കുന്നത്തൂര്‍: പടിഞ്ഞാറെ കല്ലട കടപുഴ ആറിന്റെ തീരത്തെ ഐഎന്‍ടിയുസി മണല്‍വാരല്‍ തൊഴിലാളി യൂണിയന്റെ ഓഫീസില്‍ പരസ്യമായി പട്ടാപ്പകല്‍ മദ്യപിച്ച് കൊണ്ടിരുന്ന സിപിഎമ്മിന്റെ കടപുഴ ബ്രാഞ്ച് കമ്മിറ്റിയിലെ പ്രമുഖ നേതാവ് പോലീസ് പിടിയിലായി. ഒപ്പം മദ്യപിച്ച് കൊണ്ടിരുന്ന സിപിഐയുടെ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയോടെയാണ് ശാസ്താംകോട്ട എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം പകലും രാത്രിസമയങ്ങളിലും പരസ്യമായി ഈ യൂണിയന് ഓഫീസില്‍ മദ്യപാനവും മറ്റും നടന്നുവരികയായിരുന്നു.
ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സിപിഎം നേതാവ് ഓടാന്‍പോലും കഴിയാത്തവിധം അബോധാവസ്ഥയിലായിരുന്നു.
എന്നാല്‍ പോലീസ് പിടിയിലായ പ്രതിയുമായി എത്തുന്നതിന് മുമ്പായി പ്രധാന സിപിഎം നേതാക്കള്‍ സ്റ്റേഷനിലെത്തുകയും പോലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ബ്രാഞ്ച് കമ്മിറ്റി അംഗത്തെ കേസില്‍ നിന്നൊഴിവാക്കി പകരം ഡിവൈഎഫ്ഐയുടെ സാധാപ്രവര്ത്തകന്റെ പേരില്‍ കേസ് മാറ്റി. പോലീസ് പരസ്യ മദ്യപാനത്തിന് കേസെടുത്ത് ഇയാളെയും വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: