കോട്ടയം: കോട്ടയത്തുകാര്‍ക്ക് ലോഫ്ളോര്‍ ബസില്‍ കയറാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം. കോട്ടയം ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്താനായി അഞ്ചുലോഫ്ളോര് എസി ബസുകള്‍ ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും സര്‍വ്വീസ് ഉദ്ഘാടനം ചെയ്യാന്‍ 24 വരെ കാത്തിരിക്കണം. 24ന് രാവിലെ 10ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. അതിനുശേഷമേ ബസ് സര്‍വ്വീസ് ആരംഭിക്കാനാവൂയെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
35 ലോഫ്ളോര്‍ ബസുകളാണ് കേന്ദ്രപദ്ധതിയില്‍പ്പെടുത്തി കോട്ടയത്തിന് ലഭിക്കുന്നത്. ഇതില്‍ 5 ബസുകള്‍ കോട്ടയത്തെത്തിക്കഴിഞ്ഞു. കോട്ടയം- മുണ്ടക്കയം, കോട്ടയം- എറണാകുളം, കോട്ടയം- പാലാ, ഈരാറ്റുപേട്ട, കോട്ടയം- ചെങ്ങന്നൂര്‍ എന്നീ റൂട്ടുകളിലാണ് ലോഫ്ളോര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. കോട്ടയം- ചെങ്ങന്നൂര്‍ സര്‍വ്വീസ് ഓഡിനറിയായാണ് സര്‍വ്വീസ് നടത്തുന്നത്.
പുതിയ ബസുകള്‍ എത്തിയെങ്കിലും ഇതിന് സര്‍വ്വീസ് നടത്താനുള്ളപെര്മിറ്റ് ഇതുവരെയും നേടിയിട്ടില്ലെന്നാണ് സൂചന. അനുവാദത്തിനുള്ള അപേക്ഷ കെഎസ്ആര്‍ടിസി എക്സിക്യൂട്ടിവ് ഡയറക്ടര്‍ (ഓപ്പറേഷന്)ക്ക് സമര്‍പ്പിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. കെഎസ്ആര്‍ടിസി പമ്പിനുസമീപവും ഗാരേജിനു സമീപമുവമായി നിലവില്‍ കോട്ടയത്തിന് അനുവദിച്ച ബസുകള്‍ മാറ്റിയിട്ടിരിക്കുകയാണ്. മന്ത്രിയുടെ സമയം കൂടി കണക്കിലെടുക്കേണ്ടതുകൊണ്ടാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് സൂചന. ഫലത്തില്‍ ബസുകള്‍ ലഭിച്ചിട്ടും പത്തുദിവസത്തോളം കാത്തുകിടക്കേണ്ടിവരും ഈ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍.
പുതിയ ബസുകള്‍ ലഭിക്കുമ്പോഴും കോട്ടയം ഡിപ്പോയില്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഷെഡ്യൂളുകള്‍ പോലും ഫലപ്രദമായി നടത്താന്‍ കഴിയാതെ ഉഴലുകയാണ്. ജീവനക്കാരുടെ അഭാവമാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാനിടയാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഡ്രൈവര്‍മാരുടെ കുറവാണ് ഏറെയുള്ളത്. നിലവില്‍ അറുപതോളം ഡ്രൈവര്‍മാര്‍ കുറവുണ്ട്. പുതിയ സര്‍വ്വീസുകള്‍ കൂടി തുടങ്ങുന്നതോടെ 90 ഡ്രൈവര്‍മാരുടെ കുറവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരില്ലാത്തതുമൂലം ഇപ്പോള്‍ത്തന്നെ ദിനംപ്രതി പത്തോളം ഷെഡ്യൂളുകള്‍ കാന്‍സല്‍ ചെയ്യുന്നുണ്ട്. 270ലേറെ ഡ്രൈവര്‍മാരാണ് ഇപ്പോഴുള്ളത്. ഇവരില്‍ 21 പേര് ദീര്‍ഘകാല അവധിയിലാണ്. എം പാനല്‍ ലിസ്റ്റില്‍പ്പെട്ടവരും സ്ഥിരമായി വരാറില്ലാത്തവരുണ്ട്. ദിനംപ്രതി ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതുകൊണ്ട് ഡിപ്പോയിലെ വരുമാനത്തിലും സാരമായ കുറവുണ്ടാകുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: