തുറവൂര്‍: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ജീവന്‍രക്ഷാസമിതിയുടെ പ്രവര്‍ത്തനം മാതൃകയാകുന്നു. പട്ടണക്കാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മേനാശേരില് പാട്ടുവെളിത്തറ സിഞ്ചപ്പന്-സ്വപ്നാ ദമ്പതികളുടെ മകള്‍ ഏഴു മാസം പ്രായമായ ശ്രീനന്ദനയുടെ ചികിത്സയ്ക്കായി കഴിഞ്ഞ മാര്‍ച്ച് എട്ടിന് 19 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച 11,85,200 രൂപയില്‍ ചികിത്സാ അനുബന്ധ ചെലവുകള്‍ കഴിഞ്ഞ് ബാക്കിയുളള 10,21,472 രൂപ പട്ടണക്കാട് പഞ്ചായത്തിലെ കാന്‍സര്‍, വൃക്ക, കരള്‍ രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുമെന്ന് ജീവന് രക്ഷാസമിതി ഭാരവാഹികള്‍ അറിയിച്ചു.
ശ്രീനന്ദനയുടെ ചികിത്സയ്ക്കായി സമാഹരിച്ച തുകയില്‍ ഒരു ലക്ഷം രൂപ അച്ഛന്റെ കൈവശം നല്‍കുകയും ഒന്നരലക്ഷം രൂപ ആശുപത്രിയുടെ അക്കൗണ്ടിലും നല്‍കിയിരുന്നു. ശ്രീനന്ദനയുടെ ചികിത്സയ്ക്കായി പട്ടണക്കാട്- മാന്നാര്‍ പഞ്ചായത്തുകള്‍ ധനസമാഹരണം നടത്തിയിരുന്നു. മാന്നാര്‍ പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത് ജീവന് രക്ഷാസമിതിയുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചിരുന്നു. ഇത്രയും സഹായം നല്‍കിയിട്ടും കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് മിച്ചം വന്ന തുക ജീവന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
പട്ടണക്കാട് പഞ്ചായത്തിലെ നിര്‍ധനരായ കാന്‍സര്‍, വൃക്ക, കരള്‍ എന്നിവ സംബന്ധമായ രോഗികള്‍ അതത് വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന പട്ടണക്കാട് പഞ്ചായത്ത് കമ്മറ്റിക്ക് ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജീവന് രക്ഷാസമിതിയുടെ ചികിത്സാ സഹായത്തിന് അപേക്ഷിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതിരാജന്‍, വൈസ് പ്രസിഡന്റ് എം.കെ. ജയപാല്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: