കോട്ടയം: ശീമാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സംസ്ഥാനത്തെ ആദ്യത്തെ ആകാശപാത (സ്കൈ വാക്ക്) ശീമാട്ടി ഐലന്റില്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ അഞ്ച് പ്രധാന റോഡുകള്‍ കൂടിച്ചേരുന്ന ശീമാട്ടി ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന ആകാശപാതയ്ക്ക് രണ്ട് എലിവേറ്ററുകളാണ് ഉണ്ടാകുക. എലിവേറ്ററിന്റെ പ്രവര്‍ത്തനത്തിന് വാളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും. ആധുനികരീതിയിലുള്ള കയോസ്കുകളും ഇരിപ്പിടങ്ങളും ഉള്‍പ്പെട്ടതാണ് ആകാശപാത. എല്‍ഇഡി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന വരുമാനം അറ്റകുറ്റപ്പണികള്‍ക്ക് ചെലവുകള്‍ക്ക് ഉപയോഗിക്കും. ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ ഏറ്റവും തിരക്കേറിയ റോഡ് ക്രോസിംഗാണ് ശീമാട്ടി ജംഗ്ഷന്. നാറ്റ്പാക് നടത്തിയ പഠനമനുസരിച്ച് പ്രതിദിനം 40000 വാഹനങ്ങളും 11,000 ആളുകളും ഈ ജംഗ്ഷന് മുറിച്ചു കടക്കുന്നുണ്ട്. പീക്ക് സമയത്ത് 6,000-8,000നും ഇടയില്‍ ആളുകള്‍ ഇവിടം മുറിച്ചു കടക്കുന്നുണ്ട്. പദ്ധതി വിശദീകരിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര് ശ്രീലേഖ പറഞ്ഞു. റോഡ് സേഫ്റ്റി അഥോറിറ്റിയുടെ കീഴിലാണ് ആകാശപാത നിര്‍മ്മിക്കുന്നത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല.
പദ്ധതി മേല്‍നോട്ടത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ കമ്മറ്റി രൂപീകരിച്ചു. നാറ്റ്പാക് ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ടൗണ്‍ പ്ലാനര്‍, നാഷണല്‍ ഹൈവേ എക്സി. എഞ്ചിനീയര്‍, ആര്‍ബിഡിസി എജിഎം, ബിഎസ്എന്‍എല്‍, വാട്ടര്‍ അഥോറിറ്റി-പിഡബ്ല്യൂ-കെഎസ്ഇബി എക്സി. എഞ്ചിനീയര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്. മുനിസിപ്പല്‍ ചെയര്മാന് കെആര്‍ജി വാര്യര്‍, എഡിഎം ടി.വി. സുഭാഷ്, ദക്ഷിണ മേഖല എന്‍ഫോഴ്സ്മെന്റ് ആര്‍റ്റിഒ. പി.ഡി. സുനില്‍ ബാബു, കോട്ടയം ആര്.റ്റി.ഒ. ബി.ജെ. ആന്റണി, എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്.റ്റി.ഒ. ആര്. രാമചന്ദ്രന്, എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ സാമുവല്‍, നാറ്റ്പാക് ഡയറക്ടര്‍ ശ്രീദേവി, ടൗണ്‍ പ്ലാനര്‍ അനില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.കെ. അനില്‍ കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: