1972 ലെ സ്റ്റോക് ഹോം കണ്‍വെന്‍ഷനോടെ ആരംഭിച്ച പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള പുതിയ അവബോധത്തിന്റെ അനുരണനങ്ങള്‍ മലയാള സാഹിത്യത്തിലും നവീനവും നിര്‍ണ്ണായകവുമായ ഭാവുകത്വപരിണാമം സൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തെ – ആവാസവ്യവസ്ഥകളെ ക്രമപ്പെടുത്തുന്ന പുതിയ രാഷ്ട്രീയാവബോധത്തിന്റെ ആവശ്യകത സമൂഹമെന്നപോലെ സാഹിത്യവും തിരിച്ചറിയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ മാനവികതയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍, സമൂഹത്തെ ഹരിതാഭമാക്കാനുള്ള മുന്നേററങ്ങള്‍, ഹരിതരാഷ്ട്രീയ ((Green Politics))െ ത്തിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആഗാധമായ ചിന്തകളും നിരീക്ഷണങ്ങളും മുന്നോട്ടുവയ്ക്കുന്നത് പലപ്പോഴും സാഹിത്യമാണെന്നു മലയാളത്തിലെ സമീപകാല രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.
പരിസ്ഥിതിയും സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്റെ സമകാലികതയും സാര്‍വ്വകാലികതയും ചര്‍ച്ചചെയ്യുന്ന നോവലാണ് രാജീവ് ശിവശങ്കറിന്റെ ‘കല്‍പ്രമാണം’. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന രൂക്ഷമായ പാറമട ഖനനത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ ആശയപരിസരം രൂപപ്പെടുന്നത്. പഴുക്കെ വിളഞ്ഞത് എന്നര്‍ത്ഥമുള്ള പഴുക്ക എന്ന സാങ്കല്പിക ഗ്രാമം, മലനിരകളില്‍ മേഘങ്ങള്‍ തട്ടിതടയപ്പെടുന്നതു കൊണ്ട് മഴയുടെയും ജലത്തിന്റെയും സമൃദ്ധി. കോടികോടി വര്‍ഷങ്ങളുടെ വെയിലും മഴയും തണുപ്പുമൊക്കെക്കൊണ്ട് പരുവപ്പെടുന്ന വിളഞ്ഞ പാറകള്‍.
ഒരിക്കല്‍ തുരന്നെടുത്തു കഴിഞ്ഞാല്‍ പുനസ്ഥാപിക്കാനാവാത്തത്. ജീവന്റെ അടിസ്ഥാന സ്രോതസുകള്‍. ഓരോ പാറയ്ക്കും ഐതിഹ്യത്തിന്റെ, വിശ്വാസത്തിന്റെ സംരക്ഷണകവചങ്ങള്‍. എല്ലാം പ്രകൃതി കേന്ദ്രിതമായവ. ജനകീയചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും സഫലമായ മാര്‍ഗ്ഗങ്ങളിലൊന്നായി പ്രദേശത്തിന്റെ പൊതുലോകബോധം സൃഷ്ടിക്കുന്ന ചരിത്ര പാഠങ്ങള്‍ ഉപയോഗിക്കുകയെന്ന വീക്ഷണ ഗതിയാണു നോവല്‍ പിന്തുടരുന്നത്. പ്രാദേശിക വിജ്ഞാനത്തെ നിര്‍ണ്ണയിക്കുന്ന നാട്ടുവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കേവലം യുക്തിരഹിതമല്ല. പ്രകൃതിയോടുള്ള മമതയും മതിപ്പുമാണവ വിനിമയം ചെയ്യുന്നത്.
സംരക്ഷിക്കപ്പെടേണ്ടതിനു ചുറ്റുമുള്ള വിശ്വാസത്തിന്റെ ആവരണങ്ങളാണ് പഴുക്കയിലെ നാട്ടുവിശ്വസങ്ങളെല്ലാം. പ്രകൃതിയെ സൗമ്യമായി വഴക്കിയെടുത്ത അഗസ്ത്യമുനി മനുഷ്യരാശിക്കൊട്ടാകെയുള്ള നിതാന്തമാതൃകയാണ്. ഭൃഗു, അത്രി, ധന്വന്തരി, വസിഷ്ഠന് തുടങ്ങി പഴുക്കയിലെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട മഹര്‍ഷിമാരെല്ലാം അത്ഭുതം/ദയ/അറിവ്/ഔഷധം തുടങ്ങിയ പ്രകൃതി ഗുണങ്ങളുടെ പ്രതിനിധികളാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കൂടുന്ന അഗസ്ത്യസഭയില്‍ ഏതു പ്രശ്നത്തിനും പരിഹാരമുണ്ടെന്നാണ് പഴുക്കയുടെ വിശ്വസം. ഈ സഭ പ്രകൃതിയുടെ തന്നെ ഉണര്‍ച്ചയാണ്. ശുദ്ധപ്രകൃതി മനുഷ്യന്റെ പ്രശ്നങ്ങളെയെല്ലാം തുടച്ചുനീക്കുന്നു. പ്രാദേശിക വിജ്ഞാനത്തെ തകര്‍ക്കല്‍, ജൈവചോരണം (ആശീജശൃമര്യ) ഇവ രണ്ടും അനായാസം സാധ്യമാവുന്നു.
2004 മുതല്‍ 2014 വരെയുള്ള പഴുക്കയുടെ ജീവിതമാണു നോവല്‍ ചിത്രീകരിക്കുന്നത്. പഴുക്കയിലെ നിര്‍ണ്ണായക സംഭവങ്ങളെല്ലാം സമകാലിക ചരിത്ര മുഹൂര്‍ത്തങ്ങളുമായി സ്വാഭാവികമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ലോകം/ഇന്ത്യ/കേരളം ഇങ്ങനെ വ്യത്യസ്ത സ്ഥലരാശികളിലേക്കു ഒഴുകിപ്പരക്കുന്ന പഴുക്ക സാങ്കല്പിക ഗ്രാമമായിട്ടല്ല, ഭീഷണമായ യാഥാര്‍ത്ഥ്യമായി നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നു.
രണ്ടുതരം ജീവിതശൈലികള്‍, മൂല്യവ്യവസ്ഥകള്‍ തമ്മിലുള്ള സംഘട്ടനമാണ് പഴുക്കയുടെ പ്രതിരോധ സമരങ്ങള്‍. 3250 ദിവസം നീണ്ടുനിന്ന സത്യഗഹം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വരുന്നു. ജലവ്യവസ്ഥയും ആവാസവ്യവസ്ഥയും തകര്‍ക്കപ്പെട്ട് പാരിസ്ഥിതികമായ അരക്ഷിതാവസ്ഥയിലുഴലുന്ന ജനതയുടെ പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് കല്‍പ്രമാണത്തിന്റ പ്രമേയം.
കാല സ്ഥല സ്വത്വങ്ങളെ പഴുക്കയെന്ന സങ്കല്‍പഗ്രാമവുമായി ബന്ധിപ്പിച്ചു, അതീവസൂക്ഷ്മവും ലാവണ്യാത്മകവുമായ ആഖ്യാനത്തിലൂടെ ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കാനിടയുള്ള പരിമിതികളെയും ആഹ്വാന സ്വഭാവത്തെയും അതിജീവിച്ചുവെന്നതാണ് നോവലിന്റെ സവിശേഷത. പലതലങ്ങളിലുള്ള സംവേദന ശേഷിയാണ് കല്‍പ്രമാണത്തിന്റെ വ്യതിരിക്തത. കല്‍പ്രമാണങ്ങള്‍ ഉടയ്ക്കപ്പെടാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള സൂചികയാവുമ്പോള്‍ത്തന്നെ ബദലുകള്‍ക്കായുള്ള അന്വേഷണവും കൂടിയാണ് ഈ രചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: