അമ്പലപ്പുഴ: കാറുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. കാര്‍ യാത്രക്കാരും മത്സ്യത്തൊഴിലാളികള്ക്കുമുള്പ്പെടെ പത്തുപേര്‍ക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യം കാലമുക്ക് സിയോണ്‍ തുരുത്തില് ഡോ. വര്‍ഗീസ് (54), ഭാര്യ ഡോ. സാറാ വര്‍ഗീസ് (53), മകന് ഡോ. നവീന്‍ (24), കാര്‍ത്തികപ്പള്ളി ചിങ്ങോലി പള്ളിപ്പറമ്പില്‍ ബാബു (49), സഹോദരന് ഷാജി (40), ഷാജിയുടെ ഭാര്യ മായ (35), ബന്ധുക്കളായ ശാന്തമംഗലം വീട്ടില്‍ നന്ദകുമാര്‍ (52), കേശവന്പിള്ള (52) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ദേശീയപാതയില്‍ അമ്പലപ്പുഴ കരൂര്‍ ജങ്ഷന് വടക്ക് ഏപ്രില്‍ 19ന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ കാറുകളിലൊന്ന് ദേശീയപാതയോരത്ത് വലകുടഞ്ഞ് മത്സ്യ വില്പന നടത്തുകയായിരുന്ന കരൂര്‍ പാടക്കകം വീട്ടില്‍ മോഹനന് (56), മാമ്പലയില്‍ രാജു (42) എന്നിവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും അമ്പലപ്പുഴ പോലീസും ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡോ. വര്‍ഗീസ്, മത്സ്യത്തൊഴിലാളി മോഹനന് എന്നിവരുടെ പരിക്ക് സാരമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: