ജിഎസ് കമ്പനിയുടെ നിയമവിരുദ്ധവും നിഗൂഢവും തെറ്റിദ്ധാരണാജനകവുമായ നീക്കങ്ങളെ അന്തിമമായി അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി ആറന്മുള വിമാനത്താവളവിരുദ്ധ സമിതിയുടെ ഉന്നതാധികാരയോഗം സുഗതകുമാരി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിക്കാനും അന്തിമമായ ഉറപ്പുനേടാനും തീരുമാനിച്ചുവല്ലൊ.
ആറന്മുള വിമാനത്താവളം വരുന്നതിനെതിരെ നടന്ന ദീര്‍ഘമായ സത്യഗ്രഹ സമരത്തിന് നേതൃത്വം നല്കിയ പൈതൃകഗ്രാമ സംരക്ഷണ സമിതിയുടെ രക്ഷാധികാരി കുമ്മനം രാജശേഖരനും ഭരണത്തിലും പ്രതിപക്ഷത്തുമുള്ള മിക്ക രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും പ്രസ്തുതയോഗത്തില്‍ പങ്കെടുത്തിരുന്നു.
സംഘത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാട് തികച്ചും ഭാവാത്മകവും സക്രിയവുമാണ്. ഭാരതത്തിലെയെന്നല്ല ലോകത്തെയാകെയെടുത്താലും ആറന്മുളയ്ക്കു തുല്യമായ സാംസ്കാരികപാരമ്പര്യമുള്ള മറ്റൊരു ഗ്രാമത്തെ കാണാനുണ്ടാവില്ല. വിശാലമായ പമ്പാനദിയും അതിന്റെ ഓരത്ത് തലയുയര്ത്തിനില്ക്കുന്ന പുരാതനവും അര്ജ്ജുനപ്രതിഷ്ഠിതമെന്നു വിശ്വസിക്കപ്പെടുന്ന പാര്‍ത്ഥസാരഥിക്ഷേത്രവും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും ജനപഥങ്ങളിലും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്കൃതികധാരയുടെ അനുഷ്ഠാനകലകളും അപൂര്‍വവും അത്ഭുതകരവുമായ കലാവൈദഗ്ദ്ധ്യത്തിന്റെ നിദര്‍ശനമായ ആറന്മുളക്കണ്ണാടിയും സര്‍വോപരി ആറന്മുള വള്ളംകളിയുമൊക്കെ ആ പാരമ്പര്യത്തില്‍പ്പെടുന്നു.
ക്രൈസ്തവ സമുദായത്തിന്റെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മ, മാരാമണ്‍ കണ്വെന്ഷന് നടക്കുന്നത് പമ്പാ മണപ്പുറത്ത് മറുകരയില്‍ ഒരു വിളിപ്പാടകലെ മാത്രമാണ്. സമ്പന്നമായ ഈ സാംസ്കാരിക പൈതൃകത്തിന് സാവധാനമരണം നല്കാന് ഇടവരുത്തുന്നതാണ് വിമാനത്താവളത്തിന്റെ സ്ഥാപനമെന്നത് തികഞ്ഞ യാഥാര്‍ത്ഥ്യമാകുന്നു.
വിവരിക്കാന്‍ കഴിയാത്ത സാംസ്കാരിക സര്‍വനാശത്തിലേക്ക് നയിക്കാന്‍ പോന്നതാണ് പണത്തിലും സാമ്പത്തികനേട്ടത്തിലും മാത്രം കണ്ണുനട്ടുള്ള വിമാനത്താവള സംരംഭം. ഇതിനെതിരെ സംസ്കാരബോധമുള്ള സകല വിഭാഗങ്ങളെയും അണിനിരത്തി പടപൊരുതുന്നതിനാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പൈതൃകഗ്രാമ സംരക്ഷണ സമിതി ഒരുമ്പെടുന്നത്. അദ്ദേഹത്തിന് സംഘപരിവാറിന്റെ സമ്പൂര്‍ണമായ പിന്തുണയുമുണ്ട്.
ജനതയുടെ പൊതുനന്മയ്ക്കും ക്ഷേമൈശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള ഏതു നടപടിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സമ്പൂര്‍ണമായ സഹകരണം നല്‍കുന്നത് ആദ്യമായിട്ടല്ല. എല്ലാക്കാലത്തും ഭാവാത്മകമായ സമീപനമാണ് സംഘം കൈക്കൊണ്ടിട്ടുള്ളത്. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് തൃശിവപേരൂര് ജില്ലയിലെ പാഞ്ഞാളില്‍ അതിരാത്രയാഗം നടന്നപ്പോള്‍ അതിന്റെ ഭാഗമായി ആടിനെ നവദ്വാരങ്ങളും അടച്ച് കൊന്ന് വപയെടുത്ത് ഹോമിക്കുന്ന ചടങ്ങിനെതിരെ ശക്തമായ നിലപാടെടുത്തത് കേസരി പത്രാധിപരായിരുന്ന എം.എ.കൃഷ്ണനും പ്രാന്തപ്രചാരക് ഭാസ്കര്റാവുജിയുമായിരുന്നു. അദ്ദേഹം അതിനെപ്പറ്റി പത്രപ്രസ്താവനയും നടത്തി.
യജ്ഞസംസ്കാരം വളര്‍ത്തിയെടുക്കേണ്ടത് ഇന്നത്തെ കാലത്ത് അഭികാമ്യമാണെങ്കിലും അതിന്റെ പേരില്‍ ക്രൂരമായ ജന്തുഹിംസ നടത്തുന്നതിനെ എതിര്‍ക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം. അമേരിക്കക്കാരനായ സ്റ്റാള്‍ എന്ന ഗവേഷകനായിരുന്നു യാഗത്തിനുവേണ്ട ധനം മുടക്കിയത്. അതിരാത്രത്തിന്റെ മുഴുവന്‍ ചടങ്ങുകളും റെക്കോഡ് ചെയ്തുവെക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. യുഎസ് കോണ്‍ഗ്രസ് ലൈബ്രറിയാണ് അത് ‘അഗ്നി’യെന്ന ഗ്രന്ഥമായി പ്രസിദ്ധീകരിച്ചത്.
പരമേശ്വര്‍ജിയും ഒ.രാജഗോപാലും പ്രസ്താവനകള്‍ ചെയ്തു. ഇത്തരം അവസരങ്ങള്‍ ജന്തുഹിംസ കൂടാതെ തന്നെ ഹോമം നടത്താന്‍ വ്യവസ്ഥയുണ്ടെന്ന ചില പണ്ഡിതവൈദികരുടെ അഭിപ്രായപ്രകാരം ചടങ്ങുകള്‍ നടത്തപ്പെട്ടു. ഹൈന്ദവ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും അതുപറഞ്ഞ് സംഘത്തെയും അവഹേളിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് എം.എ.സാറും ഭാസ്കര്‍ റാവുജിയും നിലപാടെടുത്തത്. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഒരുമ്പെട്ടിരുന്നവരെ അത് നിരാശപ്പെടുത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവന്ന ജാതിവിവേചനത്തിനെതിരെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സമരം നടത്തി വിജയിച്ചു. അവിടെ ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നെങ്കിലും ഊട്ടുപുരയില്‍ അബ്രാഹ്മണര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മുഴുവന്‍ ഹിന്ദുക്കള്‍ക്കും ഊട്ടുപുരയില്‍ ഭക്ഷണം കഴിക്കാന്‍ അവസരം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹരിജന്‍ നേതാവ് കല്ലറമ്പുകുമാരന്റെ നേതൃത്വം 1983 ഫെബ്രുവരിയില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രനടയില്‍നിന്നു പദയാത്ര ആരംഭിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള കനകാവസരമായി കരുതി ചില തല്പരകക്ഷികള് രംഗത്തുവരികയും ചെയ്തിരുന്നു.
അതിനുമുമ്പുതന്നെ ഈ പദയാത്രയ്ക്ക് വഴിനീളെ സ്വീകരണം, ഭക്ഷണം, താമസം മുതലായ കാര്യങ്ങള്‍ വിശാലഹിന്ദു സമ്മേളനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തണമെന്ന് മാധവ്ജിയും ഭാസ്കര്‍റാവുജിയും നിര്‍ദ്ദേശിക്കുകയും പ്രൊഫ. എം.പി.മന്മഥനും മറ്റു നേതാക്കന്മാരും മുന്നോട്ടുവന്നു, അത് ഗംഭീരമാക്കുകയും ചെയ്തു. ജാഥ വമ്പിച്ച ജനപിന്തുണയോടെ ഗുരുവായൂര്‍ എത്തിയപ്പോള്‍ അവരെ ടി.പി.വിനോദിനിയമ്മ, ഡോ.ആര്യാദേവി തുടങ്ങിയവരുടെ ഉത്സാഹത്തില്‍ ധാരാളം നമ്പൂതിരിമാരടക്കമുള്ളവര് സ്വാഗതം ചെയ്തു.
1983 ഫെ.13 ന്, ഊട്ടുപുര എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കപ്പെട്ടു. തുടക്കത്തില്‍ കല്ലറ സുകുമാരന്റെ സംരംഭത്തെ ആശങ്കയോടെ കണ്ട മുഖ്യമന്ത്രി കെ.കരുണാകരനാകട്ടെ, അതിന്റെ ജനപിന്തുണയും ജനകീയസ്വഭാവവും കണ്ട് ക്ഷേത്രഭാരവാഹികള്‍ക്ക് ഉചിതമായ നിര്‍ദ്ദേശം നല്കിയതും ശ്രദ്ധേയമാണ്. ഭക്ഷണം ആരംഭിച്ചശേഷമാണെങ്കിലും മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തി സുകുമാരനൊപ്പം ഭക്ഷണം കഴിച്ചു. ഇന്ന് ഗുരൂവായൂര്‍ ഊട്ടുപുരയില്‍ നിത്യവും ആയിരക്കണക്കിന് ആരാധകര്‍ പ്രസാദഊട്ട് കഴിച്ചു സംതൃപ്തരായി പോകുന്നു.
മാത്രമല്ല കേരളത്തിലെങ്ങും പ്രസാദഊട്ട് സമ്പ്രദായം നിലവില്‍ വരികയും ചെയ്തു.
ആറന്മുള വിമാനത്താവളക്കാര്യത്തില്‍ കരുണാകരന് ഗുരുവായൂരിലെടുത്തതിന് സമാനമായ നിര്‍ണയമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെടുത്തത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുകച്ചുപുറത്തു ചാടിച്ചതും മറ്റാരുമായിരുന്നില്ലല്ലൊ. അദ്ദേഹം വിമാനത്താവളക്കമ്പനിയില്‍ സര്‍ക്കാരിനെക്കൊണ്ട് പത്ത് ശതമാനം ഓഹരിയെടുപ്പിക്കുകയാണ് ചെയ്തത്.
നിലവിലുള്ള നിയമങ്ങളെയും കോടതിവിധികളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് വിശാലമായ പൈതൃകസമ്പത്തിനെ തകര്‍ത്ത്, ലക്ഷക്കണക്കിന് ഗ്രാമീണരുടെ ജീവതത്തിന് ശാശ്വതമായ ദുരിതം നല്‍കിയേ അടങ്ങൂ എന്ന് ശാഠ്യം പിടിക്കുന്ന കെജിഎസ് കമ്പനിക്കുവേണ്ടിയാണ് മുഖ്യമന്ത്രി ഇന്നും ബാറ്റ് ചെയ്യുന്നത്. സര്‍ക്കാര്‍കൂടി പങ്കാളിയായാല്‍ കമ്പനിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദിഷ്ടനിയമം മൂലം എളുപ്പം സാധ്യമാകുമെന്ന ലാക്കും കാണും.
വിമാനത്താവളത്തിന് അനുമതി നല്‍കില്ല എന്ന് അസന്ദിഗ്ദ്ധമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും അവലോകനസമിതിയും വ്യക്തമാക്കിയിട്ടും നരേന്ദ്രമോദിയെക്കൊണ്ട് കല്ലിടീക്കുമെന്ന് പരസ്യമായി പ്രസ്താവിക്കാനുള്ള ധാര്‍ഷ്ട്യം കമ്പനി മേധാവിക്കുണ്ട് എന്നത് വിസ്മയകരമാണ്. എല്ലാ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങളും സംഘപരിവാറും ഒറ്റക്കെട്ടായി നിന്നുപൊരുതുന്ന ആറന്മുള സമരം അന്യാദൃശവും വിജയപ്രദവുമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: