ചേര്‍ത്തല: ദേശീയപാതയിലെ പോലീസ് സ്റ്റേഷന് കവലയില്‍ അപകടങ്ങള്‍ പെരുകുന്നു, അധികൃതരുടെ നിസംഗത അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍. രണ്ടാഴ്ചക്കുള്ളില്‍ രണ്ട് പേരാണ് ഇവിടെ അപകടത്തില്‍പെട്ട് മരിച്ചത്. പതിനഞ്ചോളം പേരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസവും ബൈക്ക് യാത്രക്കാരന് അപകടത്തില്‍ പെട്ടിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ പ്രദേശവാസികള്‍ ക്ഷുഭിതരാണ്.
തേങ്ങാപ്പുരയ്ക്കല്‍ കെ. ഉണ്ണിക്കൃഷ്ണനും, കുറുപ്പംകുളങ്ങര പുതുവീട്ടില്‍ പടിഞ്ഞാറേവെളിയില് വിക്രമപ്പണിക്കരും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇവിടെ വാഹനാപകടത്തില്‍പെട്ട് മരണമടഞ്ഞത്. റോഡ് കടക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍ പെട്ടത്. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗതയും ഈ ഭാഗത്തെ റോഡിന്റെ വളവുമാണ് അപകടങ്ങള്‍ പെരുകുന്നതിന് കാരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ അപകടങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനക്കാരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്. ആഞ്ഞിലിപ്പാലം ലെവല്‍ ക്രോസ് തുറന്ന് കൊടുത്തതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ തിരക്ക് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഭാഗങ്ങളായ അര്‍ത്തുങ്കല്‍, അരീപ്പറമ്പ്, കണിച്ചുകുളങ്ങര, ചെത്തി, ചേന്നവേലി സ്ഥലങ്ങളെ നഗരവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്.
നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ താലൂക്കാശുപത്രിയുള്‍പ്പെടെ നഗരത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മറ്റും എത്തുന്നതിന് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഈ വഴി ദേശീയപാത കടക്കുന്നവരുടെ എണ്ണം പതിന്മടങ്ങായെങ്കിലും നാലു ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കും അപകടങ്ങളില്ലാതെ കടന്നുപോകുന്നതിന് യാതൊരു സംവിധാനങ്ങളുമില്ല. സിഗ്നല്‍ സംവിധാനവും, ഹമ്പും സ്ഥാപിക്കുകയും ട്രാഫിക് ഉദ്യോഗസ്ഥരെ പതിവായി ഇവിടെ നിയമിക്കുകയും വേണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിട്ടില്ല. മേഖല അപകടരഹിതമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: