ദേവഭാഷയായ സംസ്കൃതത്തിന്റെ മഹത്വം അംഗീകരിക്കാതെ, സവര്‍ണഭാഷയെന്ന് മുദ്രകുത്തി ജനമധ്യത്തില്‍ നിന്നും ആ ഭാഷയ്ക്ക് എത്രത്തോളം അയിത്തം കല്‍പ്പിക്കാമോ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചിലകോണുകളില്‍ നിന്നും ഉണ്ടാകുമ്പോഴും ഭാരതീയ സംസ്കൃതിയെ അടുത്തറിയുന്നതിന് സംസ്കൃതം അറിഞ്ഞേ മതിയാവു എന്ന തിരിച്ചറിവുള്ളവരും നമുക്കിടയിലുണ്ട്. സംസ്കൃത ഭാഷാപഠനത്തിനും സാഹിത്യപഠനത്തിനും മഹത്തായ ഒരു പാരമ്പര്യം ഭാരതത്തിലും വിശിഷ്യാ കേരളത്തിലും കാണാന്‍ കഴിയും. ഗുരുകുല സമ്പ്രദായത്തിലാണ് ഒരു കാലത്ത് സംസ്കൃത പഠനം ഭാരതത്തിലെങ്ങും നിലനിന്നിരുന്നത്. സംസ്കൃത ഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്തോ-യൂറോപ്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരു ഭാഷയാണെന്നാണ് പണ്ഡിത മതം. പ്രാചീന ഇറാനിയന്മാരുടെ വേദഭാഷയായ ‘അവസ്ഥിക്കി’നോട് ഈ ഭാഷക്ക് വളരെ സാമ്യമുണ്ടെന്നും ഇറാനിയന്‍ വേദ ഗ്രന്ഥമായ ‘സെന്റ് അവസ്ഥയിലും’ ഋഗ്വേദസൂക്തങ്ങളിലും കാണുന്ന ഐക്യരൂപം ഇതിന് തെളിവാണെന്നും ഭാഷാചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
1791 ല്‍ കോണ്‍വാലീസ് പ്രഭു, ബനാറസില്‍ സ്ഥാപിച്ച സംസ്കൃത കോളേജ് സംസ്കൃത വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഔദ്യോഗിക സംരംഭമായി കണക്കാക്കുന്നു. 1821 ല്‍ പൂനെയിലും 1824 ല്‍ ആഗ്രയിലും ഓരോ സംസ്കൃത കോളേജുകള്‍ ആരംഭിക്കുകയും ഇതുകൂടാതെ 1847 ല്‍ ബനാറസില്‍ സംസ്കൃത വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ് പഠനവും നടപ്പാക്കുകയും ചെയ്തു. ഭാരതത്തിലെ സംസ്കൃത പഠനത്തിന്റെ ഏകദേശ ചിത്രം നമുക്കിവിടെ ദര്‍ശിക്കാനാവും.
കേരളത്തിന്റെ സംസ്കൃത പഠനത്തിന്റെ ചരിത്രം ഒരുപക്ഷേ, എഴുത്തും വായനയും പഠിപ്പിച്ചിരുന്ന നാട്ടിന്‍പുറങ്ങളിലെ ആശാന്മാരില് നിന്നാവാം തുടങ്ങുന്നത്. പയ്യൂര്‍, കൂടല്ലൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഗുരുകുലങ്ങള്‍ സംസ്കൃത പഠനത്തിന്റെ അടുത്ത കാലഘട്ടമായി കരുതാം.
ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് സംസ്കൃത പഠനത്തിന്റെ കാഴ്ചപ്പാടിന് മാറ്റമുണ്ടായത്. ഇംഗ്ലീഷ് പഠിച്ചവര്‍ക്ക് ജോലി നല്കുന്ന സര്‍ക്കാര്‍ നയം സംസ്കൃത പഠന സമ്പ്രദായത്തെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിട്ടു. കൃത്യമായ പാഠ്യക്രമം സമയബന്ധിതമായി പഠിപ്പിച്ച വിദ്യാര്‍ത്ഥിക്ക് ബിരുദം നല്‍കുകയും ആ ബിരുദം ജോലിക്കുള്ള യോഗ്യതയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ സംസ്കൃത വിദ്യാഭ്യാസത്തിന്റെ ആധുനികയുഗം ഇവിടെത്തുടങ്ങുന്നു.
രാജഭരണത്തിന് കീഴിലായിരുന്ന കൊച്ചിയിലും തിരുവിതാംകൂറിലും പണ്ഡിതന്മാരായ രാജാക്കന്മാര്‍തന്നെ സംസ്കൃത പാഠശാലകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തു. ജനകീയ അടിത്തറയുള്ള സംസ്കൃത വിദ്യാഭ്യാസം രൂപം കൊണ്ടത് ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്ന മലബാറിലാണ്. അതിന് നേതൃത്വം നല്‍കിയത് പട്ടാമ്പിയില്‍ പുന്നശ്ശേരി നീലകണ്ഠശര്‍മ്മയാണ്. 1889 ല്‍ പെരുമുടിയില്‍ അദ്ദേഹം സ്ഥാപിച്ച പാഠശാല 1911 ല്‍ സാരസ്വതോദ്യോതിനി സെന്‍ട്രല്‍ സാന്‍സ്ക്രിറ്റ് കോളേജായി ഉയര്‍ന്നു. തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും സ്ംസ്കൃത പഠനത്തിന് രാജകീയ പരിവേഷമുണ്ടായിരുന്നു.
പഴയകൊച്ചി രാജ്യ ചരിത്രത്തിന്റെ ഉജ്വലമായ ഒരുഘട്ടമാണ് സ്ഥാനത്യാഗം ചെയ്ത രാജര്‍ഷി എന്നറിയപ്പെടുന്ന രാമവര്‍മ മഹാരാജാവിന്റെ ഭരണകാലം. രാജാക്കന്മാരില് പണ്ഡിതനെന്നും പണ്ഡിതന്മാരില് രാജാവെന്നും വിശേഷിപ്പിക്കപ്പെട്ട രാജര്‍ഷി ആധുനിക കൊച്ചിയുടെ പിതാവെന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ വിശിഷ്യ തൃപ്പൂണിത്തുറയിലെ മഹത്തായ സംസ്കൃത പാരമ്പര്യം നിലനിര്‍ത്താന്‍ സ്ഥിരമായൊരു സ്ഥാപനം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും 1912 ഡിസംബര്‍ 25 ന് അദ്ദേഹത്തിന്റെ ഷഷ്ഠിപൂര്‍ത്തി ദിനത്തില്‍ അതിനുള്ള പ്രഖ്യാപനം നടത്തുകയും 1914 ജനുവരി 14 ന് അദ്ദേഹത്തിന്റെ ഗുരുവായ ശേഷാചാര്യരുടെ പേരില്‍ ഒരു സംസ്കൃത പാഠശാല ആരംഭിക്കുകയും ചെയ്തു. കോട്ടക്കകത്തുള്ള പത്തുമുറിയില്‍ ആരംഭിച്ച പാഠശാല 1916 ല്‍ കോട്ടക്കുപുറത്ത് ഒരു പറമ്പ് വിലക്കുവാങ്ങി കോളേജ് അവിടേക്ക് മാറ്റി. അതാണ് തൃപ്പൂണിത്തുറയിലെ സംസ്കൃത പഠനത്തിന്റെ ഈറ്റില്ലമായി മാറിയ ശ്രീ രാമവര്‍മ ഗവ.സംസ്കൃത കോളേജ്.
കാവ്യഭൂഷണവും ശാസ്ത്രഭൂഷണവുമായിരുന്നു ഈ പാഠശാലയില്‍ അന്നു വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ബിരുദങ്ങള്‍. പില്ക്കാലത്ത് കാവ്യഭൂഷണം ഹൈസ്കൂള്‍ വിഭാഗമായും ശാസ്ത്രഭൂഷണം കോളേജ് വിഭാഗമായും മാറി. കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പ്പെടുത്തിയ കാലത്ത് അത് ഹയര്സെക്കന്ററിയായി.
ക്ലാസുകള്‍ നടത്താനും ഓഫീസിനും നാടകാഭിനയം, സമ്മേളനം മുതലായവ നടത്തുന്നതിനുള്ള സൗകര്യത്തിനായി 1917 ല്‍ ഒരു പുതിയ കെട്ടിടം നിര്‍മിച്ചു. 1919 മുതല്‍ ഭരണസംവിധാനത്തില്‍ മാറ്റം വന്നു. 1920 ല്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിനോട് ബന്ധപ്പിക്കപ്പെട്ടതോടുകൂടി വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിന് തുടക്കമായി. 1926 ഡിസംബറിലാണ് പണ്ഡിതന്മാര് തങ്ങളുടെ പാണ്ഡിത്യത്തിന്റെ മാറ്റുരയ്ക്കുന്ന വാക്യാര്‍ത്ഥ സദസ്സ് ആരംഭിക്കുന്നത്.
1948 ല്‍ പരീക്ഷിത്തുതമ്പുരാന്‍ മഹാരാജാവാകുകയും ഒരു ലക്ഷം രൂപ കോളേജിന്റെ മൂലധനമായി നിക്ഷേപിക്കുകയും ചെയ്തത് ഈ സ്ഥാപനത്തിന്റെ വികസനത്തില്‍ പുതിയൊരു നാഴികക്കല്ലായി. 1959 ല്‍ ആയുര്‍വേദ വിഭാഗം വേര്‍പെടുത്തി. അങ്ങനെ തൃപ്പൂണിത്തുറയിലെ ആയുര്‍വേദ കോളേജിന് തുടക്കം കുറിച്ചു. 1946 ല്‍ അന്നത്തെ മഹാരാജാവായിരുന്ന രവിവര്‍മ തമ്പുരാന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അപ്രകാശിത ഗ്രന്ഥങ്ങള്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാന്‍ ഒരു ലക്ഷം രൂപ സംഭാവന ചെയ്യുകയും അതിന്റെ വാര്‍ഷികാദായംകൊണ്ട് പ്രസാധന വിഭാഗം തുടങ്ങുകയും ചെയ്തു. 1953 മുതല്‍ പ്രസാധനം ത്രൈമാസിക രൂപത്തിലാക്കി. 1962 ല്‍ പ്രീയൂണിവേഴ്സിറ്റിയും 1963 ല്‍ ബിരുദ കോഴ്സുകളും ആരംഭിച്ചത് വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളാണ്. 1986 വികസനത്തിന്റെ ഒരു പ്രധാനകാലഘട്ടമാണ്. കോളേജിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ തന്നെ അദ്ധ്യാപകരായി കോളേജിന്റെ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങി എന്നുള്ളതാണ് ഏറെ പ്രധാനം. പൂര്‍ണത്രയീ എന്ന ഗവേഷണ പത്രിക, സ്കൂള്‍ തലത്തിലും കോളേജ് തലത്തിലുമുള്ള വിവിധ സംസ്കൃത പ്രചാരണ പദ്ധതകള്‍ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ ഉന്നത ഗവേഷണത്തിനുള്ള കേന്ദ്രമായി ഈ സ്ഥാപനം അംഗീകരിക്കപ്പെട്ടതും ദല്‍ഹി ആസ്ഥാനമായുള്ള ഇന്ദിരാഗാന്ധി സെന്ററിന്റെ സഹായത്തോടെ അപൂര്‍വ്വങ്ങളായ താളിയോലകള്‍ മൈക്രോ ഫിലിമിലാക്കി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതും ഈ കാലയളവിലാണ്. അങ്ങനെ ഒട്ടനവധി സവിശേഷതകളോടുകൂടിയ ഈ സരസ്വതീക്ഷേത്രം ശതാബ്ദിയുടെ നിറവിലാണിപ്പോള്‍. രാജനഗരിയില്‍ ഒരു തിലകക്കുറിയായി തിളങ്ങി നില്ക്കുന്ന ഈ സ്ഥാപനം ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സംസ്കൃതപഠന കേന്ദ്രം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: