കൊട്ടാരക്കര: കേരളത്തിലെ ജനങ്ങള്‍ക്ക് വികസനം നിഷേധിക്കുന്ന ഇടതു വലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം. സുനില്‍ നയിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണികള്‍ക്ക് മാറിമാറി അവസരം നല്കുന്ന കീഴ്വഴക്കം കേരളത്തില്‍ തിരുത്തിക്കുറിക്കപ്പെടാന്‍ പോവുകയാണ്. നാലുകൊല്ലത്തെ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭരണവും ഒറ്റ വര്‍ഷത്തെ മോദി സര്‍ക്കാരിനെയും വിലയിരുത്തുന്നവര്‍ക്ക് ഇനി വിധിയെഴുത്ത് തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
സോണിയ, മന്മോഹന് സര്‍ക്കാരിന്റെ പകര്‍പ്പാണ് ഉമ്മന്‍ ചാണ്ടിയുടേത്. അഴിമതിക്കാരനല്ലാത്ത ഒരു മന്ത്രി പോലും ബാക്കിയില്ലാത്ത അവസ്ഥയാണ് സര്‍ക്കാരിനുള്ളത്. സമരം നയിക്കേണ്ട ഇടതുമുന്നണി അവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമൂഹത്തെ വഞ്ചിച്ച പാരമ്പര്യമാണ് എന്നും സിപിഎമ്മിനുള്ളത്. ശബരിമല തീവെയ്പ് കേസ് മുതല്‍ മാറാട് കൂട്ടക്കൊല വരെ അതിന് തെളിവാണ്.
കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന മുസഌംലീഗിനെ വോട്ട്ബാങ്കിന് വേണ്ടി പ്രീണിപ്പിച്ച് വളര്‍ത്തിയതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. മതഭീകരശക്തികള്ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കുന്നവരാണ് ഇടതുവലതുമുന്നണികള് എന്നതിന്റെ തെളിവാണ് മാറാട് സംഭവമെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. താമരക്കുടി സഹകരണബാങ്ക് വെട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷിന്റെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പോലീസില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ കൊടിക്കുന്നില്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് അദ്ധ്യക്ഷത വഹിച്ചു. സംസഥാന സെക്രട്ടറിമാരായ ജെ.ആര്. പത്മകുമാര്‍, ബി. രാധാമണി, രാജിപ്രസാദ്, മേഖലാ ജനറല്‍സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, എസ്. ദിനേശ്കുമാര്‍, വെള്ളിമണ്‍ ദിലീപ്, മാലുമേല്‍ സുരേഷ്, കണ്ണാട്ട് രാജു, വയയ്ക്കല്‍ മധു, ബൈജു ചെറുപൊയ്ക, അഡ്വ. ആര്.എസ്. പ്രശാന്ത്, മഠത്തില്‍ ശശി, അണ്ടൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: