ഒട്ടേറെ പഴയ ബന്ധങ്ങള്‍ തെളിഞ്ഞുവരാന്‍ ഇടയാക്കിയ ഒരാഴ്ചയാണ് കടന്നുപോയത്. പഴയ സ്വയംസേവകരുടെ വാത്സല്യവും മമതയും ഒരിക്കല്‍ കൂടി അനുഭവിക്കാനുള്ള അവസരവും അതോടെ കൈവന്നു.
കേസരി വാരികയില്‍ മുന്‍ സര്‍കാര്യവാഹും കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെയും വിശ്വവ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവേകാനന്ദ കേന്ദ്രത്തിന്റെയും ഉപജ്ഞാതാവുമായിരുന്ന സ്വര്‍ഗീയ ഏകനാഥജി റാനഡേയുടെ ജന്മശതാബ്ദിയെ പുരസ്കരിച്ച് ഒരു അനുസ്മരണം എഴുതിയതിന്റെ പ്രതികരണങ്ങളാണ് അതിനു കാരണമായത്.
വിവേകാനന്ദ ശിലാസ്മാരക പ്രവര്‍ത്തനങ്ങള്‍ക്കായി വീടുവീടാന്തരം കയറി ധനശേഖരണം നടത്തിയതിന്റെ നേരിട്ടനുഭവമുള്ള ഒന്നോ രണ്ടോ പേരടക്കം ഡസന്‍ പേര് ഫോണില്‍ വിളിച്ച് അന്വേഷണങ്ങള്‍ നടത്തി. അവര്‍ക്കറിയേണ്ട കാര്യങ്ങളും വളരെ കൗതുകകരങ്ങളായിരുന്നു. പത്തനാപുരത്തുനിന്നു വിളിച്ചയാള്‍ക്ക് വിവേകാനന്ദ കേന്ദ്രം സന്ദര്‍ശിക്കാനും അവിടെ താമസിക്കാനുമുള്ള സൗകര്യങ്ങളാണ് ഏര്‍പ്പാടു ചെയ്യേണ്ടിയിരുന്നത്. കുറ്റിയാടിയില്‍ നിന്നുള്ള ചന്ദ്രന് വിവേകാനന്ദകേന്ദ്രവും സ്മാരകവും മറ്റും ഇപ്പോഴും സംഘത്തിന്റെ നിയന്ത്രണത്തിലാണോ എന്നറിയണം. അദ്ദേഹം ഇടയ്ക്കിടെ അവിടം സന്ദര്‍ശിച്ച് താമസിക്കാറുള്ള ആളാണത്രേ.
സംഘ സ്വയംസേവകര്‍ മുന്‍കൈയെടുത്ത് ധാരാളം സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആരംഭിക്കുകയും അവ മാതൃകാപരമായി, പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അവയ്ക്ക് സ്വതന്ത്രമായ പ്രവര്‍ത്തശൈലിയും പന്ഥാവുകളുമുണ്ട് എന്നും സംഘം അവയെ നിയന്ത്രിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പരമേശ്വര്‍ജിയാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനെന്നും സ്വയംസേവകരും അല്ലാത്തവരുമായ ഒട്ടേറെ പ്രശസ്തരടങ്ങുന്ന ഒരു സംഘം തന്നെ അതു നയിക്കാനായുണ്ടെന്നും അറിയിച്ചു.
സംഘത്തില്‍ നിന്ന് ലഭിച്ച ദൗത്യബോധവും സംസ്കാരങ്ങളും അവരില്‍ പ്രജ്വലിപ്പിക്കുന്നിടത്തോളം ആശങ്കയ്ക്കു വഴിയിലല്ലൊ. അവിടെ പാറയിലേക്കുള്ള കടത്തു സര്‍വീസ് കന്യാകുമാരി മൈനര്‍ തുറമുഖമാണ് നടത്തുന്നതെന്നും പഴയകാലത്തുണ്ടായിരുന്ന കോഴിക്കോട്ടുകാരെ കാണാത്തതുമാണ് ശങ്ക ഉളവാക്കിയതെന്നും മനസ്സിലായി.
കുറ്റിയാടിയില്‍ ശ്രീഗുരുജി ജന്മശതാബ്ദിയുടെ തയ്യാറെടുപ്പുകാലത്ത് ഒന്നുരണ്ടുദിവസം തങ്ങാനും ചില ശാഖകളില്‍ പോകാനുമുള്ള അവസരം ഈ ലേഖകനുണ്ടായി. ഞാന്‍ ഒരു രാത്രി തങ്ങിയ വീട്ടിലെ ആളാണ് താനെന്ന് പ്രസ്തുത ചന്ദ്രന് വെളിപ്പെടുത്തി. അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ ആ ഭാഗത്ത് പ്രചാരകനായിരുന്നപ്പോഴത്തെ സജീവ പ്രവര്‍ത്തകരെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അനേകം പേര് പ്രചാരകന്മാരായി പ്രവര്‍ത്തിച്ച് പരിചയപ്പെട്ടിട്ടുണ്ടെന്നും അവരില്‍ തൊടുപുഴക്കാരനായ കരുണാകരനാണ് തങ്ങളുടെ മനസ്സില്‍ ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കരുണാകരന് രണ്ടുവര്‍ഷം മുമ്പ് അന്തരിച്ചതും മകളുടെ വിവാഹം നടന്നതും ഞാന്‍ അറിയിച്ചു. ആ അവസരങ്ങളില്‍ നാദാപുരം ഭാഗത്തുനിന്ന് സ്വയംസേവകര്‍ എത്തിയ കാര്യവും പറഞ്ഞു. വിവരങ്ങള്‍ അറിയുന്നതിന്റെ കണ്ണികള്‍ നിലനില്‍ക്കാത്തതാണ് പ്രശ്നം. യഥാര്‍ത്ഥ പ്രചാരകന് എങ്ങനെയാകണമെന്നതിന് തങ്ങളുടെ മാതൃക അദ്ദേഹമാണ്. സംഘസ്ഥാനിലെ ശാഖയുടെ നടത്തിപ്പിനു മാത്രമല്ല;
ശാഖയ്ക്ക് പുറമെയുള്ള ജീവിതത്തിലും കാര്യകര്‍ത്താക്കളെ അദ്ദേഹം നയിച്ചു. പല കുടുംബങ്ങളിലെയും ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ അസ്വാരസ്യങ്ങള്‍ പോലും തന്റെ സമുചിതമായ ഉപദേശങ്ങളും അനുനയങ്ങളുംകൊണ്ട് പരിഹരിച്ച് ജീവിതം സുഗമമാക്കിയതിന് അവര്‍ ഈ മുപ്പതുവര്ഷത്തിനുശേഷവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവത്രെ.
ബാലുശ്ശേരിക്കടുത്ത് നന്മണ്ടയില് നിന്ന് ശ്രീധരനാണ് കുശലമന്വേഷിച്ച മറ്റൊരാള്‍. 1967 ല്‍ ആദ്യമായി, ജനസംഘ സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്ക് നന്മണ്ടയില് പോയപ്പോള്‍ ഏതാണ്ട് ഇന്നത്തെക്കാള്‍ എത്രയോ മടങ്ങ് ആവേശത്തിലായിരുന്നു അവിടുത്തെ പ്രവര്‍ത്തകര്‍. അല്‍പ്പം മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അടല്‍ജിയുടെ നേതൃത്വത്തില്‍ ജനസംഘം കൈവരിച്ച രാഷ്ട്രീയ മുന്നേറ്റം, രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന യുഗപരിവര്‍ത്തനത്തിന്റെ മുന്നോടിയായിരുന്നു. വാജ്പേയി, മധോക്, ഭണ്ഡാരി, സോന്ധി, മഹാവീര്‍ തുടങ്ങിയ നേതാക്കന്മാരുടെ പേര് ചേര്‍ത്താണ് നന്മണ്ടയിലെ പ്രവര്‍ത്തകര്‍ പരസ്പരം സംബോധന ചെയ്തത്.
നന്മണ്ട വാജ്പേയി, നന്മണ്ട മധോക് എന്നിങ്ങനെ. ശ്രീധരനുമായി സംസാരിക്കുമ്പോള്‍ ആ ഓര്‍മകളും പങ്കുവച്ചു. സംഘപ്രസ്ഥാനങ്ങള്‍ക്ക് നല്ല നല്ല നേതൃപാടവമുള്ള ഒട്ടേറെപ്പേരെ സംഭാവന ചെയ്ത ഒരു ചെറുഗ്രാമമായിട്ടാണ് ഞാന്‍ ആ സ്ഥലത്തെ കാണുന്നത്. പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ അക്കൂട്ടത്തില്‍ അഗ്രഗണ്യനാണ.
ഇത്രയേറെ പ്രചാരകന്മാരും അല്ലാതെയുമായുള്ള കാര്യകര്‍ത്താക്കളെ സംഘപ്രസ്ഥാനങ്ങള്‍ക്ക് സംഭാവന ചെയ്ത മറ്റൊരു ഗ്രാമം കേരളത്തിലുണ്ടാവുമെന്നു തോന്നുന്നില്ല. തന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങളെയും ഓര്‍മകളെയും വികാരനിര്‍ഭരമായി തന്നെ ശ്രീധരന് അറിയിച്ചപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞുപോയി.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ ഫോണ്‍ സന്ദേശങ്ങളെല്ലാംതന്നെ. എന്നാല്‍ അതിലേറെ ഉള്ളില്‍ തട്ടിയ സ്നേഹമസൃണമായ അന്വേഷണം വന്നത് ബംഗളൂരുവില്നിന്നായിരുന്നു. കോഴിക്കോട്ടെ സംഘവൃത്തങ്ങളില്‍ ആദരണീയനായി ദശകങ്ങളോളം നിറഞ്ഞുനിന്ന ശ്രീറാം ഗുര്‍ജറുടെ മകന് കിശോര്‍ വിളിച്ചപ്പോള്‍ വിസ്മയമായി. അദ്ദേഹത്തെ കണ്ടിട്ടുതന്നെ നിരവിധി വര്‍ഷങ്ങളായി. കേസരിയില്‍നിന്ന് ഫോണ്‍ നമ്പര്‍ അറിഞ്ഞുവിളിക്കുകയായിരുന്നു ശ്രീറാം. ഗുര്‍ജറുടെ വീട് അക്കാലത്ത് കോഴിക്കോട്ടെത്തിയ ഏതാണ്ടെല്ലാ സംഘ, ജനസംഘ പ്രമുഖര്‍ക്കും ആതിഥ്യമരുളിയിട്ടുണ്ട്.
ശ്രീറാംജിയുടെ അമ്മ ഭാഗീരഥി ഗുര്‍ജര്‍ കോഴിക്കോട് ജനസംഘ സമ്മേളനത്തിന്റെ മഹിളാവിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്നു. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ആ അമ്മ സമ്പര്ക്കത്തിനിറങ്ങി. പഠന ശിബിരങ്ങളില്‍ പങ്കെടുത്തുവന്നു. ഗുരുവായൂരിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവരെയുംകൊണ്ട് പോകുമ്പോള്‍ കാറിന്റെ മുന്‍സീറ്റില്‍ എന്നോടൊപ്പം കിശോറുമുണ്ടായിരുന്നു. പ്രായത്തില്‍ കവിഞ്ഞ ജിജ്ഞാസയോടെ ആ കുട്ടി ഉന്നയിച്ച സംശയങ്ങളും ചോദ്യങ്ങളും വളരെ കൗതുകകരമായിരുന്നു. അക്കാര്യങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ കിശോറിനോട് സംസാരിച്ചത്.അദ്ദേഹത്തിന്റെ അമ്മയ്ക്ക് അതായത് ശ്രീമതി ശ്രീറാം ഗുര്‍ജര്‍ക്ക് എന്നോട് സംസാരിക്കണമെന്നതിനാലാണത്രേ വിളിച്ചത്.
ശ്രീരാമിന്റെ ബിസിനസ് തകര്‍ന്ന് സര്‍വസ്വവും നഷ്ടപ്പെട്ട് കഴിയുന്ന അവസരത്തിന്റെ എറണാകുളത്തുവന്നുകണ്ടിരുന്നു. അന്ന് പ്രാന്തസംഘചാലകനായിരുന്ന അഡ്വ.ടി.വി.അനന്തേട്ടനുമായി, കരകയറാന്‍ എന്തെങ്കിലും മാര്‍ഗം കിട്ടുമോ എന്നന്വേഷിക്കാന്‍ വന്നതായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ട് ഈസ്റ്റ് ഹില്ലില്‍, സഹോദരിയുടെ വീട്ടില്‍ അത്യവശനായി കഴിയുമ്പോള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. ശരീരത്തില്‍ പലയിടങ്ങളിലും കുഴലുകളുമായി മലര്‍ന്നുമാത്രം കിടക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. പത്നിയും ഡോക്ടറായ സഹോദരിയും ഭര്‍ത്താവും ഉണ്ടായിരുന്നു.
ശാന്തനായി നിസ്സംഗതയോടെ ശ്രീറാമും നിസ്സഹായതോടെയെങ്കിലും തികഞ്ഞ ആത്മവിശ്വാസപൂര്‍വം ശ്രീമതിയും സംസാരിച്ചു. അക്കാലത്ത് കേസരിയുടെ ചുമതല വഹിച്ചിരുന്ന ശ്രീ ഗോപാല്‍ മല്ലര്‍ പതിവായി ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ച് ഉചിതമായതെല്ലാം ചെയ്യുന്നുണ്ടെന്നവര് പറഞ്ഞു. സംഭവബഹുലവും ഊര്‍ജസ്വലവും ആവേശദായകവുമായിരുന്ന ഒരു ജീവിതത്തിന്റെ അവസാനദിനങ്ങളുടെ പ്രശാന്തിയാണന്നു കണ്ടത്. കിശോര്‍ അമ്മയെ ഫോണ്‍ ഏല്‍പ്പിച്ചതോടെ അവര്‍ പഴയ സ്മരണകള്‍ ഓര്‍ത്തുകൊണ്ട് സംസാരിച്ചു. അനവധി കാലത്തിനുശേഷം ആ പരോക്ഷ സമാഗമത്തിനവസരമുണ്ടായത് ഏകനാഥജിയെക്കുറിച്ചെഴുതിയ ലേഖനമാണ്.
ഗുരുവായൂര്‍ ജില്ലാ സഹസംഘചാലകനായിരുന്ന സ്വര്‍ഗീയ ആര്യന്ജിയെ അനുസ്മരിച്ച് എഴുതിയ ചില കാര്യങ്ങളില്‍ പിശക് പറ്റിയതായി അദ്ദേഹത്തിന്റെ സ്യാലനും ഒല്ലൂര്‍ സംഘചാലകനുമായ ശ്രീപള്ളത്തേരി മാധവന് നമ്പൂതിരി, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിലെ ഗോശാല സമര്പ്പണാവസരത്തില് കണ്ടപ്പോള്‍ ചൂണ്ടിക്കാട്ടി. ദുര്‍ഗാദത്ത കവിതകള്‍ എന്നെ ഏല്‍പ്പിച്ചത് പേരാമംഗലം ശിബിരത്തില്‍ വെച്ച് തങ്ങള്‍ രണ്ടുപേരും ചേര്‍ന്നായിരുന്നുവെന്നും ഒല്ലൂരില്‍ പൂജനീയ രജ്ജുഭയ്യയോടൊപ്പം താനാണുണ്ടായിരുന്നതെന്നും ചതുരംഗത്തിലെ നീക്കങ്ങളെപ്പറ്റി എഴുതി അയച്ചതും ആര്യനല്ല താനാണെന്നും ശ്രീമാധവന്‍ നമ്പൂതിരി തിരുത്തി. എന്റെ ഓര്‍മയ്ക്ക് തകരാര്‍ വന്നുവെന്നു വ്യക്തം. പിശകിന് അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുകയും അത് ചൂണ്ടിക്കാട്ടിയതിന് നന്ദി അറിയിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: