ഭാരത പ്രധാനമന്ത്രിക്ക് മുന്നില്‍ നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് കലാമണ്ഡലം കൃഷ്ണ. വിവിധ ശാസ്ത്രീയ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിക്കാണിക്കുവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം ജര്‍മനിയില്‍ സഫലമായപ്പോള്‍ ചിലങ്കയണിയാനുള്ള ഭാഗ്യമാണ് കൃഷ്ണയ്ക്ക് ലഭിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര മേളകളില്‍ ഒന്നായ ഹനോവര്‍ മെസേയില് ചിലങ്കകെട്ടിയാടുവാനായത് കൃഷ്ണ സുകൃതമായി കാണുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു ഹനോവര്‍ മേള. ഇവിടെ മുഖ്യാതിഥിയായി എത്തിയത് നരേന്ദ്രമോദിയായിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം വരുന്ന സദസ്യര്ക്കുമുന്നിലായി കൃഷ്ണ കുച്ചിപ്പുടിയാണ് അവതരിപ്പിച്ചത്.
തൃശുര് ജില്ലയിലെ ആമ്പല്ലൂര്‍ ചങ്കം പുത്തന്‍പുരക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണയുടെ ജീവിതത്തിലേക്ക് നൃത്തം വഴിതെറ്റി കയറിവന്നതൊന്നുമല്ല. അമ്മ കലാമന്ദിരം ശോഭന അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമാണ്. അതുകൊണ്ടുതന്നെ ഓര്‍മവച്ചകാലം മുതല്‍ താരാട്ടുപാട്ടുകളേക്കാളധികം കാല്‍ചിലങ്കയുടെ താളമാണ് കൃഷ്ണ കേട്ടിട്ടുള്ളത്.
പിച്ചവച്ചുതുടങ്ങിയപ്പോള് മുതല്‍ സ്വയമറിയാതെ വച്ചുപഠിച്ചതും താളത്തിനൊപ്പിച്ചുള്ള ചുവടുകളായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ ഗുരുവായൂരപ്പനുമുന്നിലായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് വേദികള്‍ ഒന്നൊന്നായി കീഴടക്കിക്കൊണ്ടേയിരുന്നു.ഹൈസ്കൂള്‍ തലം മുതല്‍ ബിരുദം വരെ പഠിച്ചത് കേരള കലാമണ്ഡലത്തില്‍. ഇവിടെ നിന്നും മോഹിനിയാട്ടത്തില്‍ ബിരുദം കരസ്ഥമാക്കി. അതിനുശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംഫില്ലും നേടി.
ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അരങ്ങില്‍ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണ ശ്രദ്ധേയയാകുന്നത്. സൗന്ദര്യലഹരിയിലെ ഏഴ് ശ്ലോകങ്ങളില്‍ അഞ്ച് ശ്ലോകങ്ങള്‍ക്കാണ് കൃഷ്ണ നൃത്താവിഷ്കാരം നല്‍കിയത്. ദേവിയുടെ ശ്രേഷ്ഠഭാവങ്ങള്, അര്‍ധനാരീശ്വര സങ്കല്പം, ഗണപതീചേഷ്ടകള്, ഹംസവിലാസങ്ങള്, സരസ്വതീ ദേവിയുടെ വീണാവാദനം, ശിവന്റെ ത്രിപുരാ ദഹനം, ആനന്ദഭൈരവ നൃത്തം എന്നിവയാണ് കൃഷ്ണ ഗുരുവായൂരപ്പന് മുന്നില്‍ അവതരിപ്പിച്ചത്.
കേരളത്തിനകത്തും പുറത്തുമായി അനേകം വേദികളില്‍ നൃത്താസ്വാദകരുടെ കണ്ണും മനസ്സും നിറയ്ക്കുവാന്‍ കൃഷ്ണയ്ക്ക് സാധിച്ചു. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ കുച്ചിപ്പുടിയില്‍ ഗവേഷണം നടത്തുകയാണ് കൃഷ്ണയിപ്പോള്‍. ഇവിടെ താത്കാലിക അധ്യാപികകൂടിയാണ് കൃഷ്ണ. ലോകം ആരാധനയോടെ നോക്കിക്കാണുന്ന നരേന്ദ്രമോദിക്ക് മുന്നില്‍ നൃത്തം അവതരിപ്പിക്കാന്‍ സാധിച്ചപ്പോള്‍ ഒരു പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: