തന്റെ കാലത്തെ മതത്തിന്റെ അധികാരശ്രേണികളോട് ക്രിസ്തു കലഹിക്കുകയും ഏറ്റുമുട്ടുകയും ചെയ്തു. അത് ദൈവത്തിന്റെ കലഹം തന്നെയായിരുന്നു. തന്റെ കാലത്തെ സാമ്പത്തിക കോയ്മകളെ നേരിടുകയും അവയോട് പൊരുതുകയും ചെയ്തു.
തന്റെ മാനവീയ ദര്‍ശനങ്ങളെയും സ്നേഹസങ്കല്പങ്ങളെയും രക്ഷിക്കാന്‍ വേണ്ടി ക്രിസ്തു തനിക്ക് മരണം തിരഞ്ഞെടുത്തു. മനുഷ്യനെ സാക്ഷാല്‍ ദൈവത്തിലേക്ക് നയിക്കാന്‍ വേണ്ടി പടപുരോഹിതന്മാരെ ക്രിസ്തു വെല്ലുവിളിച്ചു. ദൈവത്തെ വിറ്റ് വെള്ളിക്കാശാക്കുന്ന പുരോഹിതന്മാരെയും അവരുടെ അനുചരന്മാരെയും ക്രിസ്തു ചാട്ടവാറുകൊണ്ടടിച്ചു.
ക്രിസ്തുവിന്റെ അടിയേറ്റ് അവര്‍ ജരുസലേം ദേവാലയത്തില്‍ നിന്നോടി രക്ഷപ്പെട്ടു. തന്റെ മനുഷ്യാവതാരം അവസാനിക്കാറാവുമ്പോള്‍ കഴുതപ്പുറത്ത് ജരുസലേം നഗരത്തില്‍ പ്രവേശിച്ച് ദേവാലയം ശുദ്ധീകരിക്കാന്‍ യേശു ചാട്ടവാറെടുത്തത് കപട പുരോഹിതന്മാരില് നിന്നു ദൈവത്തെ മോചിപ്പിക്കാനായിരുന്നു. ദൈവത്തിന്റെ പേരിലുള്ള ചൂഷണത്തെ ചാട്ടവാര്‍ കൊണ്ട് യേശു നേരിട്ടപ്പോള്‍ ജനങ്ങള്‍ക്കായി മോചനത്തിന്റെ ഒരു നക്ഷത്രമുദിച്ചു. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ അന്തിമലക്ഷ്യം കപടപുരോഹിതന്മാരില്‍ നിന്ന് മനുഷ്യരെ മോചിപ്പിച്ച് ദൈവത്തിലേക്ക് നയിക്കലായിരുന്നു. യെരുസലേം ദേവാലയത്തിലേക്ക് ദൈവത്തിന്റെ വെളിച്ചം വീശിയതും യേശുവിന്റെ കുരിശാരോഹണത്തോടുകൂടിയാണ്. ദേവാലയം ശുദ്ധീകരിക്കാനുള്ള യേശുവിന്റെ ചാട്ടവാറടികള്‍ വാക്കുകളില്ലാത്ത പ്രാര്‍ത്ഥനതന്നെയായിരുന്നു. ‘ദൈവദശക’ത്തിന്റെ മറ്റൊരു രൂപമായിരുന്നു.
ഇപ്പോള്‍ യേശുവിലേക്കും യെരുസലേം ദേവാലയത്തിലേക്കും മനസ് ചെല്ലാന്‍ കാരണം ശ്രീനാരായണ ഗുരു ഭൂമിക്ക് നല്കിയ ദൈവദശകത്തിന്റെ ശതാബ്ദിപ്പതിപ്പിന് നമ്മുടെ കവി എസ്. രമേശന് നായര്‍ എഴുതിയ വ്യാഖ്യാനവും അതിന് ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ അവതാരികയുമാണ്. ദൈവദശകത്തിന് രമേശന് നായര്‍ എഴുതിയ മുഖക്കുറിപ്പ് ദൈവത്തിന്റെയും ദൈവഹിതപ്രകാരം ജീവിക്കുന്നവന്റെയും ദൈവദശകം എന്ന പ്രാര്‍ത്ഥനയുടെയും രമേശന് നായര്‍ എന്ന കവിയുടെയും ജസ്റ്റിസ് കെ.ടി. തോമസ് എന്ന ന്യായാധിപന്റെയും ഹൃദയത്തിന്റെ ഒരു പൊട്ടിത്തെറിയാണ്. മഹാസ്ഫോടനത്തിന്റെ ജനുസില്‍പ്പെട്ട ഒരു പൊട്ടിത്തെറി. അതിങ്ങനെ: ”രൂപമില്ലാത്ത എനിക്ക് രൂപമുണ്ടാക്കാന്‍ നിന്നോടാരു പറഞ്ഞു? എന്റെ പേരില്‍ ഇല്ലാത്ത മതങ്ങള്‍ ഉണ്ടാക്കാന്‍ നിന്നോടാരു പറഞ്ഞു? ലോകം മുഴുവന്‍ ഭവനമായ എനിക്ക് കാണുന്നിടത്തെല്ലാം മഹാസൗധങ്ങള്‍ കെട്ടിപ്പൊക്കി അതില്‍ എന്നെ കുടിയിരുത്തി ശ്വാസം മുട്ടിക്കാന്‍ നിന്നോടാരു പറഞ്ഞു?”
ദൈവത്തിന്റെ ഈ പൊട്ടിത്തെറിയെ മുന്‍നിറുത്തികൊണ്ട് ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെ നിരീക്ഷിക്കുന്നു. ”ദൈവത്തിന്റെ പേരില്‍ മനുഷ്യസമൂഹത്തെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന അധികാര പൗരോഹിത്യ മേധാശക്തികളുടെ നേരെ വിരല്‍ചൂണ്ടിക്കൊണ്ട് ജരുസലേം ക്ഷേത്രനടയില്‍ വച്ച് യേശുക്രിസ്തു നടത്തിയ മിന്നലാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഗ്രന്ഥകാരന് ആധുനിക ലോകത്തില്‍ മതം കൈയാളുന്ന പുരോഹിതര്‍ നടത്തുന്ന ചൂഷണ പ്രവര്‍ത്തികളെ കടുത്തഭാഷയില്‍തന്നെ വിമര്‍ശിച്ചിരിക്കുന്നത്.
സ്വര്‍ണം കൊണ്ട് തുലാഭാരം നടത്തിയാല്‍ ലക്ഷങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് സംഭാവന നല്കിയാല് അതിനുള്ള സ്രോതസ് ഏത് പാപത്തില്‍ നിന്ന് ഉളവായതാണെങ്കിലും ദൈവം പ്രസാദിക്കുമെന്ന് സമ്പന്നരെ വിശ്വസിപ്പിക്കുന്ന മതാധിപന്മാരോട് ഗ്രന്ഥകാരന് യാതൊരു രാജിയും ഇല്ല. കഠിനപ്രയത്നം ചെയ്യുന്നവന്റെയും വിയര്‍പ്പൊഴുക്കി പണി നടത്തുന്നവന്റെയും സമീപത്ത് ദൈവത്തെ കാണാന്‍ സാധിക്കുമെന്നുള്ള ഉന്നതമായ ദൈവശാസ്ത്രം പ്രതിപാദനത്തിലൂടെ ഗ്രന്ഥകാരന് ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.”
ദൈവദശകം ഒരു പ്രാര്‍ത്ഥന മാത്രമല്ല, ദൈവത്തിന്റെ മുമ്പില്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങളും പ്രകൃതിയുമൊക്കെ എന്താണ് എന്ന സത്യത്തിന്റെ ആവിഷ്കാരം കൂടിയാണ്. ഈ പ്രാര്‍ത്ഥനയിലെ സത്യത്തിലേക്ക് മനുഷ്യന് വരുമ്പോഴേ യുദ്ധവും പട്ടിണിയും ദുരിതങ്ങളുമില്ലാത്ത ശാന്തിയും സമാധാനവുമുള്ള ജനസമൂഹങ്ങളുണ്ടാവുകയുള്ളൂ. മതവൈരവും വര്‍ഗവൈരവും രാഷ്ട്രവൈരവുമില്ലാത്ത ഒരു ലോകം ഉണ്ടാവുകയുള്ളൂ. മതങ്ങളെയും ദൈവങ്ങളെയും മുന്‍നിറുത്തിയാണ് ഇന്നത്തെ യുദ്ധങ്ങളും കൊള്ളയും കൊലകളുമൊക്കെ.
ദൈവദശകം പിറന്നുവീണ മണ്ണില്‍ ഇന്ന് ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥയിലേക്ക് നമുക്കൊന്ന് വരാം. സ്നേഹിക്കാനും സഹായിക്കാനും അറിഞ്ഞുകൂടാതായിരിക്കുന്നു. എന്തിനെന്നറിയാതെ അസ്വസ്ഥത നീറിപ്പുകഞ്ഞ് കത്തുന്നു. എന്തിനെന്നറിയാതെ കൊല്ലുകയും ചാവുകയും ചെയ്യുന്നു. അദ്ധ്വാനിച്ചും, അവിഹിതമാര്‍ഗങ്ങളിലൂടെയുമുണ്ടാക്കുന്ന പണം മുഴുവന്‍ നമ്മുടെ കാലത്തെ മനുഷ്യന് ദൈവങ്ങള്‍ക്ക് നല്‍കുകയാണ്. ദൈവത്തിന്റെ ഭണ്ഡാരങ്ങള്‍ അന്തംവിട്ടുനില്‍ക്കുന്നു. എനിക്കെന്തിനാണ് പണമെന്ന ദൈവത്തിന്റെ ചോദ്യത്തിന് ആര്‍ക്കും ഉത്തരം നല്കാന് കഴിയുന്നില്ല.
ദൈവം, എസ്. രമേശന് നായര്‍ എന്ന കവിയിലൂടെ പറയുന്നു: ”നിന്നെ ഞാന്‍ മനുഷ്യനായി സൃഷ്ടിച്ചു. നീ ദുഷ്ടനും നികൃഷ്ടനും സ്വാര്‍ത്ഥനും കുടിലനും അധികാരഭ്രാന്തനുമായിപ്പോയതെങ്ങനെ? എന്റെ പേരില്‍ പുരോഹിതവേഷം കെട്ടി നീ ഈ ലോകത്തെ മുഴുവന്‍ വഞ്ചിക്കുന്നതെന്തിന്? നിസംഗനായ എന്റെ പേരില്‍ സമൃദ്ധമായ എല്ലാ ഭൗതികസുഖങ്ങളും അനുഭവിച്ച് മദിക്കുന്ന നീ എന്റെ പ്രതിപുരുഷനാകുന്നതെങ്ങനെ? അധമനും അല്പനും അസുരനുമായിക്കൊണ്ടിരിക്കുകയാണ് നീ. ദൈവമായ എനിക്ക് നിന്നെ വേണ്ട. നീചനായ നിനക്കു ഞാന്‍ നിത്യനരകം വിധിക്കുന്നു.
ഭയമുണ്ട്, ആശങ്കയുണ്ട്. നീ അവിടെ ചെന്നാല്‍ ആ നരകം പോലും നിന്നെ നിരസിക്കും കാരണം, ആ നരകത്തിനുപോലും ഉള്‍ക്കൊള്ളാനാവാത്തത്ര മഹാപാതകങ്ങള്‍ ചെയ്തു കൂട്ടിക്കഴിഞ്ഞിരിക്കുന്നു നീ. എന്റെ പേരില്‍ കപട പുരോഹിത വേഷധാരികള്‍ തമ്മില്‍ തല്ലുന്നു. തലകീറുന്നു, ചോര ചിന്തുന്നു, ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കുന്നു. നിനക്കു മാപ്പില്ല. നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ഗതിയില്ല. സ്വന്തം സുഖത്തിനും അധികാരത്തിനും സമ്പാദനത്തിനും പദവിക്കും വേണ്ടി എന്നെ വിറ്റുതിന്നുന്നവരേ! നിങ്ങള്‍ക്ക് ഹാ! കഷ്ടം! ക്രൂരമായ വിധിദിനം നിങ്ങളെ കാത്തിരിക്കുന്നു. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും നിങ്ങള്‍ക്ക് തരാനാവില്ല.”
തന്റെ സൃഷ്ടികളായ മനുഷ്യര്‍ സ്ഥാപിച്ചെടുക്കുന്ന പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ലോകം സ്വപ്നം കാണാന്‍ ദൈവത്തിന് ഇക്കാലത്ത് കഴിയുന്നില്ല. ഒരു സഹോദരന് അയ്യപ്പനേയും ബര്‍ട്രാണ്ട് റസ്സലിനെയും കാള്‍ മാര്‍ക്സിനെയും സ്വപ്നം കാണാനുള്ള ദൈവത്തിന്റെ ശേഷിയെ പണം കൊണ്ടും സ്വര്‍ണം കൊണ്ടും അജ്ഞതകൊണ്ടും മനുഷ്യര്‍ എറിഞ്ഞു കൊന്നുകൊണ്ടിരിക്കുയാണ്. മനുഷ്യരുടെ സ്വര്‍ണം കൊണ്ടുള്ള കല്ലേറില്‍ വേദനയനുഭവിക്കുന്ന ദൈവത്തിന്റെ നിലവിളിയാണ് നമ്മുടെ കവിയുടെ കാതിലും ഹൃദയത്തിലും വന്നു വീഴുന്നത്. വേദനകൊണ്ട് പിടയുന്ന കവി ദൈവദശകത്തിന്റെ മഹാ മൗനത്തില്‍ അലിഞ്ഞുചേര്‍ന്ന് ആനന്ദം കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: