മൂവാറ്റുപുഴയാറിന്റെ തീരത്തുനിന്നും കൊട്ടിപ്പുറപ്പെട്ട രാമമംഗലത്തെ വാദ്യപാരമ്പര്യം പ്രശസ്തമാണ്്. ക്ഷേത്രകലകളെ ഇന്നുകാണുന്ന വിധത്തില്‍ പരിഷ്ക്കരിച്ചെടുക്കുന്നതിന് അവിടുത്തെ ആചാര്യന്മാര് അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ കാലത്തെ പ്രതാപിയായിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാര്‍ അടക്കമുള്ള പ്രതിഭാശാലികള്‍ വളര്‍ന്നുവന്ന ആ മണ്ണില്‍ എന്നും മഹാന്മാരുണ്ടായിട്ടുണ്ട്.
രാമമംഗലത്തെ പഞ്ചഗോവിന്ദന്മാര്‍ എന്ന അഞ്ച് വാദ്യവല്ലഭന്മാര് ചേര്‍ന്നുനിന്ന പഞ്ചാരിയായിരുന്നു ഒരുകാലത്ത് മധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ മതില്‍ക്കകങ്ങളില്‍ മുഴങ്ങിയിരുന്നത്. പിന്നീടാസ്ഥാനത്തുനിന്നും പഞ്ചവാദ്യത്തിന്റെ താളവട്ടങ്ങളിലേക്ക് പലരും നടമാറി. രാമമാരാര്‍, അപ്പുമാരാര്‍, തൃക്കാമ്പുറം, കരവട്ടേടത്ത് നാരായണന് തുടങ്ങി എണ്ണം പറഞ്ഞ പ്രശസ്തര്‍ അവിടെ വളര്‍ന്നുവന്നു. അങ്ങിനെ പഞ്ചാരിയ്ക്കും, പാണ്ടിക്കും ,തായമ്പകക്കും പുറമെ പഞ്ചവാദ്യത്തിനും മികച്ചവരും ഗുരുക്കന്ന്മാരും ഉയര്‍ന്നുവന്നു.
ഉത്സവത്തിന്റെ ഭാഗമായ പരിഷവാദ്യം എന്ന വാദ്യവിശേഷം രാമമംഗലത്തിന്റെ തനതുകലതന്നെയാണ്. പഞ്ചവാദ്യത്തില്‍ തിമിലയില്‍ പ്രയോഗിക്കുന്ന എണ്ണങ്ങള്‍ക്കപ്പുറം നില്ക്കുന്ന ഒന്നാണ് പരിഷവാദ്യം. പാരിഷദവാദ്യം എന്നാണ് ഇതിന്റെ പൂര്‍വ്വനാമം. ഉത്സവത്തിന്റെ ഭാഗമായ ഇടയ്ക്ക പ്രദക്ഷിണമാണ് പിന്നീട് വികാസം പ്രാപിച്ച് പഞ്ചവാദ്യമായിത്തീര്ന്നത്.
രാമമംഗലത്തിന്റെ ഒപ്പം സമീപ ഗ്രാമങ്ങളില്‍ നിന്നും ഒട്ടേറെ കലാകാരന്മാര് വളര്‍ന്നുവന്നു. അക്കൂട്ടത്തില്‍പ്പെടുന്ന മറ്റൂര്‍ വേണു ഇക്കാലത്തെ തിമിലനിരയിലെ നിറഞ്ഞതാരമാണ്. അച്ഛന് രാമമംഗലം കുഞ്ഞുക്കുട്ടമാരാരാണ് തിമിലയിലെ ഗുരു. ചോറ്റാനിക്കര നാരായണ മാരാര്‍ക്കൊപ്പം പഞ്ചവാദ്യത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ഒട്ടേറെവേദികളില്‍ ലയിച്ചുനിന്നതിന്റെ ഗുണവശത്തിലാണ് കലാനൈപുണ്യംനേടി മറ്റൂര്‍ വേണു അറിയപ്പെടാന്‍ തുടങ്ങിയത്. അന്നമനട,കുഴൂര്‍, രാമമംഗലം, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിലെ ഗുരുക്കന്മാര്ക്കൊപ്പം വേദികളില്‍ നിന്ന പാരമ്പര്യം വേണുവിനുണ്ട്.
പഞ്ചവാദ്യത്തില്‍ നിരവധി പ്രഗല്ഭര് ഇന്നുണ്ട്. എന്നാല്‍ നയിക്കുവാന്‍ പ്രാപ്തരായവര്‍ തുലോംകുറവുതന്നെയാണ്. മറ്റൂര്‍ വേണുവിന് നായകസ്ഥാനം വേണ്ടത്ര സിദ്ധിച്ചിട്ടുണ്ട്. അതിന്നാല്‍ത്തന്നെ ധാരാളം ശിഷ്യന്മാര് അദ്ദേഹത്തിനുണ്ട്. മികച്ച പഞ്ചവാദ്യം നടക്കുന്നിടങ്ങളില്‍ മറ്റൂര്‍ വേണു അനിവാര്യഘടകം തന്നെയാണ്. സ്കൂള്‍ യുവജനോത്സവത്തില്‍ കുട്ടികളെ പഞ്ചവാദ്യത്തിന് പാകപ്പെടുത്തിയെടുക്കുവാന്‍ പ്രത്യേക വശ്യതയുണ്ട് മറ്റൂരിന്.
മക്കളും ഈ രംഗത്ത് മികവുതെളിയിച്ചുവരുന്നുണ്ട് എന്നതും അഭിമാനിക്കാന്‍ വകയുണ്ട്.
കലോപാസകന് എന്ന അംഗീകാരത്താലും വശ്യമാര്‍ന്ന പെരുമാറ്റത്താലും മറ്റൂര്‍ വേണുവിനെ കനക കങ്കണം അണിയിച്ച് ആദരിക്കുവാന്‍ കലാസ്വാദകരും, ശിഷ്യരും തീരുമാനിച്ചു. കാലടിക്കടുത്ത് മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ‘സോപാനം’ കങ്കണ പ്രദാന മഹോത്സവത്തില്‍ വച്ച് കാവാലം നാരായണപണിക്കരാണ് മറ്റൂര്‍ വേണുവിനെ ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: