കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണം എന്നല്ലോ ചൊല്ല്. എന്തായാലും നമ്മുടെ അമ്മതായ് നില്ക്കാന് നന്നായി പഠിച്ചിരിക്കുന്നു. ഇക്കാണായ സമ്പാദ്യമൊക്കെ തട്ടിക്കൂട്ടിയെന്ന് കേമന്മാര് ആര്‍ത്തുവിളിച്ച് പറഞ്ഞിട്ടും കാര്യമുണ്ടായോ? നാട്ടുമ്പുറത്തെ സാധാരണക്കാരനായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നൊരു ചോദ്യം സകലമാന കാലികവട്ടം വായനക്കാര്‍ക്കും തെന്നിത്തെറിച്ചുവരുന്നില്ലേ? അതെന്തുകൊണ്ടാണ്? തേരാപാരാ നടക്കുന്നവന് ലോട്ടറിയടിക്കാതെ ധൂര്‍ത്തടിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കുമറിയാം.
പണിയെടുക്കുന്നവന്റെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നതുപോലെ നികുതിയിനത്തില്‍ ചൂണ്ടിയെടുക്കുന്ന പണം നമ്മുടെ പൊതുകാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ആവട്ടെ, നല്ലതു തന്നെ. നമ്മുടെ ഈ ദേശത്ത് നന്നായിക്കഴിയാന് നമുക്കു വേണ്ടത് ഭരണകൂടം ശരിപ്പെടുത്തിയെടുക്കാന്‍ കാശ് കുറേ പോവും. അതുകൊണ്ട് നമുക്കായത് നമുക്ക് കൊടുക്കാം എന്ന് സമാധാനിക്കുക. എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കില്‍ നമുക്കില്ലാ പ്രശ്നമെന്നും.
എന്നാല്‍ സ്ഥിതിഗതികള്‍ അങ്ങനെയല്ല. ഭരണത്തിലെത്തിയവര്‍ക്ക് എന്തും ചെയ്യാം എന്ന നില വന്നിരിക്കുന്നു. ജോലിയും കൂലിയുമില്ലാത്തവര്‍ ഭരണത്തിലേറി താമസംവിനാ ലക്ഷങ്ങളും കോടികളുമാണ് വാരിക്കൂട്ടുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു എന്നാണറിയാത്തത്. നേരെ ചൊവ്വെ ഒരു പണിയും ചെയ്യാതെ കോടികള്‍ വരുമാനമുണ്ടാക്കുന്ന മാര്ജാരപാതയ്ക്കുള്ള പേരാണോ രാഷ്ട്രീയം. ഇവിടെ അമ്മതായ് വെളിപ്പെടുത്തിയ പണത്തെക്കുറിച്ചുള്ള സംശയമാണ് ആരോപണമായും പിന്നീട് കേസായും നീങ്ങിയത്. ഇത്രയും വരുമാനമുണ്ടാക്കാന്‍ അമ്മതായ് എന്തു ചെയ്തു? കമ്മീഷന്, സംഭാവന, സ്നേഹസമ്മാനം തുടങ്ങിയ മനോഹരമായ പേരുകളില്‍ സ്വന്തം പേരില്‍ വാരിക്കൂട്ടിയത് എന്തൊക്കെയെന്നത് ഇന്നും അജ്ഞാതമാണ്.
ജ്ഞാതമായതിനെക്കുറിച്ചാണ് സംശയവും കേസുകൂട്ടവും ഉണ്ടായത്. വിചാരണക്കോടതി തടവും വലിയ സംഖ്യപിഴയും വിധിച്ച് സമൂഹത്തിന് നല്ലൊരു സന്ദേശം കൊടുത്തു. ആയതിന്റെ പേരില്‍ ജനങ്ങള്‍ക്ക് വിവരിക്കാനാവാത്ത കഷ്ടനഷ്ടമുണ്ടായി. ഒട്ടുവളരെ പേര്‍ക്ക് ജീവന് തന്നെ പോയി. ക്രമസമാധാനപ്രശ്നം, സംസ്ഥാനങ്ങള്‍ തമ്മിലും അവിടുത്തെ ജനങ്ങള്‍ തമ്മിലും വിദ്വേഷവും മറ്റും വേറെ. ഇക്കാണായ ദുരിതമൊന്നും ഇനി വേണ്ടെന്ന് മേല്‍ക്കോടതി കരുതിയോ? എന്തായാലും അമ്മതായ സുഖമായി തന്റെ കൊട്ടാരത്തിലേക്ക് നടന്നു നീങ്ങിയിരിക്കുന്നു. പൂര്‍വാധികം ശക്തിയോടെ അവര്‍ തിരിച്ചു വന്നിരിക്കുന്നു എന്നു സാരം.
രണ്ടു തരത്തിലുള്ള നീതിയാണെന്നും പണത്തിന്റെ മുകളില്‍ ഏതോ പക്ഷി പറക്കില്ലെന്നു പറഞ്ഞതുപോലെയാണെന്നും മറ്റുമുള്ള വാദഗതികള്‍ വേറെ. തെളിവെവിടെ എന്നാണ് കോടതി ചോദിച്ചത്. ആരോപണം ആര്‍ക്കും ഉന്നയിക്കാം. സമൂഹത്തിന്റെ മുമ്പില്‍ നാണം കെടുത്താം. എന്നാല്‍ കോടതിക്കു വേണ്ടത് ന്യായയുക്തമായ തെളിവാണ്. അതിന്റെ അഭാവത്തില്‍ ന്യായാധിപന് ഒരാളെ ശിക്ഷിക്കാന്‍ കഴിയില്ല. ഇവിടെ ആദ്യത്തെ വിചാരണക്കോടതിയിലെ ന്യായാധിപന് തെറ്റുപറ്റിയോ എന്ന ചോദ്യം സ്വാഭാവികം. അവിടെയാണ് വ്യക്തിയധിഷ്ഠിതനീതിയും നിയമാധിഷ്ഠിത നീതിയും പരസ്പരം നോക്കിനില്ക്കുന്നത്.
പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളെ ഭരണത്തിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നതിന് അതിന്റേതായ പ്രതിഫലം കിട്ടുന്നുണ്ട്. കാര്യം പൊതുജന സേവനമാണെങ്കിലും ദുഡ്ഡില്ലാതെ ഒന്നും നടക്കില്ല. അതിനുപുറമെ വാരിക്കൂട്ടുന്നതിനെ സംബന്ധിച്ച് വ്യക്തമായ നിയമമില്ലെങ്കില്‍ അമ്മതായ്മാര് ഇനിയും തടിച്ചുവീര്‍ക്കും. നിയമനിര്‍മ്മാണം നടത്തേണ്ടവര്‍ക്ക് ഗാന്ധിജിയുടെ മനസ്സില്ലെങ്കില്‍ പിന്നെ പ്രയോജനമില്ലെന്നുകൂടി ഓര്‍ത്തുവെക്കുക. ജേപി രാഷ്ട്രീയത്തില്‍ നിന്ന് ജെസിബി രാഷ്ട്രീയത്തിലേക്കുള്ള പതനമാണ് ഇത്തരം ദുര്യോഗങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് കേരളത്തിലെ പ്രശസ്ത അഭിഭാഷകനും ബിജെപി നേതാവുമായ ഗ്രന്ഥകാരന് പലപ്പോഴും തന്റെ എഴുത്തില്‍ ചൂണ്ടിക്കാട്ടിയത് ഓര്‍ത്തുപോവുകയാണ് നമുക്ക് വേണ്ടത് ജേപിയോട് അടുത്തുനില്ക്കുന്ന രാഷ്ട്രീയമാണ്.
അത് ജെസിബിയിലാണിപ്പോഴുള്ളതെന്ന് മനസ്സിലാവുമ്പോള്‍ സ്വയം ലജ്ജിതരായി ഇരുന്നിട്ട് കാര്യമൊന്നുമില്ല. അവസാന തുള്ളി ചോര വരെ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുക്കണം. അതിനുള്ള ഏറ്റവും പറ്റിയ സമയം ഇതു തന്നെ. സാധാരണക്കാര്‍ ഈ വിധിയെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ലളിതവും രസകരവുമായി മാതൃഭൂമി നഗരം (കോഴിക്കോട്) പേജില്‍ രജീന്ദ്രകുമാറിന്റെ കാര്‍ട്ടൂണ്‍; ശക്തമായ സന്ദേശം.
കക്കാനും നില്‍ക്കാനും പഠിച്ചവനാണ് നമ്മുടെ തൃശൂര്‍ റേഞ്ച് ഐജി എന്ന് വ്യക്തം. ടിയാന് കോപ്പിയടിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍റെഡ്ഢി കണ്ടെത്തിയ കാര്യങ്ങള്‍ രസാവഹമാണ്. കോപ്പിയടിക്ക് ഉപയോഗിച്ചു എന്ന് ആരോപണമുള്ള തുണ്ടു കടലാസ് കണ്ടെത്തിയില്ല. ച്ചാല്‍ അങ്ങനൊന്ന് ഇല്ലെന്ന്! മറ്റൊന്ന് കോപ്പിയടിച്ചിരുന്നെങ്കില്‍ ഉത്തരം ഇങ്ങനെ വിഡ്ഢിത്തം നിറഞ്ഞതാവുമായിരുന്നില്ല! ഹായ് എന്തൊരദ്ഭുതം.
ഒരു കാര്യം ഒന്ന് നന്നായി നോക്കി എഴുതാന്‍ പോലും പറ്റാത്ത ലവനാണോ ഐജിയായി നമുക്കു മുമ്പില്‍ ഇങ്ങനെ പരിലസിക്കുന്നത്? മൂപ്പര്‍ക്ക് പുസ്തകം അങ്ങനെ തന്നെ കൊടുത്താല്‍ കൂടി എഴുതാന്‍ കഴിയുമായിരുന്നില്ല. ഉത്തരഭാഗം പുസ്തകത്തില്‍ എവിടെയുണ്ടെന്ന് അറിയുന്നവനല്ലേ ആ ഭാഗം നോക്കിയെഴുതാനാവൂ. ഏതായാലും കേരളാ പോലീസ് രക്ഷപ്പെട്ടു. അവര്‍ക്ക് മാനക്കേടുണ്ടാക്കിയെന്ന് നേരത്തെ ആഭ്യന്തരമന്ത്രി പറഞ്ഞത് തിരിച്ചെടുക്കേണ്ടിവരും. കൊണ്ടുപോയ് പണിയെടുപ്പിച്ചതും നീയേ ചാപ്പാ, കൊണ്ടുപോയ് കൊല്ലിച്ചതും നീ തന്നെ ചാപ്പാ എന്നൊരു വടക്കന്‍ പാട്ടുണ്ട്. തല്ക്കാലം നമുക്കതോര്ക്കാം. ഒരു പോലീസുദ്യോഗസ്ഥന് മുഖം വികൃതമാക്കിയെങ്കില്‍ മറ്റൊരു വിദ്വാന് ലാക്ടോ കലാമൈന്‍, ഫെയര്‍നെസ് ക്രീം തുടങ്ങിയവയൊക്കെ പുരട്ടി സുന്ദരമാക്കുന്നു!
സായുധവിപ്ലവത്തിന്റെ സാധ്യതകള്‍ തുലോം പരിമിതമായെന്ന തിരിച്ചറിവ് മനുഷ്യത്വത്തിലേക്ക് മടങ്ങാന്‍ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചു. അതു മുഴുവനുമായോ എന്ന സംശയം അവിടെ നില്ക്കട്ടെ. എങ്കിലും അങ്ങിങ്ങായി ചില പൊട്ടാസുകള് ഇപ്പോഴും പൊട്ടുന്നുണ്ട്. അത്തരമൊന്ന് നമ്മുടെ കാനം സഖാവിന്റെ വക കൊച്ചിയില്‍ നിന്ന്. ഇതാ നാലുവരി, കണ്ടാലും: അറസ്റ്റിലായ മാവോയിസ്റ്റുകളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണം.
ആദിവാസി വനമേഖലകളിലെ പ്രത്യേക സാഹചര്യങ്ങളും പിന്നാക്കാവസ്ഥയും മൂലമാണു പ്രശ്നങ്ങളുണ്ടാകുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗം സാധാരണ ജനങ്ങള്‍ക്കായി ചെലവഴിച്ചാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും. ആദിവാസികള്‍ക്കു മരുന്നും സൗകര്യങ്ങളും നല്കിയാല് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് ഇടം കിട്ടില്ല. മൂപ്പരുടെ സ്വന്തം നേതാവ് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണല്ലോ മേല്‍ സൂചിത വിദ്വാന്മാര്‍ക്കെതിരെ ടമാര്‍പഠാര്‍ ഉണ്ടായത്. അപ്പോ ഗുരുവോ ശിഷ്യനോ ആരാണ് ശരിപ്പാതയില്, നടുപ്പാതയില്‍, നടപ്പാതയില്‍, നാലും കൂടിയ വഴിയില്‍?
വചനം
ഇമാമൂനൂ കവിത മസ്യമായാംമഹീം
ദേവസ്യ നകിരാദധര്ഷ
ഏകംയദുദ്നാ നപൃണന്ത്യേ
നീരാസിഞ്ചന്തീരവനയഃസമുദ്രമ്
(ഋഗ്വേദം 5.85.6)
നാലു ഭാഗത്തുനിന്നും നദികള്‍ നിരന്തരം ഒഴുകിയെത്തിയിട്ടും ഈ സമുദ്രം നിറഞ്ഞുകവിയാതെ നിലനില്ക്കുന്നതു നോക്കൂ. ജഗദുല്പാദകനായ പരമേശ്വരന്റെ വിചിത്രമായ ഈ കവിതയെ ആര്‍ക്ക് തിരുത്തുവാന്‍ സാധിക്കും?
ആചാര്യശ്രീ എം.ആര്. രാജേഷ്
വാട്സ് ആപ്പ് വഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: