപ്പറ്റിയും, ത്യാഗസേവനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ത്യാഗസേവനം ജീവിതത്തിന്റെ ഭാഗമാക്കണം. ധാര്‍മ്മികമായ ചലനമാണ് പൊതുസമൂഹത്തില്‍ വേണ്ടത്. വളര്‍ന്ന് ഇന്ത്യക്കാരന് ആവണം; അല്ലാതെ വിദേശീയനല്ല. വിദേശീയര്‍ നമ്മുടെ സംസ്കാരം തേടി വരുമ്പോള്‍ നമ്മള് മറ്റുള്ളവയുടെ പുറകെ പോവുകയാണ്. വിവേകാനന്ദനെ ഉദ്ധരിച്ചത് നരേന്ദ്രമോദി മാത്രമാണ്. അത്തരത്തിലൊരു സംസ്കാരമാണ് ഇനി നമുക്ക് വേണ്ടത്.
ക്ലാസില്‍ പാഠപുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട ജീവിതവും കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് ശ്രദ്ധിച്ചത്. തന്റെ 33 വര്‍ഷത്തെ അദ്ധ്യാപനത്തിനിടയില്‍ ഒരിക്കല്‍പോലും സ്വകാര്യട്യൂഷനെടുത്തിട്ടില്ല. 1950 മുതല്‍ അദ്ധ്യാപകനായി .1983ല്‍ പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ നിന്ന് വിരമിച്ചു. അദ്ധ്യാപകന് എന്ന നിലയില്‍ കുട്ടികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ടോ എന്നതായിരുന്നു ആദ്യം വിശകലനം നടത്തിയിരുന്നത്. അദ്ധ്യാപകരായിരുന്നു കുട്ടികളുടെ ലോക്കല്‍ ഗാര്ഡിയന്. എങ്കിലിന്നത് രാഷ്ട്രീയക്കാരാണ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായി മാറിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനം വിദ്യാഭ്യാസത്തില്‍ വേണ്ട.
ഋഷി സംസ്കാരം, പാരമ്പര്യ സംസ്കാരം തുടങ്ങിയവ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കണം. ഇന്ന് എന്തുപഠിച്ചാലും ഡിഗ്രി കിട്ടുന്ന അവസ്ഥയാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം തന്നെ മാറിമറിഞ്ഞിരിക്കുന്നു. 60 വര്‍ഷം കഴിഞ്ഞിട്ടും മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ രീതിക്ക് മാറ്റം വന്നിട്ടില്ല. കുട്ടികള്‍ വിചാരിച്ചാലെ സംസ്കാരത്തെ തിരിച്ചുകെണ്ടുവരാന് കഴിയൂ. കുട്ടികളില്‍ ഗീത, വേദം, ഉപനിഷത്ത് എന്നിവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കണം.. സ്വധര്‍മ്മം അനുഷ്ഠിക്കുക എന്ന ആത്മീയപാഠം എന്നും കൈമുതലായി സൂക്ഷിക്കാന്‍ പഠിപ്പിക്കണം-ഡോ.അച്യുതന് ഓര്‍മ്മിപ്പിച്ചു.
പ്രൊഫ.എം.പി.ശിവദാസമേനോന്, പ്രൊഫ.സി.പി.കെ.തരകന്, പ്രൊഫ. മാര്ട്ടിന് എന്നിവരുമായി അടുത്തപ്പോഴായിരുന്നു അദ്ധ്യാപകനാവാന് താല്പര്യം ജനിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിമാരായിരുന്ന മോഹന്‍കുമാര്‍, പാലാട്ട് മോഹന്‍ദാസ്, മുന്‍ മന്ത്രി ടി.ശിവദാസമേനോന്, ഐഎഎസുകാരനായിരുന്ന രാമചന്ദ്രന് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. സുഹൃത്തുകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്യുതന് അവര്‍ക്കിടയില്‍ സ്വാമി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രശസ്ത സാഹിത്യകാരനായിരുന്ന ഒ.വി.വിജയനുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു.
സത്യസായിബാബയുടെ സനാതനസാരഥിയുടെ എഡിറ്ററായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു. തുളസീതീര്‍ത്ഥന്‍ എന്ന പേരില്‍ ആധ്യാത്മിക ലേഖനങ്ങളും പുസ്തകളും എഴുതുന്നു. നിര്‍മ്മലാനന്ദസ്വാമി, സ്വാമി വിശദാനന്ദ എന്നിവരുടെ ജീവചരിത്രങ്ങള്‍, എ വേദാന്ത മിസലേനി , സാധനയും സാക്ഷാല്കാരവും, നാരദഭക്തിസൂക്തങ്ങള് വ്യാഖ്യാനം, ജ്ഞാനാനന്ദ സരസ്വതി സ്വാമിയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകള്‍, ലൈഫ് ഓഫ് സ്വാമി വിവേകാനന്ദ, ഫൈവ് ഫേയ്സസ് ഓഫ് ശിവ, രാമായണം പരിഭാഷ, ദക്ഷിണാമൂര്‍ത്തി സ്തോത്രം തുടങ്ങി 15 ഓളം കൃതികളെഴുതിയിട്ടുണ്ട്.
കേരളത്തിലെ മിക്ക കേന്ദ്രങ്ങളിലും ആത്മീയ പ്രഭാഷണങ്ങള്‍, മലബാര്‍ മേഖലയില്‍ യജ്ഞാചാര്യനായി ചിന്മയമിഷനുവേണ്ടി ഒട്ടേറെ ഗീതാ ജ്ഞാനയജ്ഞങ്ങള്‍, അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരികള്ക്കും അന്തേവാസികള്‍ക്കുമായി വേദാന്തക്ലാസ്സുകള്‍ എന്നിവയെടുത്തു. അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രായാധിക്യം അലട്ടിയിട്ടും സമയം കിട്ടുമ്പോള്‍ അടുത്തുള്ള ആശ്രമങ്ങളില്‍ പോയി പ്രഭാഷണം നടത്തുന്നു; ജീവിതം കര്‍മ്മമാണ് എന്ന ആധ്യാത്മിക ചിന്തയോടെ. ‘ട്രഷറി ഓഫീസറായി വിരമിച്ച ഭാര്യ എം.സുശീലയും മക്കളായ തുളസീദാസും നരേന്ദ്രനാഥും അടങ്ങുന്നതാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: