ചെങ്ങമനാട്: തെക്കേ അടുവാശ്ശേരി ശ്രീ വാസുദേവപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടലക്ഷ്മി താംബൂല സമര്‍പ്പണം ചൊവ്വാഴ്ച അക്ഷയ തൃതീയ നാള് മുതല്‍ തുടങ്ങും. വര്‍ഷത്തില്‍ എട്ടുദിവസം മാത്രം നടക്കുന്ന വിഷേഷ ചടങ്ങാണിത്.
മഹാലക്ഷ്മി എട്ടുദിവസം എട്ടു ഭാവങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളില്‍ നടയില്‍ അഭീഷ്ട സിദ്ധിക്കായി വെറ്റില, അടയ്ക്ക, പണം എന്നിവ തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കുന്ന വഴിപാടാണ് താംബൂല സമര്‍പ്പണം.
21 ന് ഉച്ചയ്ക്ക് കളഭാഭിഷേകത്തിനുശേഷം വീരലക്ഷ്മി ഭാവത്തില്‍ ദേവി ദര്‍ശനമരുളും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗജ ലക്ഷ്മി, സന്താന ലക്ഷ്മി, വിജയ ലക്ഷ്മി, ധാന്യ ലക്ഷ്മി, ആദി ലക്ഷ്മി, ധന ലക്ഷ്മി ഭാവങ്ങളിലാണ് ദേവിസാന്നിദ്ധ്യം. ഓരോ ദിവസത്തെ ദര്ശനഫലമറിഞ്ഞാണ് ഭക്തര്‍ താംബൂലം സമര്‍പ്പിക്കുന്നത്.
മന്ത്രോച്ചാരണത്തോടെയുള്ള അരി, മഞ്ഞള്‍ പറ നിറക്കല്‍, പട്ടും വാല്‍ക്കണ്ണാടിയും സമര്‍പ്പണം എന്നിവയും പ്രധാന വഴിപാടുകളാണ്. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12.30 വരേയും വൈകീട്ട് 4.30 മുതല്‍ രാത്രി 8.30 വരെയുമാണ് നട തുറക്കുക. ഈ സമയത്തേ വഴിപാട് സമര്‍പ്പിക്കാനാകൂ. വെറ്റില, അടയ്ക്ക തുടങ്ങിയ വഴിപാട് സാധനങ്ങള്‍ ക്ഷേത്രം കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ഭക്തര്‍ക്ക് രാവിലെയും ഉച്ചയ്ക്കും ഊട്ടുപുരയില്‍ ഭക്ഷണവും ലഭിക്കും. ഉത്സവം 28 ന് മഹാലക്ഷ്മി സാന്നിധ്യത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: