പാലക്കാട്: മലമ്പുഴ ഉദ്യാനം കാണാനെത്തുന്ന സഞ്ചാരികളെ കച്ചവടക്കാര്‍ കൊള്ളയടിക്കുന്നു. പാക്ക് ചെയ്തവയുള്പ്പെടെയുള്ള സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാണ് ചില വ്യാപാരികള്‍ പിഴിച്ചില്‍ നടത്തുന്നത്. ഇത് ചോദ്യം സഞ്ചാരികള്‍ക്ക് കച്ചവടക്കാരുടെ ക്രൂരമര്‍ദനമേറ്റതായി പരാതി.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്തതാണ് കഴിഞ്ഞദിവസം മര്‍ദനത്തില്‍ കലാശിച്ചത്. കുളപ്പുള്ളി സ്വദേശികളായ എട്ടോളം യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. 15ന് വൈകീട്ടാണ് സംഭവം. 20 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളത്തിന് ഇവിടെ 25 രൂപ ആവശ്യപ്പെടുകയായിരുന്നു. യുവാക്കള്‍ ഇതു ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. പിന്നീട് ഉദ്യാനം സന്ദര്‍ശിച്ച് പുറത്തെത്തിയ യുവാക്കള്‍ പുഴുങ്ങിയ ചോളം വാങ്ങാന്‍ ശ്രമിച്ചപ്പോഴും ഇരട്ടിവില ചോദിച്ചതായി പറയുന്നു.
ഇതും ചോദ്യം ചെയ്തതോടെ കച്ചവടക്കാര്‍ സംഘടിതമായി ഇവരെ പട്ടിക കഷ്ണങ്ങളും മുളവടിയും കൊണ്ട് മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് മര്‍ദനമേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഇവരില്‍ നിന്ന് മൊഴിയെടുത്തിട്ടില്ല. മൊഴിയെടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവാക്കള്‍ ഡിസ്ചാര്‍ജ് വാങ്ങി പോയെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, മര്‍ദനം നടക്കുമ്പോള്‍ ടൂറിസം പോലീസ് സ്ഥലത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മലമ്പുഴ ഉദ്യാനത്തിന് അകത്തും പുറത്തും ഭക്ഷണസാധനങ്ങള്‍ക്കും മറ്റും അമിത വില ഈടാക്കുന്നതായുള്ള പരാതി വ്യാപകമാണ്.മലമ്പുഴ കാര്‍പാര്‍ക്ക് കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പനയും സജീവമാണെന്ന് പരാതിയുണ്ട്.
ബാറുകള്‍ നിര്‍ത്തലാക്കിയത് മുതലെടുത്താണ് ഇവിടെ മദ്യവില്‍പ്പന പൊടിക്കുന്നത്. ബീവറേജുകളില്‍ നിന്നും എത്തിക്കുന്ന മദ്യമാണ് ഇവിടെ വില കൂട്ടി വില്‍ക്കുന്നത്. ബീവറേജ് അവധി ദിവസങ്ങളില്‍ വില ഇരട്ടിയിലധികമാവും. കച്ചവടക്കാരില്‍ ചിലരും മദ്യപിച്ചാണ് വില്‍പ്പനക്ക് നില്‍ക്കുന്നതെന്നും പരാതിയുണ്ട്. മലമ്പുഴ കാര്പാര്ക്കില് കച്ചവടം നടത്തുന്നതിനു 17 ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: