നന്മയുടെ നേരവതാരങ്ങളുമായി ഇല്ലത്തിന്റെ അകത്തളങ്ങളില്‍ കാലംതള്ളി നീക്കിയ അമ്മമാരുടെ മനസ്സിലൊളിപ്പിച്ച കരച്ചില് കേള്‍ക്കാന്‍ ഒരാളും ഉണ്ടായിരുന്നില്ല. ഉദിക്കും മുമ്പ് ഉണര്‍ന്ന് തേവര്‍ക്ക് വിളക്കുവച്ചുകൊണ്ട് തുടങ്ങുന്ന കര്‍മ്മങ്ങള്‍ ഉറക്കം പിടിക്കും വരെ തുടരണം. അതിനെല്ലാം ക്രമപ്രകാരമുള്ള ചിട്ടകളുണ്ട്. അണുവിടതെറ്റാതെ അതെല്ലാം തീര്‍ക്കണം.
അകത്തളങ്ങളില്‍ കഴിഞ്ഞുകൂടിയിരുന്ന ആ അമ്മമാരെ അപൂര്‍വ്വമായിട്ടാണ് പുറംലോകം കാണുന്നതുതന്നെ. സാധാരണ ജീവിതം എന്നു പറയാന്‍ പറ്റാത്ത വിധം കഠിനം തന്നെയായിരുന്നു ആ കാലങ്ങള്‍. കുറെ കരിപുരണ്ട നിയമങ്ങള്‍ നാലുകെട്ടിനെ കാര്‍ന്നു തിന്നിരുന്നു. അതെല്ലാം അനുഭവിച്ചു തീര്‍ക്കാനായി നിരവധി സ്ത്രീജന്മങ്ങള്.
തേങ്ങുന്ന നിമിഷങ്ങളായിരുന്നു അവര്‍ക്കിടയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നത്. എങ്കിലും അധികമായിട്ടൊരു ശബ്ദം പോലും ആ നാലുകെട്ടിനകത്തുനിന്നും ഉയര്‍ന്നിരുന്നില്ല. ഒരുപക്ഷേ ഭയത്താലാവാം നിശബ്ദത ദീക്ഷിച്ചിരുന്നത്. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലമാണ് ഇതിന്റെയെല്ലാം അടിത്തറ. വേദോപാസനയും പൂജാദിവിഷയങ്ങളില് തീവ്രശ്രദ്ധയും പുലര്‍ത്തിയ കുറെ പുരുഷന്മാര്, അവര്‍ക്കു സമയാസമയങ്ങളില്‍ വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ വിധിക്കപ്പെട്ട കുറേ സ്ത്രീകള്‍.
കാലം തേച്ചുവച്ച ചിത്രങ്ങള്‍ക്കപ്പുറം ഒന്നും ചിന്തിക്കാതിരുന്ന, അറിയാതിരുന്ന നമ്പൂതിരിമാര്‍ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി ബോധവാന്മാരായിരുന്നില്ല. കീഴ്വഴക്കത്തിന്റെ ചരടുപൊട്ടിക്കാതെ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന പായ്ക്കപ്പല്‍ കണക്കെ കാറ്റില്‍ ഒഴുകിനടന്നു. ഏതെങ്കിലും കരക്കടിയും എന്ന ഒറ്റവിചാരത്തിനപ്പുറത്തേക്ക് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പുറത്തിറങ്ങാന്‍ സഹായികളായ സ്ത്രീകള്‍ ഒപ്പം കാണും. അല്ലാതെ ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്നത് വിരളമായിരിക്കും.
നിത്യേനയെന്ന പോലെ അതിഥികള്‍ എത്തിയിരുന്നു. അവരെ വേണ്ടുംവണ്ണം ഉപചരിക്കണം. അപ്പോഴും കുടുബത്തിലെ പുരുഷന്മാര് ,കുട്ടികള്‍, പണിക്കാര് എന്നിവരെ ഒഴിവാക്കില്ല. അകത്തളങ്ങളിലെ അന്തര്‍ജനങ്ങള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നൊന്നും ആരും അന്വേഷിക്കുകപോലും ചെയ്യില്ല എന്നതാണ് സത്യം. ഗര്‍ഭിണികളായ സ്ത്രികള്‍ക്ക് എല്ലാവരും ചേര്‍ന്ന് ഒരോഹരി നീക്കിവച്ചുകാണും.
കുട്ടികള്‍ക്ക് പുരാണങ്ങളിലെ ഗുണപാഠകഥകള്‍ പറഞ്ഞുകൊടുത്തിരുന്നത് മുത്തശ്ശിമാരായിരുന്നു. എപ്പോഴും നാമംജപിച്ചുകൊണ്ട് പൂജക്കുവേണ്ടുന്ന പൂക്കള്‍ ഒരുക്കിക്കൊണ്ടും ഒരുജന്മത്തെ പഴിക്കാതെ കാലം തളളിനീക്കിക്കൊണ്ട് അകത്തളങ്ങളില്‍ പ്രാണന്തീരുവോളം കഴിഞ്ഞുകൂടിയിരുന്നത് ഇന്നത്തെ തലമുറകള്‍ക്ക് ആലോചിക്കാനാവാത്തതുതന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ നീണ്ടുനിന്നിരുന്ന കാലപ്പഴക്കമുള്ള അനാചാരങ്ങളെല്ലാം അവസാനിപ്പിച്ചത് അന്നത്തെ യുവാക്കളടങ്ങിയ നമ്പൂതിരി സംഘം തന്നെയായിരുന്നു. കേരളത്തില്‍ ഒട്ടാകെ ഇതിന്റെ അലയൊലികള്‍ മുഴങ്ങി. സമരത്തിന്റെ തീജ്വാലകള്‍ അതിവേഗം പടര്‍ന്നു. വേദം മാത്രമല്ല തങ്ങള്‍ക്കു വഴങ്ങുക എന്ന് അന്നത്തെ ചുണക്കുട്ടികള്‍ തെളിയിച്ചു. വയോവൃദ്ധന്മാര് യുവതികളെ വിവാഹം ചെയ്യുന്ന സമ്പ്രദായത്തിനെ അവര്‍ സര്വ്വശക്തിയാലും എതിര്‍ത്തു. അതാകട്ടെ വന്‍വിജയം കാണുകയും ചെയ്തു. മൂത്ത പുത്രന്മാര്ക്കു മാത്രം സ്വജാതീവിവാഹം അതും ഒന്നിലേറെ ആവാം എന്നനിയമത്തിനേയും തടഞ്ഞത് യുവശക്തികള്‍ തന്നെയായിരുന്നു.
കുട്ടികള്‍ സ്കൂളുകളിലേക്ക് പോകാന്‍ തുടങ്ങിയതും യുവാക്കളുടെ കഠിനപ്രയത്നത്താലാണ്. അതിനെ എതിര്‍ത്തവരെ തുരത്താനും എല്ലായിടത്തും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗൃഹസമ്പര്‍ക്കം തന്നെ നടത്തിയാണ് ബോധവത്കരണം സാധ്യമായത്. അക്കാലംവരെ കുട്ടികളെ പഠിപ്പിച്ചിരുന്നത് പ്രത്യേക ട്യൂഷന് മാസ്റ്റര്‍മാരെ വച്ചായിരുന്നു. കൂട്ടലും കിഴിക്കലും കൂട്ടിവായിക്കാനും പഠിച്ചാല്‍ പിന്നെ എല്ലാമായി എന്നായിരുന്നു പൊതുവെയുള്ള ധാരണ. കവിതകളും ഈണത്താല്‍ നിറഞ്ഞ പാട്ടുമായി യുവതീയുവാക്കള്‍ ഇല്ലങ്ങളില്‍ ചെന്ന് ഊര്‍ജിതപ്രവര്‍ത്തനം നടത്തിയത് വന്‍വിജയം കണ്ടു.
ബാല്യകാലത്തുതന്നെ വിധവകളായിത്തീര്‍ന്നവര്‍ നിരവധിയായിരുന്നു. നിഷിദ്ധമായി കരുതിയിരുന്ന വിധവാവിവാഹത്തെ പ്രോത്സാഹിപ്പിക്കുവാനും വിജാതീയ വിവാഹങ്ങള്‍ നടത്തുന്നതിനും യുവാക്കളെല്ലാം നേതൃത്വം വഹിച്ചു. അതെല്ലാം കുറച്ചാണെങ്കിലും നടത്തപ്പെട്ടതും അക്കാലത്ത് ആര്‍ക്കും ചിന്തിക്കാന്‍ പറ്റാത്തകാര്യങ്ങളായിരുന്നു. യുവാക്കള്‍ വരച്ചവരകളിലൂടെ നടക്കേണ്ടി വന്ന സമുദായത്തിന് അതൊക്കെ അംഗീകരിക്കേണ്ടിവന്നതും കാലത്തിന്റെ മാറ്റം തന്നെയായിരുന്നു.
അടിച്ചമര്ത്തിപ്പിടിച്ചതൊന്നും പിടിയിലൊതുങ്ങില്ല എന്നറിയാത്തവര്‍ കാണില്ല. അന്തര്‍ജനങ്ങള്‍ക്ക് സാരിയും ബ്ലൗസും, എന്തിനേറെ ഇന്ന് സാര്‍വ്വത്രികമായിരുന്ന സെറ്റുമുണ്ടുപയോഗിക്കാന് പോലും പറ്റുമായിരുന്നില്ല. ഘോഷ എന്ന് അറിയപ്പെട്ടിരുന്ന പുതമുണ്ട് ചുറ്റിവേണമായിരുന്നു സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍. കുടുമ നിര്‍ബന്ധമായിരുന്നു പുരുഷന്മാര്ക്ക്. ഇതിനെല്ലാം അറുതിവന്നത് യുവാക്കളുടെ രംഗപ്രവേശത്തോടെയായിരുന്നു.
ഇവര്‍ നടത്തിയ പ്രവര്‍ത്തന പദ്ധതികള്‍ വന്വിജയംകണ്ടു. ഇവരാണ് പില്ക്കാലത്ത് സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും ഒന്നാംനിരയിലേക്കുവളര്ന്ന് സാംസ്കാരിക രംഗത്തെ കെടാവിളക്കുകളായിത്തീര്ന്നത്. വി.ടി ഭട്ടതിരിപ്പാട്, അക്കിത്തം, ഇഎം എസ, പ്രേംജി, എംആര്‍ബി തുടങ്ങിയവര്‍ എഴുതിത്തീര്‍ത്ത മായാത്തരേഖകള് എക്കാലത്തേയും വഴികാട്ടികളായിത്തീര്‍ന്നു. പുരോഗമനത്തിന്റെ നേര്‍ക്കാഴ്ചകള്‍ തെളിയിക്കാന്‍ രചിച്ച നാടകങ്ങള്‍ സാഹിത്യരംഗത്തെ മുതല്‍ക്കൂട്ടുകളായിത്തീര്‍ന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്നകൃതി മാറ്റത്തിന്റെ കൊടുങ്കാറ്റായത് അനാചാരങ്ങള്‍ക്കെതിരെയുള്ള സമരംതന്നെയായിരുന്നു.
നാടകം കാണുന്നതിന് നമ്പൂതിരി സ്ത്രീകള്‍ വരെ വന്നു സ്ഥലം പിടിച്ചു. ആദ്യകാലങ്ങളില്‍ മറക്കകത്തുനിന്നായിരുന്നു ഇവരെല്ലാം നാടകം കണ്ടിരുന്നത്. കാരണം പരപുരുഷന്മാര് നിറഞ്ഞ വേദിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടകാലമായിരുന്നു. പിന്നീട് മറയെല്ലാം നീക്കി പ്രത്യക്ഷത്തില്‍ വന്നെത്താന്‍ തുടങ്ങി. ഇതുപോലുള്ള നാടകങ്ങള്‍ നടത്തുന്നതിന്നായി ആഭരണങ്ങള്‍ നല്കിയ അന്തര്‍ജനങ്ങള്‍ തന്നെ ധാരാളം. വന്‍വിജയം കണ്ടു, ഇത്തരം പ്രഹസനങ്ങള്‍. അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു സ്ത്രീകള്‍ക്ക് സര്‍വ്വ മേഖലകളിലും സ്വാതന്ത്ര്യം ലഭിക്കാനിടവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: