കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് പരാതിയുമായി നിക്ഷേപകര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും എത്തി. വിവിധ സമരങ്ങള്‍ ചെയ്ത വലഞ്ഞവര്‍ സര്‍ക്കാരിന്റ ഉറപ്പില്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ വേണ്ട നടപടി ആവശ്യപ്പെട്ടാണ് കൊല്ലത്തെ ജനസമ്പര്‍ക്ക വേദിയിലെത്തിയത്.
ബാങ്കില്‍ പന്ത്രണ്ട് കോടിയിലധികം രുപയുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടും നഷ്ടപ്പെട്ട തുക പിരിച്ചെടുക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.
ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമുയരുന്നുണ്ടെങ്കിലും സര്‍ക്കാരോ സഹകരണ വകുപ്പോ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല സമരത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. വലിയ തുകകള്‍ തിരിച്ചടയ്ക്കാനുള്ളവരില് ഒരാള്‍ക്കെതിരെപോലും ജപ്തി നടപടിയുണ്ടാകാത്തതും ഇതിന് ഉത്തരവാദികളായ ഭരണസമിതിയിലെ ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതും കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റ ഭാഗമാണെന്നാണ് ആരോപണം.
കൊട്ടാരക്കര സിഐ ആയിരുന്ന അനില്‍കുമാര്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നെങ്കിലും അറസ്റ്റ് തടഞ്ഞ നേതാവ് തന്നെ ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് സമരവുമായി രംഗത്തിറങ്ങി നിക്ഷേപകരെ കബളിപ്പിക്കുകയാണ്. മുന്‍സെക്രട്ടറിയെ അന്ന് സിഐ അറസ്റ്റ് ചെയ്തതോടെയാണ് നേതാവ് രംഗത്തെത്തിയത്. ഇവരെല്ലാം ഇടതുപക്ഷത്തിന്റ അറിയപെടുന്ന നേതാക്കളും ആണ്. രാഷ്ട്രീയനേതാക്കളും സമൂഹത്തിലെ പ്രധാനികളുമായവരാണ് ബാങ്കിലെ പണത്തില്‍ ഭൂരിഭാഗവും അപഹരിച്ചത്. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ സമ്പാദ്യവും.
നിലവിലെ ഭരണസമിതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വൈകിച്ചതിന് കൊട്ടാരക്കര സഹകരണ അസി.രജിസ്ട്രാര്‍(ജനറല്‍) സാക്കീര്‍ ഹുസൈനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. വര്‍ഷങ്ങളായി ഇവിടെ നടന്ന തട്ടിപ്പിനെ പറ്റി ആഡിറ്റിന് എത്തുന്നവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇന്നുവരെ ഇവര്‍ക്കെതിരെ യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നത് നാലുവര്‍ഷമായി സഹകരണ വകൂപ്പ് ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്മ ചൂണ്ടിക്കാണിക്കുന്നതാണ്.
നിക്ഷേപസമാഹരണകാലത്ത് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നല്കിയ വാക്ക് കേട്ട് പണം നിക്ഷേപിച്ച ഇവരോട് ഇപ്പോള്‍ സഹകരണ മന്ത്രിയും, ജില്ലാബാങ്ക് പ്രസിഡന്റും പറയുന്നത് സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപത്തിന് ഗ്യാരണ്ടി നല്കാന് കഴിയില്ലന്നാണ്. മറ്റ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചുകൂടായിരുന്നോ എന്നുമാണ് ഇവര്‍ ചോദിച്ചത്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ നിക്ഷേപസമാഹരണ കാലത്ത് എല്ലാ സഹകരണബാങ്കുകള്‍ക്ക് മുന്നിലും തങ്ങളുടെ അനുഭവം വിവരിച്ച് സമരം ചെയ്യാനാണ് ഇവര്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: