ആരോഗ്യപൂര്‍ണ്ണമായ രാജ്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയാണ് ഇന്ദ്രധനുഷ്.
2014 ഡിസംബര്‍ 25ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തുടക്കം കുറിച്ച പദ്ധതിയാണിത്. രാജ്യത്തെ ശിശു മരണ നിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതിരോധ കുത്തിവെയ്പ്പും തുള്ളിമരുന്നുകളും വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവെയ്പ്പ് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഇന്ദ്രധനുഷിന് ലഭിച്ചു വരുന്നത്.
ഇതുപ്രകാരം ശിശുവിന് മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശക്തി നല്കുന്ന കുത്തിവെയ്പ്പും സൗജന്യമരുന്നുകളും വിതരണം ചെയ്യാന്‍ ലക്ഷ്യം വെച്ചാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിനു കീഴിലായി കേന്ദ്ര സര്‍ക്കാരിന്റെ, പരിശീലനം പൂര്‍ത്തീകരിച്ച പ്രത്യേക സംഘമാണ് പ്രതിരോധ പ്രോഗ്രാമുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. 28 സംസ്ഥാനങ്ങളിലായി 1.4 ലക്ഷം പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
രണ്ടു വയസ്സുവരെയുളള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ഗര്‍ഭിണികള്‍ക്ക് കുത്തിവെയ്പ്പ് നല്കുന്നതുവഴി അവരുടെ കുഞ്ഞിനും അതിലൂടെ അവരുടെ വരുംതലമുറയ്ക്കും മാരക രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കാന് സാധിക്കും. ഇതു കൂടാതെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കാത്തതു മൂലവും ശരിയായ സമയത്തും അളവിലും നല്‍കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
3.6 ലക്ഷം സ്ത്രീകള്‍ക്ക് ഇതുവരെ കുത്തിവെയ്പ്പ് നടത്തിയിട്ടുണ്ട്. ഇതുകൂടാതെ 1.7 ലക്ഷം ടെറ്റനസ് കുത്തിവെയ്പ്പുകളും ഇമ്യൂണൈസേഷന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി 1.4 ലക്ഷം കുട്ടികള്‍ക്കാണ് ഇതു വരെ പ്രതിരോധ മരുന്നു വിതണം നടത്തിയിട്ടുള്ളത്.
ഇത്തരം രോഗങ്ങള്‍ ബാധിച്ചുള്ള കുട്ടികളുടെ മരണ നിരക്ക് ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മരുന്നുകളുടെ വിതരണത്തിനായുള്ള പദ്ധതികള്‍ ആരംഭിച്ചത്. ലോകാരോഗ്യസംഘടനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധിതി ആവിഷ്കരിക്കുന്നത്.
23,000 പേരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടന്നു ചെല്ലാന്‍ പോലും മടിക്കുന്ന രാജ്യത്തിന്റെ ഓരോ മുക്കും മൂലയും കയറിയിറങ്ങിയും ഇവര്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു എന്നതാണ് ശ്രദ്ധേയം.
ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, വില്ലന്‍ ചുമ, ക്ഷയം ഇത്തരത്തില്‍ ഏഴ് രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധശക്തി വളര്‍ത്തുന്നതിനായാണ് ഈ വാക്സിനേഷന് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 2020ഓടെ രാജ്യത്തു നിന്നും ഈ രോഗങ്ങള്‍ മൂലം കുട്ടികള്‍ മരണപ്പെടുന്നതിനെ പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇമ്യൂണൈസേഷന് പ്രോഗ്രാമുകള്‍ നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേകം പരിശീലനം നേടിയവരും സംഘത്തിലുണ്ട്.
ഇമ്യൂണൈസേഷന് പദ്ധതിയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മരുന്നുവിതരണത്തിനായി 150 കോടി ഡിജിറ്റല്‍ ഡോസുകളാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രചാരണങ്ങള്‍ക്കായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളായ ട്വിറ്റര്‍, ഗൂഗിള്‍ ഹാങൗട്ട്,ഫേസ്ബുക്ക് തുടങ്ങിയവയും ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: