ഇരുപതു വര്‍ഷമായി ഹരിത എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ചു ശ്രദ്ധേയനാവുകയാണ് കവിയും എഴുത്തുകാരനുമായ നൂറനാട് മുതുകാട്ടുകര ഭാരതീയത്തില്‍ ശ്രീക്കുട്ടന്. 1994ല്‍ പ്രസിദ്ധീകരിച്ച ഹരിത ഇന്നും മുടങ്ങാതെ ഇറങ്ങുന്നു.
പുത്തന്‍ എഴുത്തുകാര്‍ക്ക് ആനുകാലികങ്ങളില്‍ ഇടം ലഭിക്കാതെ വന്നപ്പോഴാണ് ശ്രീക്കുട്ടനും സുഹൃത്തും അദ്ധ്യാപകനുമായ ആര്. സന്തോഷ്ബാബുവും കൂടി എഴുത്തുമാസിക ആരംഭിക്കുന്നത്. പ്രസിദ്ധീകരണം ആരംഭിച്ച് ഒന്നു രണ്ടു വര്‍ഷം കഴിയുമ്പോഴേക്കും നിലയ്ക്കുന്ന പതിവാണ് എഴുത്തുമാസികകള്ക്കുള്ളത്.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹരിത എഴുത്തുമാസിക. ഓരോ ലക്കവും വരയ്ക്കുന്നത് ഓരോ ചിത്രകാരന്മാരാണ്. കവിതകളും ലേഖനങ്ങളും കഥകളും കൊണ്ട് സമ്പുഷ്ടമാണ് ഹരിത. എഴുതിത്തുടങ്ങുന്നവര്‍ മുതല്‍ പ്രശസ്തരായവര്‍ വരെ ഹരിതയില്‍ എഴുതുന്നു. ഹാഷിം വരയ്ക്കുന്ന മമ്മാലി എന്ന കാര്‍ട്ടൂണാണ് ഹരിതയുടെ മുഖ്യആകര്‍ഷണം.
ആദ്യ ലക്കം ഒഴിച്ച് ബാക്കി എല്ലാ ലക്കവും തയ്യാറാക്കുന്നത് ശ്രീക്കുട്ടന് തന്നെയാണ്. ഓരോ ലക്കവും പുറത്തിറങ്ങിയതിനു ശേഷം അക്ഷരസ്നേഹികളായ ഒരു പറ്റം ആളുകളിലൂടെ കൈമാറി ഹരിത വായിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. ഹരിത നാട്ടില്‍ നിരവധി സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അഭിനന്ദിക്കുകയും നിരവധി പുരസ്കാരങ്ങള്‍ ഹരിതയെയും ശ്രീക്കുട്ടനെയും തേടി എത്തിയിട്ടുമുണ്ട്. ഒരിക്കലും അച്ചടിമഷി പുരളാതെ ഹരിത എഴുത്തുമാസികയായി തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് ശ്രീക്കുട്ടന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: