കുറവിലങ്ങാട് : ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികള്‍ ഒരുപോലെ അന്വേഷിക്കുന്ന കുര്യനാട് പെരിക്കലത്തേല്‍ ടോമി, സഹോദരന് ബേബി എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് എറണാകുളം ജില്ല സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന ഗൗരവമുളള കാര്യങ്ങളായതുകൊണ്ട് അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ടോമിയുടേയും സഹോദരന് ബേബിയുടേയും മരണം കൊലപാതകമാണെന്ന് സൂചനകളിലേയ്ക്കാണ് എസ്.ഐ.റ്റി.യുടെ റിപ്പോര്‍ട്ട്. ബന്ധുക്കളുടേയും ടോമിയുടെ ഭാര്യയുടേയും പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യെ അന്വേഷണ ചുമതല ഏല്‍പ്പിച്ച് ഉത്തരവായത്. എന്നാല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും തൃപ്തികരമല്ല എന്നും കാണിച്ച് വീണ്ടും സര്‍ക്കാരിന് പരാതി നല്കിയതിനാല് നിലവിലുളള അന്വേഷണ സംഘത്തിന് സമാന്തരമായി സ്പെഷ്യല്‍ അന്വേഷണസംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് നല്കിയിട്ടില്ലാത്തതും കേസ് അട്ടിമറിക്കുവാനോ നീട്ടിക്കൊണ്ടുപോകാനോ ഉള്ള ഗൂഢാലോചനയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
2014 ജൂണ്‍ ആറാം തീയതി വീട്ടില്‍ നിന്ന് കുര്യനാട് കവലയിലേയ്ക്ക് പതിവുപോലെ പോയ ടോമിയുടെ മൃതദേഹം ഏഴിന് രാവിലെ സ്വന്തം പുരയിടത്തിലെ ചുറ്റുമതില്‍ പോലും ഇല്ലാത്ത കിണറ്റില്‍ കാണപ്പെടുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്ത്പോയ ടോമി തിരിച്ച് വരാതിരിക്കുകയും ടോമിയെ വീടിന് പരിസരത്ത് ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ മൊഴികളുമാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുളള ആരോപണത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്.
ടോമി മരിച്ചുകിടന്ന കിണറിന്റെ അരികിലെ കൈത്തോടില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെങ്കിലും പോലീസ് ഇവ കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല അവശ്ഷിക്കുന്ന തെളിവുകള്‍ ശേഖരിക്കാതെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടയില്‍ ജൂണ്‍ 11 ബുധനാഴ്ച രാത്രി മുതല്‍ സഹോദരന് ബേബിയെ കാണാതാവുകയും ജൂണ്‍ 12ന് കടുത്തുരുത്തി ആപ്പാഞ്ചിറയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതും നാട്ടുകാര്‍ക്ക് സംശയം വര്‍ദ്ധിപ്പിക്കുകയായിരുന്നു. മരിച്ച ബേബിയ്ക്ക് ടോമിയുടെ മരണത്തില്‍ സുഹൃത്തായ റോബിന് ഉള്‍പ്പടെ ഏതാനും പേരെ സംശയമുള്ളതായി പരിസരവാസികളോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ചിന് സമാന്തരമായി കേസന്വേഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണം പുരോഗതിയിലാണ്.
കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.യു. സുനില്‍കുമാറിനാണ്. ക്രൈം ബ്രാഞ്ച് എസ്.ഐ.ടി. യുടെ അന്വേഷണ ചുമതല സി.ഐ. വി.കെ. രാജുവിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: