കൊട്ടാരക്കര: മുഖ്യമന്ത്രി പോകുന്നതിന് തൊട്ട് മുന്‍പ് എം.സി റോഡില്‍ പുലമണ്‍ ജംഗ്ഷനു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് ഗ്യാസ് ലൈറ്റര്‍ തന്നെയെന്ന് പോലീസ് സ്ഥിരികരിച്ചു. ആരോ വേസ്റ്റ് കൂനയില്‍ ഉപേക്ഷിച്ചിരുന്ന ഗ്യാസ് ലെറ്റര്‍ റോഡിന് സമീപം വേസ്റ്റ് കത്തിച്ചിരുന്ന സ്ഥലത്തേക്ക് ഇടുകയായിരുന്നു. ഇതാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കല്‍ കിഴക്ക് മണ്ണറ കാരാളിയില്‍ വീട്ടില്‍ വാവ എന്നു വിളിക്കുന്ന മോഹന്‍ ലാലിനെ പോലീസ് പിടികൂടിയിരുന്നു. മാനസികാസ്വസ്ഥതയുള്ള ഇയാളെ കൂടുതല്‍ ചികിത്സക്കായി തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്.
കൊട്ടാരക്കര ടൗണില്‍ അലഞ്ഞുനടക്കുന്ന മോഹന്‍ലാല്‍ ആക്രി സാധനങ്ങള്‍ പറക്കുന്ന ആളാണ്. ഇയാള്‍ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ സിലിണ്ടറാണെന്ന് പ്രഥമിക നിഗമനമെങ്കിലും സ്ഫോടനത്തെത്തുടര്‍ന്ന് സമീപത്തുനിന്നും കണ്ടെടുത്ത ലോഹക്കമ്പി, ഇരുമ്പുചീളുകള്‍ എന്നിവയുടെ ശാസ്ത്രീയപരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ സംഭവത്തെക്കുറിച്ചുള്ള വ്യക്തത അറിയുവാന്‍ കഴിയൂ.
ഇയാള്‍ കൈയിലുള്ള സാധനം വലിച്ചെറിഞ്ഞ് അല്പം കഴിഞ്ഞാണ് സ്ഫോടനം ഉണ്ടായതെന്നും സമീപത്തെ കടക്കാര് പറഞ്ഞിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടെങ്കിലും ഇയാള്‍ അക്രമസ്വഭാവമുള്ള ആളല്ലെന്ന് പോലീസ് പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ മുഖ്യമന്ത്രി പോകുന്നതിന് തൊട്ട് മുന്‍പ് നടന്ന സ്ഫോടനം പോലീസിനെ കുഴക്കിയിരുന്നു. പ്രത്യേകിച്ചും മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരീക്ഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: