പൂച്ചാക്കല്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ അനധികൃത അറവുശാലകള്‍ വ്യാപകമാകുന്നു, നിയമം ലംഘിക്കുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. താലൂക്കിലെ വടക്കന്‍ പ്രദേശങ്ങളിലെ അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, ചേന്നംപള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതും നിയമം ലംഘിച്ച് അറവുമാടുകളോട് ക്രൂരത തുടരുന്നതും.
രോഗം ബാധിച്ച മാടുകളെവരെ അറവുചെയ്ത് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജനങ്ങള്‍ പരാതിപ്പെട്ടിട്ടുപോലും നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അനങ്ങാപ്പാറ നയം തുടരുകയാണ്. അറവുമാടുകളെ പരിശോധിച്ചതിനുശേഷം രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക നിര്‍ദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ മറ്റൊരു നടപടിയും എടുക്കാറില്ല. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടുകൂടിയാണ് പല അറവുശാലകളും പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞദിവസം പൂര്‍ണഗര്‍ഭിണിയായ പശുവിനെ അറവുചെയ്യുകയും ഉദരത്തിലുണ്ടായിരുന്ന പശുക്കിടാവിനെ അരുംകൊലചെയ്ത് പൊതുതോടില്‍ തള്ളിയതും പൂച്ചാക്കല്‍ ജങ്ഷനു സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലയാണെന്ന് ആരോപണമുണ്ട്. അറവൂമാലിന്യങ്ങള് പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപം പൊതുതോടില്‍ തള്ളിയതിനൊപ്പമാണ് പശുക്കിടവിനെ അരുംകൊലചെയ്ത ശരീരഭാഗങ്ങളും കണ്ടെത്തിയത്. മാര്‍ക്കറ്റിലെത്തുന്നവരും വ്യാപാരികളും ഉപയോഗിച്ചിരുന്ന തോടിന്റെ കടവിലാണ് അറവുമാലിന്യം തള്ളിയിരിക്കുന്നത്.
മാലിന്യസംസ്കരണ സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലക്കു മുന്‍പ് ആരോഗ്യവകുപ്പു നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുകയാണ്. പഞ്ചായത്തുഭരണസമിതിയും ഇക്കാര്യത്തില്‍ നോക്കുകൂത്തികളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുണ്ട്. അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുളുടെ നേതൃത്വത്തില്‍ പൂച്ചാക്കല്‍ ജങ്ഷനില്‍ പ്രകടനം നടത്തി. സംഘടനാ ഭാരവാഹികളായ കെ.എം. മഹേഷ്, വിമല്‍ രവീന്ദ്രന്, പി. പ്രശാന്ത്, ഉണ്ണി, അഡ്വ. ബി. ബാലാനന്ദ്, കെ. രാജേഷ്, എം.ആര്. ജയദേവ്, യോഗേഷ്, പ്രശാന്ത്, സഹജന്, സന്തോഷ് കുമാര്‍, ബിപിന്‍ ചന്ദ്രലാല്‍, മിഥുന്‍ലാല്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: