വര്‍ഷങ്ങള്‍ക്കുമുമ്പാണ്… ഒരു പൂരക്കാലം. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ആ തീവണ്ടി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം രാത്രി പതിനൊന്നുമണി കഴിഞ്ഞുകാണും. തൃശൂരില്‍ പിറ്റേന്നാള്‍ പൂരമാണ്.
പ്രസിദ്ധമായ തൃശൂര്‍ പൂരം. റെയില്‍വേ സ്റ്റേഷനില്‍ നല്ല തിരക്കുണ്ട്. പറഞ്ഞതനുസരിച്ച് റെയില്‍വേ സ്റ്റേഷന്റെ പിന്നിലുള്ള സിറ്റിലോഡ്ജ് അയാള്‍ തപ്പിപ്പിടിച്ചു. നല്ല വിശപ്പുണ്ട്. ക്ഷീണവും. വല്ലതും കഴിക്കണമെന്ന് തോന്നിയെങ്കിലും അടുത്ത് കടകളൊന്നും കണ്ടില്ല. അയാള്‍ സിറ്റി ലോഡ്ജിന്റെ പടികയറുമ്പോള്‍ കൗണ്ടറിലിരുന്നയാള്‍ ചോദ്യഭാവത്തില്‍ നോക്കി.
”നൂറ്റിപ്പതിനൊന്ന്.” അയാള്‍ പറഞ്ഞു.
കൗണ്ടറിലിരുന്നയാള്‍ പുഞ്ചിരിച്ചു.
”നേരത്തെ എത്തിയിട്ടുണ്ട്. വേഗം ചെല്ല്”.
മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുന്നു. പതിയെ മുട്ടി.
ആരൊക്കെയുണ്ടാവും. പരിചയമില്ലാത്തവരാകുമോ അധികവും? വാതില്‍ തുറന്നു. അയാള്‍ ഞെട്ടി.
മുന്നില്‍ സാക്ഷാല്‍ തകഴി.
അരയില്‍ ചുറ്റിയ വെളുത്ത മല്‍മല്‍മുണ്ട്. തോളില്‍ സ്ഥിരം തോര്‍ത്തും. വായില്‍ നിറയെ മുറുക്കാന്‍. കണ്ണുകള്‍ ചുവന്നുകലങ്ങി.
”നീയാരാ” തകഴിയുടെ ചോദ്യം.
”കുഞ്ഞബ്ദുള്ള” ഒരുവിധത്തില്‍ പേര് പറഞ്ഞു. ഏതോ മായികലോകത്ത് അകപ്പെട്ടതുപോലൊരു തോന്നല്‍.
”എന്തബ്ദുള്ള?”
തകഴി വിടാന്‍ ഭാവമില്ല.
”കുഞ്ഞബ്ദുള്ള.”
”എന്തിനാവന്നേ?”
അടുത്ത ചോദ്യം.
”ഷംസുദ്ദീന് കത്തയച്ചിരുന്നു. ഇപ്രാവശ്യത്തെ അങ്കണം കഥാ അവാര്‍ഡ് എനിക്കാണ്.”
അയാള്‍ക്ക് പേടിയും വിറയലും കുറഞ്ഞുവന്നു.
”അത് മനസ്സിലായി.” നീയൊരു കാര്യം ചെയ്യ്. പോയി ഒരു സാധനം മേടിച്ചുവാ. ബാഗവിടെ വച്ചോ.
തകഴി പിടിമുറുക്കുകയാണ്.
മഹാസാഹിത്യകാരനോടുള്ള ആരാധന ഒരു വശത്ത്. പാതിരാത്രി മദ്യം തേടി അലയാനുള്ള മടി മറുവശത്ത്. കുപ്പി കിട്ടുന്ന സ്ഥലം തകഴി തന്നെ പറഞ്ഞുകൊടുത്തു. ഒടുവില്‍ വിശപ്പും ക്ഷീണവും സഹിച്ച് പോകാന്‍ തന്നെ തീരുമാനിച്ചു.
മുറിയിലേക്ക് എത്തിനോക്കി.
ആരെയും കാണാനില്ല.
വിശപ്പും ക്ഷീണവും സഹിച്ച് ഇറങ്ങി നടന്നു. കൈയിലുള്ള കാശ് തികയുമോ? അറിയില്ല. കാശിനെപ്പറ്റിയൊന്നും തകഴി പറഞ്ഞില്ല. ചിലപ്പോ തകഴിയുടെ പരിചയക്കാരാവും. കാശുവേണ്ടായിരിക്കും. പറഞ്ഞ സ്ഥലത്തെത്തി. സാധനം വാങ്ങിച്ചു. പക്ഷേ കൈയിലുള്ള കാശ് തികയില്ല. ഈ ഷംസുദ്ദീന് എവിടെപ്പോയി. നല്ല ചെയ്ത്തായിപ്പോയി.
പാതിരാത്രിക്ക് ഇനി കാശിനെവിടെപ്പോകാന്. സാധനം തന്നയാളോട് കാര്യം പറഞ്ഞു. ലോഡ്ജിന്റെ വിലാസവും പറഞ്ഞുകൊടുത്തു. രാവിലെ വന്നാല്‍ മതി കാശുതരാം. തകഴിയ്ക്കാണെന്ന് പറഞ്ഞതുകൊണ്ടാകും അയാള്‍ പാതിമനസ്സോടെ സമ്മതിച്ചു. കൈയില്‍ കിട്ടിയ കുപ്പിയുമായി ഓടിയും നടന്നും ലോഡ്ജിലെത്തി. സാധനം കൈയില്‍ കിട്ടിയതോടെ തകഴി ഒന്നയഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ എംടിയും ഷംസുദ്ദീനും വന്നു. എംടിയെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് ഷംസുദ്ദീന്.
രണ്ടു കട്ടിലുകളാണ് മുറിയില്‍ ഉള്ളത്.
നമുക്ക് അടുത്ത മുറിയില്‍ കിടക്കാം, ഷംസുദ്ദീന് പറഞ്ഞു.
എംടി എത്തുമ്പോഴേക്ക് തകഴി നല്ല ഫോമിലായിക്കഴിഞ്ഞിരുന്നു. കണ്ണടച്ച് മയങ്ങുന്ന തകഴിയെ ഉണര്‍ത്തേണ്ടെന്ന് പറഞ്ഞു എംടി ഷര്‍ട്ട് ഊരി ആണിയില്‍ തൂക്കിയിട്ടു. ബാഗില്‍നിന്ന് ഒരു നീല കള്ളിമുണ്ടെടുത്തുടുത്തു. ബീഡിപ്പൊതിയില്‍ നിന്ന് ഒന്നെടുത്ത് തീകൊളുത്തി. കട്ടിലിലിരുന്നു. ഒരക്ഷരം മിണ്ടുന്നില്ല.
പത്തുനാല്പ്പതുകൊല്ലങ്ങള്ക്കിപ്പുറവും എംടിയുടെ മട്ടും മാതിരിയും അതുതന്നെ. അയാളും ഷംസുദ്ദീനും അടുത്ത മുറിയിലേക്ക് നടന്നു. എംടി പിന്നീടെപ്പോഴോ വാതിലടച്ചു കിടന്നു കാണും.
രാവിലെ പൂരം കാണാന്‍ വികെഎന്‍ വന്നു. അക്കിത്തവും.
അക്കിത്തത്തിന് ഇവരുടെ കമ്പനിയില്‍ താല്‍പ്പര്യമില്ല. എങ്കിലും വന്നു. തകഴിച്ചേട്ടന് കുളിച്ച് കുറിയൊക്കെ വരച്ച് സുന്ദരനായിരിക്കുന്നു. പതിവില്ലാതെ ഷര്ട്ടിട്ടിട്ടുണ്ട്. മടിയില്‍ വലിയ മുറുക്കാന്‍ പൊതി. കൈയില്‍ അറ്റംവളഞ്ഞ ഊന്നുവടി. നടക്കാന്‍ കുറച്ചു പ്രയാസമുണ്ട്. പത്തുമണിയോടെ പൂരം കാണാനുള്ള പുറപ്പാടായി.
തൃശൂരില്‍ പൂരം ആസ്വദിക്കാന്‍ ഏറ്റവും നല്ല ഇടങ്ങളിലൊന്ന് നടുവിലാല്‍ പരിസരമാണ്. രാവിലെ മഠത്തില്‍ വരവ്, ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുകള്‍, എല്ലാം വിശദമായി കാണാം. കറന്റ് ബുക്സിനു മുകളിലാണ് താവളം. ഇന്നാ കെട്ടിടമില്ല. റോഡ് വീതികൂട്ടിയപ്പോള്‍ പൊളിച്ചു കളഞ്ഞു. കറന്റ് ബുക്സില്‍ പോകുന്നതിനു പിന്നില്‍ തകഴിച്ചേട്ടന് വേറെയും താല്‍പ്പര്യമുണ്ട്. റോയല്‍റ്റിയുടെ കണക്ക് നോക്കാം. കണക്കുപറഞ്ഞ് ബാക്കി കാശു ചോദിച്ചുവാങ്ങാം.
പൂരം കാണുന്നതിനേക്കാള്‍ മൂപ്പര്‍ക്ക് പ്രധാനം ഇതാണ്, ഷംസുദ്ദീന് കാറുമായി വന്നു. എല്ലാവരും കാറില്‍ കയറി. തിങ്ങി ഞെരുങ്ങിയാണിരിപ്പ്. നടുവിലാലില്‍ എത്തിയപാടെ എംടി കറന്റ് ബുക്സിനു മുകളിലെ തന്റെ താവളത്തിലേക്കു കയറിപ്പോയി. തകഴിച്ചേട്ടന് കണക്കുനോക്കാന്‍ മാനേജരുടെ അടുത്തേക്കും.
അക്കിത്തവും വികെഎന്നും റോഡില്‍നിന്ന് പൂരം കാണാന്‍ തുടങ്ങി. വെയിലിന് ചൂട് കൂടി വന്നു. കുറച്ചുകഴിഞ്ഞ് എല്ലാവരും മുകളിലേക്ക് കയറി.
ഒരു ചാരുകസേരയും ഒരു കട്ടിലുമാണ് മുറിയിലുള്ളത്. രണ്ടു പുല്പ്പായുമുണ്ട്. ഒരു ടീപ്പോയും ആഷ്ട്രേയും. കറന്റ് ബുക്സിലെ ജീവനക്കാര്‍ കുടിവെള്ളവുമായി വന്നു. പിന്നാലെ ഷംസുദ്ദീന് കുപ്പികളുമായും, എംടിക്ക് മദ്യത്തേക്കാള്‍ പ്രിയം ബീഡിയോടാണ്. ഒരാളെ വിട്ട് ബീഡി വരുത്തിച്ചു. അഞ്ചെട്ടു പൊതിയുണ്ട്.
ഒരിരുപ്പില്‍ നാലഞ്ചെണ്ണം വലിക്കും. ബീഡി വലിക്കുമ്പോഴാണ് നല്ല ചിന്തകള്‍ വരിക എന്നാണ് ഇതേക്കുറിച്ച് എംടിയുടെ വിശദീകരണം.
തകഴിക്കും വികഎന്നും മദ്യത്തോടാണ് കമ്പം. നാടന്‍ കള്ളാണ് പഥ്യം. ഇല്ലെങ്കില്‍ എന്തുമാകാം. കള്ള് കഴിഞ്ഞാല്‍ പിന്നെ മുറുക്കാണ്. എല്ലാവരേയും വിറപ്പിക്കുന്ന വികെഎന്‍ തകഴിക്ക് മുന്നില്‍ വിനീതവിധേയനാണ്. പായില്‍ ഒരിടത്തിരുന്ന് എംടി ബീഡി വലി തുടങ്ങി. ചാരുകസേരയില്‍ തകഴിയും അരികത്തായി കട്ടിലില്‍ വികെഎന്നും.
കാറില്‍ നാടന്‍ കള്ള് കൊണ്ടുവന്നു. ഷംസുദ്ദീന്റെ ഏര്‍പ്പാടാണ്. അന്തിക്കാട്ടുനിന്ന് നല്ല നാടന്‍ കള്ള്. പിന്നെ തൊട്ടുകൂട്ടാന്‍ വിഭവങ്ങളും.
പഴയ നടക്കാവില്‍ അപ്പോള്‍ മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം മുറുകിത്തുടങ്ങി. ബ്രഹ്മസ്വം മഠത്തില്‍നിന്ന് തിടമ്പേറ്റുന്ന മൂന്നാനകള് പ്രദക്ഷിണ വഴിയിലേക്ക് കടന്നാല്‍ ഏഴാകും. നായ്ക്കനാലില്‍ എത്തുമ്പോള്‍ അത് പതിനഞ്ചാകും. രാവിലെ പതിനൊന്നുമണിയോടെ തുടങ്ങുന്ന മഠത്തില്‍വരവ് നായ്ക്കനാലില്‍ എത്തുമ്പോഴേക്കും മണി രണ്ടു കഴിയും.
തകഴിച്ചേട്ടന് നാടന്‍ ഊണ് നിര്‍ബന്ധമാണ്. മീനും. എല്ലാത്തിനും ഏര്‍പ്പാടുണ്ട്. ഷംസുദ്ദീന് അക്കാര്യത്തില്‍ സമര്‍ത്ഥനാണ്. ഓരോരുത്തര്‍ക്കും വേണ്ടതെന്തെന്ന് കൃത്യമായി അറിഞ്ഞെത്തിക്കും.
ഇടക്ക് മാടമ്പ് വരും. മാടമ്പിന് ഇവരുടെ കൂടെ കൂടണമെന്നുണ്ട്. പക്ഷേ വീട്ടുകാര്‍ കൂടെയുണ്ട്. അവരെ കൊണ്ടുനടന്ന് പൂരം കാണിക്കണം. എങ്കിലും ഇടയ്ക്ക് ഓടിവരും. വീട്ടുകാരെ ശ്രീമൂലസ്ഥാനത്തോ പാറമേക്കാവിനുമുന്നിലോ നിര്‍ത്തിയാകും വരവ്. ഒന്നോ രണ്ടോ ഗ്ലാസ് അകത്താക്കും. നിന്ന നില്പ്പില്. അല്‍പ്പനേരം ചുറ്റിപ്പറ്റി നിന്നശേഷം തിരികെ പാച്ചിലാണ്.
കുഞ്ഞബ്ദുള്ള കള്ള് കുടിക്കില്ല. തകഴി കുഞ്ഞബ്ദുള്ളയോട് കുടിക്കാന്‍ ആവശ്യപ്പെട്ടു. ആജ്ഞയാണ്. അനുസരിച്ചേ മതിയാകൂ.
ഇല്ലെങ്കില്‍ പിന്നെ ചീത്ത വിളിയാണ്. കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും. തന്തക്കും തള്ളക്കും പറയും. ചിലപ്പോള്‍ കഴുത്തിനുപിടിച്ചു പുറത്തു തള്ളും. എംടി കണ്ണു കാണിച്ചു. കുഞ്ഞബ്ദുള്ള മടിച്ചു മടിച്ച് ഒരു ഗ്ലാസെടുത്ത് മോന്തി.
കള്ള് അകത്ത് ചെന്നാല്‍ തകഴിച്ചേട്ടന് അശ്ലീലം പറയാന്‍ തുടങ്ങും. കറുത്ത പെണ്ണുങ്ങളെക്കുറിച്ചാണ് അധികവും വര്‍ണന. വികെഎന്‍ പ്രോത്സാഹനവുമായി കൂടും. എംടി വെറുതെ കേട്ടിരിക്കും. മറ്റുള്ളവരും. കഥയും കള്ളുകുടിയും തുടങ്ങിയാല്‍ അക്കിത്തം പതുക്കെ വലിയും. അക്കിത്തത്തിന് ബ്രഹ്മസ്വം മഠത്തിലോ കുടുംബക്കാരുടെ ഏതെങ്കിലും ഇല്ലങ്ങളിലോ ആണ് അന്നത്തെ ഊണ്.
ഉച്ചക്ക് ഊണ് വന്നു. മീന്‍ വറുത്തതാണ് വികെഎന്നിന്റെ ഇഷ്ടവിഭവം. മീനുണ്ട്. കോഴിക്കറിയും.
മൂക്കറ്റം തിന്നുന്നതിനിടയില്‍ ആരോ പറഞ്ഞു. പൂരം കാണണ്ടേ. ഊണുകഴിഞ്ഞാല്‍ പൂരപ്പറമ്പിലേക്കിറങ്ങാം എന്നായി വികെഎന്‍. ഊണുകഴിഞ്ഞതോടെ തകഴി കട്ടിലില്‍ കയറി കിടപ്പായി. പെട്ടെന്നുറങ്ങുകയും ചെയ്തു. വികെഎന്‍ വലിയ ശരീരം ചാരുകസേരയില്‍ സമര്‍പ്പിച്ചു. എംടി നിലത്ത് പായില്‍ നീണ്ടുനിവര്ന്നുകിടന്ന് ബീഡിക്ക് തീകൊളുത്തി. ഇതിനിടയിലെപ്പോഴോ ഉണ്ണികൃഷ്ണന് പുതൂര്‍ എത്തി.
വടക്കുനാഥന്റെ മതില്‍ക്കകത്ത് ഇലഞ്ഞിത്തറമേളം മുറുകുന്നു. മേടച്ചൂടിനെ കൂസാതെ പുരുഷാരം ഒഴുകി നിറയുകയാണ് ഇലഞ്ഞിച്ചുവട്ടിലേക്ക്. നായ്ക്കനാലില്‍നിന്ന് തിരുവമ്പാടിയുടെ മേളവും തുടങ്ങിക്കഴിഞ്ഞു.
ഇതിനകം ചെറുപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങിക്കഴിഞ്ഞു. ഇനി രാത്രി പൂരത്തിന് അവര്‍ തിരികെ വരും. ഇലഞ്ഞിത്തറ മേളം കഴിഞ്ഞാല്‍ കുടമാറ്റമാണ്, തെക്കേ ഗോപുരനടയില്‍. തകഴിച്ചേട്ടന് കട്ടിലില്ക്കിടന്ന് കൂര്‍ക്കം വലിക്കുന്നു. വികെഎന്നും എംടിയും മയക്കത്തിലേക്കു വീണു കഴിഞ്ഞു. ബാക്കിയുള്ളവര്‍ എഴുന്നേറ്റ് പതുക്കെ കതകുചാരി വെളിയിലേക്കിറങ്ങി.
കുടമാറ്റം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും അവര്‍ ഉറക്കത്തിലാണ്. ഷംസുദ്ദീന് പതുക്കെ വിളിച്ചുണര്‍ത്തി. സമയം പോയതറിഞ്ഞ് തകഴിക്ക് ടെന്‍ഷന്‍. പുള്ളിക്ക് ഉടനെ തിരിച്ചുപോകണം. കുട്ടനാട്ടില്‍ നാളെ രാവിലെ ഏതോ മീറ്റിങ്. അത്യാവശ്യമാണ് പോയേ പറ്റൂ. കറന്റ് തോമ എന്ന തോമസ് ചേട്ടന് കാറ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ”തോമായേ നീ കാറിന്റെ കാശ് റോയല്‍റ്റിയില്‍ കുറയ്ക്കരുത്.” തകഴി കറന്റ് തോമയെ നോക്കി പറഞ്ഞു. പറഞ്ഞത് തമാശയാണോ കാര്യമാണോ എന്ന് എല്ലാവര്ക്കും സംശയം. എന്നാല്‍ ആ പറഞ്ഞത് കാര്യമായിട്ടാണെന്ന് കറന്റ് തോമസിനറിയാം. ആള് തകഴിയാണ്.
അദ്ദേഹം തലകുലുക്കി. തകഴി മടങ്ങി. രാത്രിയായതോടെ ആളുകൂടി. മാടമ്പ് വീട്ടുകാരെ അനിയന്റെ കൂടെ അയച്ചിട്ട് മടങ്ങിവന്നു. ബഷീര്‍ വരുമെന്ന് കറന്റ് തോമസ് വന്നുപറഞ്ഞു. തോമാച്ചേട്ടന് ഇറങ്ങിയപാടെ വികെഎന്‍ പറഞ്ഞു. ”കള്ള നസ്രാണി ബഷീറിനെയും കുടുക്കിയോ. രണ്ടുകുപ്പി കള്ളു തന്ന് എഴുത്തുകാരെയൊക്കെ പാട്ടിലാക്കും. നസ്രാണിയെ കച്ചവടം ആരും പഠിപ്പിക്കേണ്ട.” വികെഎന്‍ ഇതു നേരിട്ടും പറയും. അതുകേട്ടാലും കറന്റ് തോമ എന്ന തോമസ് ചേട്ടന് ചിരിക്കും.
മംഗളോദയവും കൈരളിയുമൊക്കെ പച്ചതൊടാതെ നില്ക്കുമ്പോള് കറന്റ് ബുക്സ് മാത്രം കുതിച്ചുവളരുന്നത് ആ ചിരിയിലൂടെയാണ്.
തകഴിയും ബഷീറും എംടിയുമൊക്കെയുണ്ടെങ്കിലും ആ സദസ്സില്‍ ചെറുപ്പക്കാര്‍ക്കും അയിത്തമോ അകലമോ ഇല്ല. യു.കെ.കുമാരന്, കൊച്ചുബാവ, സി.വി. ബാലകൃഷ്ണന്, പുനത്തില്‍, പുതൂര്‍ എല്ലാവരും വരും.
രാത്രി കനത്തതോടെ ആളുകളുടെ എണ്ണം കൂടി. ആവശ്യത്തിന് വേണ്ടതെല്ലാം എത്തിച്ചിട്ടുണ്ട്.
കുടമാറ്റം കഴിഞ്ഞതോടെ നഗരത്തില്‍ ആളുകള്‍ തിക്കിത്തിരക്കി. വീട്ടിലേക്കു മടങ്ങുന്നവര്‍, രാത്രിപൂരത്തിനും വെടിക്കെട്ടിനും കാത്തിരിക്കുന്നവര്‍ അങ്ങനെ.
പുലര്‍ച്ചെ എപ്പോഴോ വെടിക്കെട്ടിന്റെ ശബ്ദം കേട്ടപ്പോഴാണ് പലരും ഞെട്ടിയുണര്‍ന്നത്.
എംടി ലോഡ്ജിലെ മുറിയിലേക്കുപോയിരുന്നു. വികെഎന്‍ കട്ടിലില്‍ കിടന്നുറങ്ങുന്നു. വെടിക്കെട്ട് കഴിഞ്ഞാല്‍ പിന്നെ പുരുഷാരം പിരിയും. ഇവിടെയും പലരേയും വീട്ടില്‍ക്കൊണ്ടു ചെന്നാക്കേണ്ട ചുമതല ഷംസുദ്ദീനുള്ളതാണ്. കറന്റ് തോമസിനും. അവര്‍ക്കതില്‍ സന്തോഷവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: