വായന ചുരുങ്ങുമ്പോള്‍ അതിജീവിക്കാന്‍ സാഹിത്യം അക്ഷരങ്ങളിലേക്ക് ഒതുങ്ങുന്നു. പക്ഷേ അത് രൂപപരമായി മാത്രം. വലുപ്പം കുറയുമെങ്കിലും അര്‍ത്ഥവും ധ്വനിയും ചേര്‍ന്ന് അതുണ്ടാക്കുന്ന അതിശയലോകവും വിനിമയം ചെയ്യുന്ന വികാരവും എത്ര വലുതാണെന്നതാണ് പ്രധാനം. കവിതയിലാണ് ഈ രൂപമാറ്റം (ഫോര്‍മാറ്റ് ചേഞ്ച്) ശ്രദ്ധേയമായത്.
മിനിക്കഥകളുടെ കാര്യം പരിഗണിക്കാതെയല്ല പറയുന്നത്. പക്ഷേ മിനിക്കഥയെഴുത്ത് സാഹിത്യത്തിലെ ഒരു കുറച്ചിലായിക്കരുതിയവര്ക്കിടയില് ചെറുകവിതകള്‍, കുറുങ്കവിതകള്‍, ഈരടിക്കവിതകള്‍, ഹൈക്കുകള്‍ എന്നിങ്ങനെ പല പേരുകളില്‍ ഏറെ മുന്നേറി. ആധുനിക കവിതയുടെ അവതാരകനായ അയ്യപ്പപ്പണിക്കരുടെ കാര്‍ട്ടൂണ്‍ കവിതകള്‍ ഇക്കൂട്ടത്തില്‍ മുന്നോടിയില്ലേ എന്നു ചിന്തിക്കണം. കുഞ്ഞുണ്ണിക്കവിതകളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ഏറെ ഗഹനവും കണ്ടാല്‍ കുറിയതുമായ കുഞ്ഞുണ്ണിക്കവിതകളെ ബാലസാഹിത്യത്തിന്റെ കുറ്റിയില്‍ കെട്ടിയിട്ടത് മറ്റൊരു ഗവേഷണ വിഷയം.
ചെറുതാക്കിക്കുറുക്കിയവയാണ് കെ.എന്‍. സുരേഷ് കുമാറിന്റെ കവിതകളധികവും- അമ്മ അലാറമാണ് എന്ന പുസ്തകം അതിനു സാക്ഷി. അമ്മസ്നേഹവും പ്രണയച്ചൂടും, അക്ഷരക്കുരുക്കള്, അല്ല, അനുഭവവികാരക്കുറിപ്പുകളുടെ കുന്നിക്കുരുക്കള്‍ നിരത്തി അനുഭവിപ്പിക്കുകയാണ് സുരേഷ്. ”വീശുന്ന കാറ്റിന് കഴുത്തുമുറിച്ചു നാം കാറ്റുയന്ത്രങ്ങളില് തൂങ്ങിമരിപ്പവര്” എന്നെഴുതുമ്പോള്‍, ”വയ്യ മറക്കുവാനെന്നും പരസ്പരം നമ്മളടുത്തവര് തമ്മിലെടുത്തവര്” ”മിഴികളില്‍ ശാപം നിറച്ചൊഴിച്ച് വഴികളില്‍ ശാപം കുരച്ചു തുപ്പി” എന്നും മറ്റും കുറിയ്ക്കുമ്പോള്‍ കവിത കുറുക്കുറുകി മനസ്സിന്റെ അടിയില്പ്പിടിക്കുന്നു. അവയെല്ലാം കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകളാകുന്നു.
അമ്മ അലാറമാണ്,
കെ.എന്‍.സുരേഷ് കുമാര്‍,
താഹിതി ബുക്സ്,
വില: 40 രൂപ.
സുരേഷ് കുമാറിന്റെ മറ്റു ചില പുസ്തകങ്ങള്‍:
ഒരേ വഴി, ഒരുപാടു നേരം (13 കഥകള്‍), കൈരളി ബുക്സ്, വില: 60 ക. കുഞ്ഞിനെ അറിയുക (കുഞ്ഞിനെ പരിചരിക്കുന്നതിന് രക്ഷിതാക്കള്‍ക്കുള്ള മനഃശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍,
വിശകലനങ്ങള്‍)
ഗ്രീന്‍ ബുക്സ്:
വില.80 രൂപ.
സിപിയെ അറിയുക
മാധ്യമലോകത്ത് പുത്തന്‍ സാധ്യതകള്‍ വളരുമ്പോള്‍ പുതിയ പ്രവണതകള്‍ രൂപപ്പെടുകയാണ്. 2045 ല്‍ വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള അച്ചടി അവസാനിക്കുമെന്ന് മുന്നറിയിപ്പ് പ്രവചനമുണ്ടാകുന്നു. നവമാധ്യമങ്ങള്‍ വിലക്കില്ലാത്ത ലോകം തുറന്നിടുന്നു. അതിനിടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യം താഴുന്നുവെന്ന ആക്ഷേപം പെരുകുന്നു. പഴയ തലമുറയിലെ മാധ്യമപ്രവര്‍ത്തക വിഗ്രഹങ്ങള്‍ കാലയവനിക പൂകുന്നു. താരതമ്യത്തിനായാലും തിരിച്ചറിയാനായാലും പഴയ തലമുറയില്‍പ്പെട്ട മലയാളി മാധ്യമപ്രവര്ത്തകന് സി.പി. രാമചന്ദ്രനെക്കുറിച്ച് വായിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് കേരള പ്രസ് അക്കാദമി സി.പി. രാമചന്ദ്രനിലൂടെ (രണ്ടാം പതിപ്പ്). പാലക്കാട്ടെ പറളയില്നിന്ന് വളര്‍ന്നുയര്‍ന്ന് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനരംഗത്ത് വെട്ടിത്തിളങ്ങിയ സിപിആറിനെക്കുറിച്ച്, അദ്ദേഹത്തിന്റെ ലേഖനങ്ങളും അദ്ദേഹവുമായി നടത്തിയ സംഭാഷണവും ചേര്‍ത്ത് ഇറക്കിയ പുസ്തകം ചരിത്രത്തിലെ ഡയറിക്കുറിപ്പുകൂടിയാണ്. രഘുനാഥന് പറളിയാണ് എഡിറ്റര്‍. ഒരുപക്ഷേ രഘുനാഥന്റെ നിരന്തര നിര്‍ബന്ധമില്ലായിരുന്നെങ്കില്‍, ദൃഢനിശ്ചയമില്ലായിരുന്നെങ്കില്‍ പറളി ഗ്രാമത്തിലെ സായാഹ്നങ്ങളില്‍ സിപി എന്ന ജാജ്ജ്വല്യമാനന് അസ്തമിച്ചുപോയേനെ. കാരണം സ്വയം ഒളിച്ചിരിക്കാനും ആരവങ്ങളില്‍നിന്നകന്ന് ശാന്തനായിക്കഴിലാനും നിശ്ചയിച്ചുറച്ച സിപിയെ പിടികൂടി പറയിച്ച കാര്യങ്ങള്‍ കുറച്ചേ ഉള്ളുവെങ്കിലും അതുള്ക്കാമ്പുള്ളവയാണ്. സമ്പൂര്‍ണമായല്ലെങ്കിലും സിപിആറിലേക്കുള്ള പ്രവേശികക്കുമപ്പുറം നില്‍ക്കുന്നുണ്ട് ഈ പുസ്തകം.
(സി.പി. രാമചന്ദ്രന്, എഡിറ്റര്‍ : രഘുനാഥന് പറളി,
കേരള പ്രസ് അക്കാദമി, വില: 200 രൂപ.)
ആധിയും സെല്‍ഫിയും
സി.പി. ചന്ദ്രന്റെ 38 കവിതകളാണ് നിഴലൊച്ച. കവിതയുടെ ആനുകാലിക രൂപം വൃത്തത്തിലേക്കു മടങ്ങണമെന്ന് അടുത്തിടെ പ്രൊഫ.എം.കെ. സാനു പ്രസ്താവിച്ചതായി വായിച്ചു. കവിതക്ക് വൃത്തം പോയതെന്നാണോ ആവോ. വൃത്തത്തിലാണോ കവിത ജനിച്ചതെന്നാവും മറു ചോദ്യം. അതെന്തായാലും സി.പി. ചന്ദ്രന്റെ കവിത ആനുകാലിക വിഷയത്തില്‍ നിമഗ്നമാണ്. ആധി എന്ന ആദ്യ കവിത മുതല്‍ ചുംബനസമരത്തിന്റെ സെല്‍ഫി എന്ന അവസാന കവിതയും തികച്ചും ആനുകാലികമാണ്. കവിതയുടെ ക്ഷോഭിക്കലാണിവയിലെങ്ങും. സമൂഹത്തോട്, സാഹചര്യങ്ങളോട്, തന്നോടുതന്നെയും. കുമ്പസാരത്തില്‍ സി.പി. ചന്ദ്രന് കുറിക്കുന്നു, ”നടപ്പുകാല കവിതയ്ക്ക് ഭാവമെന്തിന്? താളമെന്തിന്? കഠിന ഗദ്യമെഴുതിവെച്ചാല് കവിതയായില്ലോ.”
നിഴലൊച്ച (കവിതകള്‍)
സി.പി. ചന്ദ്രന്,
ആല്‍ഫ വണ്‍, വില: 55 രൂപ.
കവിതകളിലെ പരിസ്ഥിതി
പരിസ്ഥിതി സംരക്ഷണം ഒരു പ്രസ്ഥാനമായിട്ട് എത്ര പതിറ്റാണ്ടായിട്ടുണ്ടാവും. അതിന്റെ പ്രചാരണപക്ഷത്ത് സാഹിത്യം പ്രായോഗിക മാധ്യമമായിട്ട് എത്രനാളായിട്ടുണ്ടാവും. പക്ഷേ അതിനൊക്കെ എത്രയെത്ര നൂറ്റാണ്ടുമുമ്പേ സാഹിത്യത്തില്‍ പരിസ്ഥിതി ഒരു മുഖ്യവിഷയമായിട്ടുണ്ട്. പുരാണത്തെയും ഉപനിഷത്തിനെയും ഇതിഹാസത്തെയും വിട്ടേക്കുക. സാഹിത്യത്തിലേക്കാണ് തിരിയേണ്ടത്. ലോകമഹാകവി കാളിദാസന്റെ ശാകുന്തളത്തില്‍ പരിസ്ഥിതിയുടെ സാന്നിധ്യമെത്രമാത്രം! വിശദീകരിക്കാനാവില്ല.
പക്ഷേ അവിടെ പ്രചാരണമെന്ന ബോധപൂര്‍വമായ പ്രവര്‍ത്തനമായിരുന്നില്ല, പ്രകൃതിജീവിതം അപ്പാടെ ആവിഷ്കരിച്ചപ്പോള്‍ അവിടെ അവിടെ മുല്ലവല്ലിയും മാന്‍കിടാവും വെള്ളിലച്ചെടിയും താമരയും കുവലയവുമെല്ലാമെല്ലാം വന്നുനിറയുകയായിരുന്നല്ലൊ. പക്ഷേ കവിതയിലും കഥയിലുമൊക്കെ പരിസ്ഥിതിയും അതിന്റെ സംരക്ഷണവും ആവശ്യകതയുമൊക്കെ വിഷയമാക്കി അവതരിപ്പിച്ചുതുടങ്ങിയപ്പോഴാണെന്നുതോന്നുന്നു സാഹിത്യത്തില്‍ അവയുടെ സാന്നിധ്യം വിശകലനം ചെയ്യാന്‍ കൂടുതല്‍ തുടങ്ങിയത്. മലയാള കവിതയും പരിസ്ഥിതിയുമെന്ന ഡോ.ആനന്ദ് കാവാലത്തിന്റെ പുസ്തകം അങ്ങനെയൊരു പഠന ഗവേഷണം നടത്തുന്നതിന്റെ ഫലമാണ്.
ഈ കൃതി ദാര്‍ശനികതയുടെ നിരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ താരതമ്യത്തിന്റെ സൂചനകള്‍ മാത്രം നല്കി വിശാലമായ ചില പ്രദേശങ്ങളിലേക്ക് വഴികാട്ടുന്നു. സംസ്കാരത്തിന്റെ അടിവേരുകളിലേക്കുള്ള ഉള്‍ക്കാഴ്ചകളിലേക്ക് വെളിച്ചം പരത്തുന്നു. ആധികാരികതയും സമഗ്രതയും ഈ പുസ്തകത്തിന് അവകാശപ്പെടാം.
കവി ഡോ.അയ്യപ്പപ്പണിക്കരെപ്പോലെ, വിഷ്ണു നാരായണന് നമ്പൂതിരിയെപ്പോലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായ ആനന്ദ് മലയാള കവിത സാഹിത്യത്തെ ഇത്ര ആഴത്തിലും പരപ്പിലും തിരിച്ചറിഞ്ഞത് അത്ഭുതകരംതന്നെയാണ്. ആനന്ദ് അയ്യപ്പപ്പണിക്കരുടെ സഹോദരീ പുത്രനാണെന്നതും പറഞ്ഞുകൊള്ളട്ടെ. നാടന്‍പാട്ടില്‍ തുടങ്ങി മണിപ്രവാളകൃതികളിലൂടെ തുഞ്ചന്‍ കുഞ്ചന്‍ ചെറുശ്ശേരി കവിത്രയത്തിലൂടെ, ആശാനിലും വള്ളത്തോളിലും കൂടെ സച്ചിദാനന്ദനിലും ശങ്കരപ്പിള്ളയിലും ആധുനികോത്തരരായ കവയത്രികളിലും വരെ എത്തി അവരുടെ കവിതകളിലെ പരിസ്ഥിതിയുടെ സ്ഥിതി പരിശോധന നടത്തുന്നു. തികച്ചും മൂല്യവത്തായൊരു കൃതി.
-മലയാള കവിതയും
പരിസ്ഥിതിയും (പഠനം)
ഡോ.ആനന്ദ് കാവാലം
കറന്റ് ബുക്സ് തൃശൂര്‍.
വില 115.00
പ്രതികരിക്കാൻ ഇവിടെ എഴുതുക: