പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും മാത്രമല്ല ഇങ്ങ് കേരളക്കരയിലും ചോളപ്പൂക്കള്‍ വിരിയും. അതും രണ്ട് കുരുന്നുകളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നിലാണെന്നറിയുമ്പോഴാണ് ചോളപ്പൂവിന് ഭംഗി കൂടുക. ചീരയും കാബേജും കോളിഫഌവറും എല്ലാം കൃഷിചെയ്തപ്പോള്‍ തോന്നി, എന്നാല്‍ ചോളം കൂടി കൃഷി ചെയ്തുനോക്കാം, വിജയിച്ചാലോയെന്ന്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിലാണ് അഞ്ജനയും അഞ്ജലിയു ചോളം കൃഷി ചെയ്തത്.
ആലുവയ്ക്കടുത്ത് കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഏലൂക്കരയിലുളള 13-ാം വാര്‍ഡിലെ മണലോടി വീട്ടില്‍ എന്‍. കെ. ബാബുവിന്റെ മക്കളാണ് ചോളം കൃഷി ചെയ്ത് 100 ശതമാനം വിജയം കൈവരിച്ച അഞ്ജനയും അഞ്ജലിയും.
കൃഷിയില്‍ അച്ഛന്റെ പാതതന്നെയാണ് മക്കളും പിന്തുടരുന്നത്. വളരെ ചെറുപ്പത്തിലെ കൃഷിയിലേക്ക് തിരിഞ്ഞയാളാണ് ബാബു. അച്ഛന് മുത്തുകറുമ്പന്റെ പാതയാണ് ബാബു പിന്തുടര്ന്നത്. എന്നാല്‍ കൊച്ചുമക്കളും മുത്തച്ഛന്റെ വഴി പഠനത്തിനിടയിലും തിരഞ്ഞെടുത്തതില്‍ സന്തോഷമേയുള്ളുവെന്ന് ബാബു.
ചീര, കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, കോളിഫഌവര്‍, തക്കാളി എന്നീ കൃഷികളിലും ഇതിനോടകം വിജയം നേടിക്കഴിഞ്ഞു ഈ കുരുന്നുകള്‍. അഞ്ജന ബാബു സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ എട്ടാം ക്ലാസിലും അഞ്ജലി ബാബു ഇതേ സ്കൂളില്‍ മൂന്നാം ക്ലാസിലും പഠിക്കുന്നു. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഈ കുരുന്നുകള്‍ക്ക് ചിങ്ങം ഒന്നിന് കര്‍ഷക അവാര്‍ഡ് ലഭിച്ചിരുന്നു. ആറേക്കര്‍ കൃഷിത്തോട്ടമാണ് ബാബുവിന. ഈ കൃഷിയിടത്തിലാണ് പലവിധ കൃഷികള്‍ ഇപ്പോള്‍ ചെയ്യുന്നത്.
വാഴ, കപ്പ, ചീര, പയര്‍, വെണ്ട, നെല്ല് തുടങ്ങിയ പലവിധ കൃഷികളാണ് വിളവെടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്നത്. പൂര്‍ണ്ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കീടനാശിനികള്‍ ഉപയോഗിക്കാറില്ല. അമ്മ അജിതയും മക്കളെ കൃഷിയില്‍ സഹായിക്കുന്നു. വാര്‍ഡ് മെമ്പര്‍ കബീറും കടുങ്ങല്ലൂര്‍ കൃഷി ഓഫീസര്‍ കെ. പി. വത്സലയും കൃഷിയില്‍ സഹായിക്കുന്നതായി ബാബു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: