മണ്ണാര്‍ക്കാട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന ചിണ്ടക്കി സ്കൂള്‍ തുടര്‍ച്ചയായി മൂന്നാം തവണയും നൂറുശതമാനം വിജയം കരസ്ഥമാക്കിയപ്പോള്‍ താലൂക്കിലെ പ്രഥമഹൈസ്കൂളായ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂളിനും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനിയുടെ ചരിത്രവിജയം.
കഴിഞ്ഞ രണ്ട് വര്‍ഷവും സമ്പൂര്‍ണവിജയം കരസ്ഥമാക്കിയ ചിണ്ടക്കി ആദിവാസി ഹൈസ്കൂളില്‍ മുപ്പത്തിയഞ്ച് കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയത്. അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന് അടിസ്ഥാനസൗകര്യങ്ങളില്ല. കരിങ്കല്‍ച്ചുമരുകളും ഷീറ്റിട്ട മേല്‍ക്കൂരയും തകര്‍ച്ചയുടെ വക്കിലാണ്. ആനവായ്, കടുകുമണ്ണ, തുടുക്കി, ഗലസി എന്നിവിടങ്ങളിലെ വിദൂര പ്രാക്തനഗോത്രവിഭാഗത്തില്പ്പെട്ട കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ഫാമിങ് സൊസൈറ്റിയുടെ തുച്ഛമായ ഫണ്ടുപയോഗിച്ചാണ് നിലവില്‍ ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍ക്കുള്ള ശമ്പളവും സൊസൈറ്റിയില്‍ നിന്നുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്ത് അടിസ്ഥാനസൗകര്യ വികസനമടക്കമുള്ളവ ചെയ്തുനല്‍കിയാല്‍ അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികളുടെ പഠനനിലവാരത്തിന് മാറ്റം വരുത്തുവാന്‍ ഉറപ്പായും കഴിയുമെന്ന് ഇവിടത്തെ അധ്യാപകര്‍ പറയുന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലായ വിദ്യാഭ്യാസജില്ല മണ്ണാര്ക്കാടാണെന്ന അപഖ്യാതിക്കിടയിലാണ് കെ.ടി.എം. ഹൈസ്കൂളിന്റെ അഭിമാനകരമായ ഈ നേട്ടം. പരീക്ഷയെഴുതിയ 177 വിദ്യാര്‍ഥികളും വിജയിച്ചു. ഒരാള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതോടൊപ്പം മറ്റു 9 പേര്‍ക്ക് 9 എ പ്ലസും ലഭിച്ചു. 2004 ല്‍ 14 ശതമാനം വിജയമുണ്ടായ ഈ വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷം ഇത് 97.8 ആയി ഉയര്‍ന്നിരുന്നു.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് തങ്ങള്‍ക്ക് ഈ നേട്ടമുണ്ടാക്കാനായതെന്ന് പ്രധാനാധ്യാപകന് പി. രാധാകൃഷ്ണന് പറഞ്ഞു. യു.പി., ഹൈസ്കൂള്‍ വ്യത്യാസമില്ലാതെ എല്ലാ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവന്ന പ്രഭാത,സായാഹ്ന,നിശ ക്ലാസുകളും ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേക ക്ലാസുകളും ഇതിന് മുതല്‍ക്കൂട്ടായി.
യഥാസമയം കൃത്യമായ പരീക്ഷകളും വ്യത്യസ്തനിലവാരത്തില്പ്പെട്ടവര്ക്ക് അതിനനുസൃതമായ പരിശീലനവും വിജയശതമാനം ഉയര്‍ത്താന്‍ സഹായിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ പരിപൂര്‍ണ സഹകരണവും വിദ്യാഭ്യാസവകുപ്പില്‍നിന്ന് വിരമിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. നാരായണന്റെയും മുന്‍ അധ്യാപകരുടെയും നിര്‍ദേശങ്ങളുമെല്ലാം ഈ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിച്ചതായി പ്രധാനാധ്യാപകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: