സ്വന്തം നിലയ്ക്ക് അവനവനെത്തന്നെ ഏറ്റവും നന്നായി സ്നേഹിച്ച ഒരു കുട്ടിയായിരുന്നു കുഞ്ഞുണ്ണിമാഷ്. അതുപോലെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുട്ടികളും തങ്ങളില്‍ ഒരുവനായി കുഞ്ഞുണ്ണിമാഷിനെ നന്നായി സ്നേഹിച്ചു. ഈ മണ്ണില്‍ മറ്റൊരു കവിതക്കാരനും മറ്റൊരു ഗുരുനാഥനും നാളിതുവരെ കരഗതമാകാത്ത അപൂര്‍വ്വമായൊരു ബഹുമതിയത്രേ ഇത്. വലുതായപ്പോഴും അദ്ദേഹം കുട്ടിയായിരുന്നു. മരിക്കുമ്പോഴും കുട്ടിയായിരുന്നു. എന്തായാലും
കുഞ്ഞുണ്ണി എന്ന് അദ്ദേഹത്തിനു പേരുവിളിച്ചവരെ സമ്മതിക്കണം. അവരും ‘ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍’ തന്നെ!
കുഞ്ഞുണ്ണിമാഷുടെ ഭൗതികജീവിതമോ അതോ മരണാനന്തരജീവിതമോ കൂടുതല്‍ സാര്‍ത്ഥകം? താരതമ്യം ചെയ്യേണ്ട ഒരു വിഷയമാണ്.
‘ജീവിച്ചിടുന്നു മൃതിയില്ച്ചിലര്
ചത്തുകൊണ്ടു-
ജീവിക്കയാണുപലര്;
മൃത്യുവില്‍ ഞാന്‍ മരിക്കാ…….’
– അതേ. മരണത്തില്‍ മരിക്കാത്ത ഒരാള്‍ എന്നല്ല, മരണാനന്തരം കൂടുതല്‍ സജീവമായ പ്രസക്തിയോടെ വര്‍ത്തിക്കുന്ന ഒരാള്‍.
അവതാരംകൊണ്ടു ഭഗവാനായാലും അകക്കണ്ണുതുറപ്പിക്കാന്‍ ഒരു ഗുരുവേണം. അങ്ങനെയാണ് മാഷ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കുട്ടികളുടെ ഗുരുവായത് – ബാലഗോകുലത്തിന്റെ സാന്ദീപനിയായത്. എത്രയെത്ര കൃഷ്ണജന്മങ്ങളാണ് ആ ഋഷിസന്നിഭന്റെ കയ്യിലൂടെ കടന്നുപോയത്! എണ്ണിയാല്‍ത്തീരാത്ത എത്രയെത്ര സുമനസ്സുകളാണ് ഭക്ത്യാദരപുരസ്സരം ഇന്നും കുഞ്ഞുണ്ണിമാഷിന്റെ ഒപ്പം നില്‍ക്കുന്നത്!
കന്യാകുമാരിയിലെ എഴുത്തുകാരന് കുട്ടിയെയും കാസര്‍കോഡിലെ എഴുത്തുകാരന് കുട്ടിയെയും മാതൃഭൂമിയുടെ ബാലപംക്തിയിലൂടെ കൈപിടിച്ചുവളര്ത്തിയിട്ടുണ്ട് കുഞ്ഞുണ്ണിമാഷ്. എഴുത്തുകാരുടെ ഒരു തലമുറതന്നെ അങ്ങനെ ഉണ്ടായി.
ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള സാഹിത്യ അക്കാദമിയുടെ ഒരു ചടങ്ങില്‍ പരേതനായ ജസ്റ്റിസ് പി. സുബ്രഹ്മണ്യന്‍പോറ്റി ചെയ്ത ഒരു പ്രസംഗഭാഗം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹം പറഞ്ഞു: പണ്ട് തീവ്രജീവിതാനുഭവങ്ങള് കണ്ടും കേട്ടും അനുഭവിച്ചും സ്വാംശീകരിച്ച പ്രതിഭയുള്ള സാഹിത്യകാരന്മാര് നമുക്കുണ്ടായിരുന്നു. അവരില്‍ നിന്നു ലഭിച്ചതൊക്കെ കനപ്പെട്ട സാഹിത്യകൃതികളുമായിരുന്നു. അതെല്ലാം ക്ഷമയോടെ, ശ്രദ്ധയോടെ ആര്‍ത്തിയോടെ ആസ്വദിച്ചുള്ക്കൊള്ളുന്ന ഒന്നാന്തരം ആസ്വാദകന്മാരും നമുക്കുണ്ടായിരുന്നു. സാഹിത്യം ജീവിതത്തിന്റെ തനതുമൂല്യം തന്നെയായിരുന്നു.
ഇന്നോ? നമുക്കു സാഹിത്യകാരന്മാരില്ല. അവരുടെ സ്ഥാനത്ത് നമുക്കുള്ളത് എഴുത്തുകാരാണ്. ഇന്നു നമുക്ക് ആസ്വാദകന്മാരില്ല. അവരുടെ സ്ഥാനത്തുള്ളത് വായനക്കാര്മാത്രം. അങ്ങനെ സാഹിത്യകാരന്മാരും ആസ്വാദകന്മാരുമടങ്ങുന്ന ധന്യമായ ഒരു ഹൃദയപാരസ്പര്യത്തില്നിന്ന് നമ്മുടെ സാഹിത്യം ‘എഴുത്തുകാരും വായനക്കാരു’മടങ്ങുന്ന ഒരു നിസ്സാരതയിലേയ്ക്കു താണടിഞ്ഞു.
എവിടെനിന്നാണ് ഈ ഒരു അപചയം തുടങ്ങുന്നത്? സംശയമില്ല. നമുക്കു നമ്മളെത്തന്നെ കോഴികൂവുന്നതിനുമുമ്പ് മൂന്നുവട്ടമെങ്കിലും തള്ളിപ്പറയണം എന്നു തോന്നിയതുമുതല്‍ ഈ അപഭ്രംശം തുടങ്ങുകയായിരുന്നു. നമ്മുടേതായ എല്ലാം മോശം. നിസ്സാരം. അര്‍ത്ഥശൂന്യം. പ്രാകൃതം. ലജ്ജാവഹം. നിഷിദ്ധം.
പകരം, വന്നുകയറിയതെല്ലാം മനോജ്ഞം, മഹിതം, മാതൃകാപരം, അനിഷേദ്ധ്യം, നിത്യനൂതനം. സ്വയംവരിച്ച ഭ്രാന്തമായ ഈ അടിമത്തമാണ് നമ്മുടെ വേരറുത്തത്. വന്നുകയറിയവര് വിദഗ്ദ്ധവും ആസൂത്രിതവുമായി അതു ചെയ്തു. നാം നിസ്സംഗരായി, നിര്‍മ്മമരായി നിന്നുകൊടുത്തു. ഫലമോ? നമ്മുടേതായ ഭാഷപോയി. സംസ്കാരം ദുഷിച്ചു. ഐക്യം മരിച്ചു. ഭിന്നത ഭരിച്ചു. സ്വന്തം വീടിന്റെ വാതിലിളക്കി വരത്തുകാരനു ഗോപുരം പണിയാന്‍ കൊടുത്തിട്ട് അരക്ഷിതമായ സ്വന്തം തറവാട്ടിനുമുന്നില് കാവലിരുന്നു കാവലിരുന്ന് നമ്മള് നായാട്ടുകാരായി. നമ്മുടെ മണ്ണും മനസ്സും അന്യംനിന്നു. ഈ മഹാദുരന്തം നിസ്സാരമായ നാലുവരികളിലൂടെ അസ്ത്രമൂര്‍ച്ചയോടെ ആവാഹിച്ച് നമ്മുടെ നെഞ്ചത്തേയ്ക്കുതന്നെ എയ്യുവാന്‍ കുഞ്ഞുണ്ണിമാഷിനു മാത്രമേ കഴിഞ്ഞുള്ളൂ. ആ വരികള്‍ ഇതാണ്.
‘ജനിക്കും നിമിഷം തൊട്ടെന്‍
മകനിംഗ്ലീഷ് പഠിക്കണം.
അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടില്ത്തന്നെയാക്കിഞാന്.’
അങ്ങനെ
‘അമ്മ മമ്മിയായന്നേ
മരിച്ചൂ മലയാളം
ഇന്നുള്ളതതിന്ഡാഡീ-
ജഡമാം മലയാലം!’
അതുകൊണ്ട് എന്തുണ്ടായി? എല്ലാപേരും സായ്പുമാരാകാന് ഒരുമ്പെട്ടിട്ട് നമുക്കു മലയാളി ഇല്ലാതായി. മലയാളം ഇല്ലാതായി. ഉള്ളതൊക്കെ പരസ്പരം മത്സരിച്ച് കുറേപ്പേര്‍കൂടി നശിപ്പിക്കുകയും ചെയ്തു. ഇന്ന് എഴുത്തുകാരില്‍ ഭൂരിഭാഗവും ശീര്‍ഷാസനത്തിലാണ്. അതാണ് പുതുമ. നമുക്കു ബഹുമാനം തോന്നേണ്ടതാണ്. പക്ഷേ, മനുഷ്യനെപ്പോലെ അവര്‍ ഒന്ന് ഇരിക്കാന്‍ പഠിച്ചിട്ടാണ് ഈ ശീര്ഷാസനപ്രകടനമെങ്കില് അതിനൊരര്‍ത്ഥമുണ്ട് എന്നെങ്കിലും സമ്മതിക്കാമായിരുന്നു. കളിയച്ഛന്പോലെ, നരബലിപോലെ, കണ്ണീര്‍പ്പാടം പോലെ, സഹ്യന്റെ മകന്‍പോലെ, വിശ്വദര്ശനംപോലെ, ശിവതാണ്ഡവംപോലെ, കാവിലെ പാട്ടുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസംപോലെ, മനസ്വിനിപോലെ ഒരു മലയാളകവിത ഇനിയുണ്ടാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അത്രയ്ക്കു ത്രാണിയുള്ളവര്‍ ഇപ്പോഴുമുണ്ടോ? ഇതു മദ്ധ്യകേരളമല്ല.
ചാനല്‍ക്കുഞ്ഞുങ്ങള്‍ കൊഞ്ചുന്നതുപോലെ മദ്യകേരളമാണ്. ഏറ്റവുമധികം മദ്യം ഒഴുകുന്ന നാട്. വര്‍ഷാവര്‍ഷം അതിന്റെ റവന്യൂ കോടികളില്‍ ഇരട്ടിക്കുന്നതില്‍ അഭിമാനിക്കുന്ന നാട്. അതിനുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ തൊട്ടുകൂട്ടാന്‍ കൊടിയ സാംസ്കാരിക അധാര്‍മ്മികതകള്‍ കൊടിപാറിക്കുന്ന നാട്.
വില്പനയാണ് നമ്മുടെ ആധുനിക സംസ്കാരം. എന്തും വിറ്റുതുലയ്ക്കുക. അതു ദൈവത്തിന്റെ പേരിലായാലും ശരി. കച്ചവടം പൊടിപൊടിക്കണം. അങ്ങനെയാണ് ആര്‍ഷഭാരതത്തിന്റെ അമൂല്യദാനവസ്തുവായ വിദ്യപോലും കച്ചവടച്ചരക്കായത്. പള്ളിമുറ്റത്തുപോലും സമൃദ്ധമായും പരസ്യമായും അത് കള്ളവിലയ്ക്കു വില്‍ക്കപ്പെടുന്നത്. അതു കണ്ടിട്ടാണ് കുഞ്ഞുണ്ണിക്കവി നൊന്തത്.
‘ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കും ഒരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.’
അളമുട്ടുമ്പോള്‍ ചേരയും കടിക്കും എന്നു പറയുംപോലെ, ഗതിമുട്ടി അദ്ദേഹം എഴുതിപ്പോയ വരികളാവണം
‘പള്ളിക്കച്ചവടക്കാരെ
ചാട്ടവാര്കൊണ്ടടിച്ചോടി-
ച്ചരുളും ക്രിസ്തുവെന്നുള്ളില്
പള്ളികൊള്ളുക സര്‍വ്വദാ’
എന്നത്. ഇവിടെ മലയാളത്തില്‍നിന്ന് വേരോടെ പറിച്ചെടുക്കപ്പെട്ടവനും, രക്ഷിക്കപ്പെട്ടവനും ഉയിര്പ്പിക്കപ്പെട്ടവനുമൊക്കെ ഒരേ സ്ഥായിയില്‍ നിലവിളിക്കുന്നു. എങ്ങനെ?
‘ഞാനാകും കുരിശിന്മേല്
തറഞ്ഞുകിടക്കുക-
യാണുഞാ, നെന്നിട്ടും ഹാ
ക്രിസ്തുവായ്ത്തീരുന്നില്ല.’
ഒരിക്കലും ഒന്നുമാകാത്ത അവരെ സമാധാനിപ്പിക്കുന്ന മറുഭാഗത്തിന്റെ ന്യായീകരണമോ?
‘യേശുവിലാണെന്വിശ്വാസം
കീശയിലാണെന്നാശ്വാസം!’
ആ ആശ്വാസത്തില്‍ അവന് ആശ്വസിച്ചു. ‘കര്‍ത്താവേ! എനിക്കുള്ള കുരിശ് ഇത്ര ചെറുതോ? എന്നുവരെയായി.
‘ഒറ്റിക്കൊടുക്കാനാളായീ
ചൂടിക്കാന്‍ മുള്‍ക്കിരീടവും
തറയ്ക്കാന് കുരിശും; ക്രിസ്തു-
നിര്‍മ്മാണം ക്ഷണമാമിനി.’
എന്ന അവസ്ഥവരെയെത്തുമ്പോള് കവി സ്വന്തമായ നിഗമനത്തിന് ഇങ്ങനെ അടിവരയിടുന്നു.
‘പശുത്തൊഴുത്തിങ്കല്‍ പിറന്നുവീണതും
മരക്കുരിശിന്മേല് മരിച്ചുയര്ന്നതും
വളരെ നന്നായീ, മനുഷ്യപുത്ര! നീ
ഉയിര്‍ത്തെണീറ്റതോ പരമവിഡ്ഢിത്തം!’
കവികള്‍ ദീര്ഘദര്ശനപടുക്കളാണ് എന്നതിന് ഇത്രയൊക്കെ തെളിവുകള്‍ ധാരാളം.
മാഷിന് പൊക്കം കുറവായിരുന്നു. അത് സ്വയം ഏറ്റുപറഞ്ഞിട്ടുമുണ്ട്.
‘എനിക്കുപൊക്കം കുറവാ-
ണെന്നെപ്പൊക്കാതിരിക്കുവിന്‍!’
പക്ഷെ, ഉള്ള പൊക്കംകൊണ്ട് അദ്ദേഹം തനിക്കുവേണ്ടതെല്ലാം എത്തിപ്പിടിച്ചു. വെറും മൂന്നടികൊണ്ട് എല്ലാം അളന്നെടുത്തു. മലയാളകവിതയിലെ വാമനാവതാരമൂര്ത്തിയാണു കുഞ്ഞുണ്ണി.
അഹിതകരവും അനാശാസ്യവുമായ അധര്മ്മവലയം എവിടെക്കണ്ടാലും അതിനകത്തേയ്ക്കു അഭിമന്യു കണക്കെ കടന്നുചെന്ന് ധര്‍മ്മസമരം ചെയ്യാനും അദ്ദേഹത്തിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അകപ്പെട്ടുപോയ പത്മവ്യൂഹത്തില്‍നിന്നു പുറത്തേയ്ക്കുള്ള വരുംവരായ്കകളെക്കുറിച്ചും അദ്ദേഹം പരിഭ്രാന്തനായില്ല. പറയേണ്ടത് നിശിതമായ ഭാഷയില്‍ വെട്ടിത്തുറന്നുപറഞ്ഞു.
വിദേശികളെ കെട്ടുകെട്ടിക്കാന്‍ ഉടലെടുത്ത ഒരു സ്വാതന്ത്ര്യപ്രസ്ഥാനം കെട്ടുംകെട്ടി ഒരു വിദേശിയുടെ മുന്നില്‍ത്തന്നെ ആജന്മാന്തം ഓച്ഛാനിച്ചുനില്‍ക്കുന്ന മഹാദുരന്തമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം. കുടുംബവാഴ്ചയും രാജവാഴ്ചയും അവസാനിപ്പിക്കാന്‍ ആരംഭിച്ച ജനാധിപത്യം ഒരേ കുടുംബത്തിന്റെതന്നെ രാജവാഴ്ചയ്ക്കു കപ്പം കൊടുക്കുവാനുള്ള അടിമവംശമായി അധഃപതിച്ചതാണ് ജനാധിപത്യത്തിന്റെ എടുത്തുപറയാവുന്ന ഒരു നേട്ടം. ആ കുടുംബത്തില്‍ത്തന്നെ തുടരെ ഭരണം ഏറ്റെടുക്കാന്‍ ഒരു ഗര്‍ഭസ്ഥശിശു എക്കാലത്തും ഉണ്ടായിക്കൊള്ളണമേ എന്നതായിരിക്കുന്നു നമ്മുടെ ദേശീയപ്രാര്ത്ഥന. പണ്ട് ഒരു കവി പാടിയത് എത്ര ശരി!
‘എന്തിന്നു ഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ!’
അതേ. ആ പാരതന്ത്ര്യം നിലനിര്‍ത്താന്‍ കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ –
‘വോട്ടുചെയ്തോട്ടുചെയ്തോട്ടുചെയ്തോട്ടു ചെയ്-
തോട്ടക്കലങ്ങളായ് മാറി നമ്മള്.’
പോരേ? അങ്ങനെ ചെയ്തിട്ടും എന്തുണ്ടായി?
‘ഇന്ത്യാക്കാരില്ലാത്തൊരു
രാജ്യമുണ്ടുലകത്തില്‍
ഇന്ത്യയെന്നൊരുരാജ്യം!’
എന്നതായി അവസ്ഥ. ഇവിടെ ബുദ്ധന് ഒന്നേയുണ്ടായുള്ളൂ. നമ്മള് നാടുകടത്തി. ബുദ്ദൂസുകള്‍ ഒരുപാടുണ്ടായി. ഭൂരിപക്ഷംകൊണ്ടാണല്ലോ മേന്മ അളക്കുന്നത്. അതിന്റെ സത്യം പ്ലേറ്റോ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ പറഞ്ഞു –
‘ങമഷീൃശ്യേ മൃല ളീീഹ.െ’ ഭൂരിപക്ഷം എന്നുപറഞ്ഞാല്‍ വിഡ്ഢികള്‍! ഇപ്പോള്‍ മാഷു പറഞ്ഞതുപോലെ ‘ഇങ്കുലാബിലും സിന്ദാബാദിലും ഇന്ത്യ തോട്ടിലും’ ആയി. ഈ പോക്കുപോയാല്‍ തോട്ടിലല്ല, കായലിലുമല്ല, കടലില്‍ത്തന്നെ ആണ്ടുപോവും ഇന്ത്യ എന്നാണു തോന്നുന്നത്. അത്രകണ്ട് ഗതികെട്ടിട്ടാവണം മാഷ് ഉറക്കെ വിളിച്ചുപറഞ്ഞത് –
‘നേതാക്കന്മാരേ-
നിങ്ങള്‍ ആത്മഹത്യചെയ്യുവിന്‍
എന്തുകൊണ്ടെന്നാല്‍
എനിക്കു നിങ്ങളെ കൊല്ലാനുള്ള കഴിവില്ല.’
തീര്‍ത്തും ശുദ്ധഗതിക്കാരനാണു മാഷ്. അല്ലെങ്കില്‍ അറിഞ്ഞുവച്ചുകൊണ്ട് ഇങ്ങനെ പറയുമോ? ഇവിടെ ഏതെങ്കിലും ഒരു നേതാവ് എന്നെങ്കിലും ആത്മഹത്യ ചെയ്ത ചരിത്രമുണ്ടോ? ഇനി ഉണ്ടാകുമോ? അറവുകാരന് എങ്ങനെയാണു ബലിമൃഗമാവുക? കൊലയ്ക്കു കൊടുക്കാന്‍ മാത്രമേ അവര്‍ക്കറിയാവൂ. അതിനുവേണ്ടി ഇവിടെ ഒരുപാടൊരുപാടൊരുപാട് ബുദ്ദൂസുകളുമുണ്ട്. നിരനിരയായി.
‘തുപ്പലില്‍ കപ്പലോടിയ്ക്കാന്‍
കെല്പുള്ള ബഹുമന്ത്രി’മാരില്‍ നിന്ന് ഒരു മോചനം. ഭാരതത്തിന്റെ തന്മയിലേയ്ക്ക് ഒരു ഉജ്ജീവനം. ഉച്ചാരണവും ഭാഷയും ജീവിതവും സംസ്കാരവും സ്നേഹവും ശുദ്ധമാവുന്ന ഒരാശ്രമപ്രവേശം. വീണ്ടെടുക്കപ്പെടുന്ന മലയാളിയുടെ ഒരു വിശ്വാസതീരം – അതൊക്കെയാണ് സ്വജീവിതംകൊണ്ടും കവിതകൊണ്ടും കണക്കുതീര്‍ക്കാന്‍ കഴിയാത്ത അദ്ധ്യാപനം കൊണ്ടും കയ്യയഞ്ഞ തിരുത്തലുകള്‍കൊണ്ടും കുഞ്ഞുണ്ണിമാഷ് ലക്ഷ്യം വച്ചത്. സൂത്രവാക്യങ്ങള്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ കവിത. ചെറുതുകൊണ്ട് വലിയ വലിയ വിസ്മയങ്ങളെ തുറന്നുകാണാനുള്ള താക്കോലുകളാണ് അവ. ഓരോന്നും വെവ്വേറെയെടുത്ത് ആഴത്തില്‍ പഠിക്കുകയും അപഗ്രഥിക്കുകയും വേണ്ടിയിരിക്കുന്നു. അങ്ങനെ ‘ആകാരോ ഹ്രസ്വ’ എന്ന മട്ടില്‍ ഏറ്റവും ചെറുതും അതേസമയം ഏറ്റവും വലുതുമായ ഒരു കവിസാന്നിദ്ധ്യവും ഗുരുസാന്നിദ്ധ്യവും ഒത്തിണങ്ങുന്ന സുവര്ണ്ണമുഹൂര്ത്തമാണ് കുഞ്ഞുണ്ണിസ്മരണയില് തുളുമ്പുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: