ആലപ്പുഴ: കടപ്പുറത്തെ ഇഎസ്ഐ ആശുപത്രിയില്‍ നാലുവയസുകാരിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ആലപ്പുഴ സ്വദേശി സുനില്‍കുമാറിന്റെ മകള്‍ അനഘയ്ക്കാണ് ചികിത്സ നിഷേധിച്ചത്. ഏപ്രില്‍ 16ന് ഉച്ചയോടെയായിരുന്നു സംഭവം.
വയറിളക്കവും പനിയും ബാധിച്ച കുട്ടിയുമായി അമ്മയാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. കുട്ടിക്ക് രോഗം കലശലായതിനാല്‍ അമ്മ ക്യൂ തെറ്റിച്ച് ഡോക്ടറുടെ അടുത്തെത്തിയെങ്കിലും ഡോക്ടര്‍ മടക്കി അയക്കുകയായിരുന്നു. പിന്നീട് ക്യൂ നിന്ന് എത്തിയപ്പോഴും ചികിത്സിക്കാന്‍ സൗകര്യമില്ലെന്നും വേറെ എവിടെയെങ്കിലും കൊണ്ടുപോകാനും ഡോക്ടര്‍ ധിക്കാരത്തോടെ ആവശ്യപ്പെടുകയായിരുന്നു. ഇനി ഈ കുട്ടിയെ താന്‍ ചികിത്സിക്കില്ലെന്നു പറഞ്ഞ ഡോക്ടര്‍ മാതാപിതാക്കളെ അവഹേളിക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായിരുന്നവരും ജീവനക്കാരും അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍ അശ്വിനി വഴങ്ങിയില്ല.
പിന്നീട് മന്ത്രി ഷിബു ബേബിജോണിനെ വിവരമറിയിച്ചു. അദ്ദേഹം ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ ചികിത്സിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. വൈകിട്ടു വരെ അമ്മയും കുട്ടിയും ചികിത്സ തേടി കാത്തിരുന്ന് വലഞ്ഞെങ്കിലും ഫലമുണ്ടായില്ല. സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഡോക്ടര്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത്തരത്തില്‍ രോഗികളോട് യാതൊരുവിധ ഉത്തരവാദിത്വവുമില്ലാതെ പെരുമാറിയത്.
തൊഴിലാളികള്‍ക്കായി സ്ഥാപിച്ച ആശുപത്രിയില്‍ ഒരു തൊഴിലാളിയുടെ കുട്ടിക്ക് ചികിത്സ നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് സെക്രട്ടറി വി. രാജേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: