കൊട്ടാരക്കര: പുതിയതായി രൂപീകരിക്കുന്ന പുത്തൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനം പൂത്തൂരില്‍ സ്ഥാപിക്കാനുള്ള നീക്കം അട്ടിമറിച്ചതിനെതിരെ തിങ്കളാഴ്ച ഹര്‍ത്താലും സത്യാഗ്രവും നടത്താന്‍ തീരുമാനിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 7മുതല്‍ വൈകിട്ട് 7വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി വരെ ഉറപ്പ് നല്കിയ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ കുന്നത്തൂര്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവരാണെന്നും ആസ്ഥാനം പൂത്തൂരില്‍ സ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിക്കുംവരെ സമരവുമായി രംഗത്തുണ്ടാകുമെന്നും അശാസ്ത്രീയമായ തീരുമാനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
കിഴക്കെ ചന്തയില്‍ സ്ഥിതി ചെയ്യുന്ന നെടുവത്തൂര്‍ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല വില്ലേജ് ഓഫിസ് ഉള്‍പ്പടെയുള്ള നിരവധി സ്ഥാപനങ്ങളും പൂത്തൂരിലാണ്. ആദ്യ ക്യാബിനറ്റ് തീരുമാനം പോലും അട്ടിമറിച്ചാണ് പുതിയ നീക്കമെന്നും നേതാക്കള്‍ ആരോപിച്ചു.
വാര്‍ഡ് വിഭജനവും ഏറ്റവും അശാസ്ത്രീയമാണ്. 15 കിലോമീറ്റര്‍ അകലെയുള്ള ഉപ്പൂട് വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ചുങ്കത്തറ, വല്ലഭന്‍കര പോലെ പൂത്തൂരിനോട് അടുത്തുകിടക്കുന്ന പ്രദേശങ്ങള്‍ തഴഞ്ഞത് പ്രതിഷേധാര്‍ഹമാണന്നും സമരം വിജയം കാണുംവരെ തുടരുമെന്നും നേതാക്കളായ മാമച്ചന്, കെ.എസ്. വേണുഗോപാല്‍, ടി.കെ. ജോര്‍ജ്ജ്കുട്ടി, വസന്തകുമാര്‍ കല്ലുംപുറം, കൃഷ്ണനുണ്ണിത്താന്, കെ. രാധാകൃഷ്ണപിള്ള എന്നിവര്‍ അറിയിച്ചു.
കരട് ലിസ്റ്റില്‍ നിന്നും വാര്‍ഡുകള്‍ക്ക് വലിയ മാറ്റമില്ലാതെ തന്നെ നിലനിര്‍ത്തിയാകും അന്തിമ പ്രഖ്യാപനമെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസ്ഥാനം പൂത്തൂരില്‍ തന്നെ നിലനിര്‍ത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ തീരുമാനം വീണ്ടും അട്ടിമറിക്കപ്പെടുകയായിരുന്നു. പവിത്രേശ്വരം പഞ്ചായത്തിന്റെ ഓഫിസ് കെട്ടിടം പാങ്ങോട്ടുള്ളതിനാല് ആസ്ഥാനം ഇവിടേക്കായിരുന്നു ആദ്യം നിശ്ചയിച്ചത്. പൂത്തൂര്‍ തന്നെ ആസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ നടന്നതോടെയാണ് പുനര്‍നിര്‍ണ്ണയം നടത്തി. എന്നാല്‍ വാര്‍ഡുകള്‍ സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിഗണിച്ചില്ല.
വാര്‍ഡ് വിഭജനത്തിലെ അപാകതയും ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പത്ത് കിലോമീറ്ററിന് അകലെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു കിലോമീറ്റര്‍ പോലും ദൂരമില്ലാത്ത വാര്‍ഡുകളെ ഒഴിവാക്കിയതായിരുന്നു് പ്രതിഷേധത്തിന് കാരണം. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും നെടുവത്തൂര്‍, കുളക്കട പഞ്ചായത്തിലെ മൂന്ന് വീതം വാര്‍ഡുകളും ഉള്‍പെടുത്തിയാണ് പഞ്ചായത്ത് രൂപീകരിക്കുന്നത്. പൂത്തൂര്‍ പഞ്ചായത്തില്‍ പതിമൂന്ന് വാര്‍ഡുകളാണ് ഉള്ളത്.
പവിത്രേശ്വരം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട കരിമ്പിന്‍പുഴ 1 , താഴം തെക്കുംചേരി 2, ചെറുമങ്ങാട് 3, ചെറുപൊയ്ക 16, ശ്രീനാരായണപുരം 17, കാരിക്കല്‍ 18, കാരിക്കല്‍- ചെറുപൊയ്ക 19 വാര്‍ഡുകളും. കുളക്കട പഞ്ചായത്തിലെ മൈലംകുളം 17, പുത്തൂര്‍ 18, ആറ്റുവാശ്ശേരി 19, നെടുവത്തൂര്‍ പഞ്ചായത്തിലെ തെക്കുംപുറം 1, കുഴയ്ക്കാട് 17, കല്ലേലില്‍ 18 എന്നീ വാര്‍ഡുകളാണ് പുതിയ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: