ആലപ്പുഴ: കേരള വേലന്മഹാജനസഭയുടെ സുവര്‍ണജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായ മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കാതിരുന്നതില്‍ വ്യാപക പ്രതിഷേധം. സമ്മേളനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ചെന്നിത്തലയ്ക്കെതിരെ മുദ്രാവാക്യം വിളികളുമായി റോഡിലിറങ്ങി. സമ്മേളനത്തില്‍ ഉറപ്പായി എത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നതാണെന്നും ഇതിന് മുമ്പും ചെന്നിത്തല ഇതേരീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. യുഡിഎഫിലെ മറ്റു മന്ത്രിമാരും പലതവണ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുള്ളതായി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
മെയ് ഒമ്പതിന് വൈകിട്ട് പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഉദ്ഘാടകനെത്തില്ലെന്ന വിവരമറിയുന്നത്. പ്രവര്‍ത്തകരുടെ പ്രതിഷേധം പലപ്പോഴും അതിരുവിട്ടു. പിന്നോക്ക സമുദായങ്ങളോട് യുഡിഎഫ് മന്ത്രിമാര്‍ അവഗണന കാട്ടുകയാണെന്ന് അവര്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. അവാര്ഡുദാനത്തിനെത്തിയ കെ.സി. വേണുഗോപാല്‍ എംപിയാണ് ഒടുവില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ചെന്നിത്തലയ്ക്ക് അത്യാവശ്യമായി മറ്റൊരു സ്ഥലത്ത് പോകേണ്ടി വന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.
പിന്നീട് ചെന്നിത്തലയുടെ പ്രസംഗം യോഗത്തില്‍ വായിച്ചു. ജി. സുധാകരന് എംഎല്‍എയും സമ്മേളനത്തില്‍ പങ്കെടുത്തില്ല. കെ. അജിത് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, അഡ്വ. കെ.എ. ബാലന്, കെ. ഗോപിക്കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: