ആലപ്പുഴ: കോമളപുരത്തെ പുനരുദ്ധരിച്ച കേരള സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ തുറക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്കുന്നതു സംബന്ധിച്ച് തിരുവനന്തപുരത്തു ചേരുന്ന ഉന്നതതലയോഗം ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ധനമന്ത്രി, വ്യവസായ മന്ത്രി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷികളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ എന്നിവരുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോള്‍ മുമ്പ് ഇവിടെ ജോലിചെയ്തിരുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നത് സാമാന്യനീതിയാണ്. തത്വത്തില്‍ സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രായപരിധി നിശ്ചയിച്ച്, മുമ്പ് ജോലി ചെയ്തിരുന്നവരില് താല്പര്യപൂര്വം മുന്നോട്ടുവരുന്നവരെ ആദ്യം പരിഗണിക്കും.
മില്‍ തുറക്കാനായി ടെക്സ്റ്റൈല്‍ കോര്പറേഷന് എം.ഡി. ആവശ്യപ്പെടുന്ന 20 കോടി രൂപയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. മില്ലിലെ യന്ത്രങ്ങള്‍ക്ക് കുഴപ്പമില്ലെന്നും അസംസ്കൃതവസ്തുക്കള്‍ ലഭ്യമാകുന്നതിനും മാര്‍ക്കറ്റിങ്ങിനും തടസമില്ലെന്നും ടെക്സ്റ്റൈല്‍ കോര്പ്പറേഷന് എംഡി: എ.വി. രാജന് മുഖ്യമന്ത്രിയെ അറിയിച്ചു. 334 തൊഴിലാളികളുള്‍പ്പടെ മുന്നൂറ്റി അമ്പത്തിരണ്ട് ജോലിക്കാരാണ് മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഘട്ടമായി മില്ല് പ്രവര്‍ത്തിപ്പിക്കുക എന്നതാണ് കൂടുതല്‍ പ്രായോഗികമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. സ്പിന്നിങ് സമയബന്ധിതമായി ഉടനെ തുടങ്ങാന്‍ കഴിയും. വീവിങ് തുടങ്ങാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം ആവശ്യമാണ്. വൈദ്യുതി ലഭ്യമാക്കാന്‍ അടിയന്തരമായി കെഎസ്ഇബി 2.3 കോടി രൂപ ആവശ്യപ്പെടുന്നുന്നെും അദ്ദേഹം പറഞ്ഞു. സ്പിന്നിങ് ഉടനെ ആരംഭിക്കാന്‍ എത്ര രൂപ വേണ്ടിവരുമെന്നും മറ്റുമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തി തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തിനെത്താന് മുഖ്യമന്ത്രി ടെക്സ്റ്റൈല്‍ കോര്പറേഷന് എംഡിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: