ആലപ്പുഴ: സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനെത്തിയ എസ്ഐയെ അക്രമികള്‍ കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. പുന്നപ്ര എസ്ഐ സാംമോനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 11ന് വൈകിട്ട് ആറോടെ ദേശീയപാതയില്‍ ബ്ലോക്ക് ജങ്ഷന് സമീപമായിരുന്നു സംഭവം. ഇതുവഴി പോയ കാര്‍ എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയില്‍ തട്ടി. ഇതിനെ ചോദ്യം ചെയ്ത ലോറി ഡ്രൈവറെ മര്‍ദ്ദിക്കുന്നത് കണ്ട് എസ്ഐ സാംമോന്‍ ഒപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ സംഭവസ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ കാര്‍ യാത്രക്കാര്‍ പോലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ എസ്ഐയെ കാറിലുണ്ടായിരുന്ന രണ്ട് പേര് കുപ്പി പൊട്ടിച്ച് ആക്രമിക്കുകയായിരുന്നു. എസ്ഐയുടെ ഇടതുകൈയിലെ വിരലുകള്‍ക്ക് പരിക്കേറ്റു. പ്രതികളായ കാര്‍ യാത്രക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരുവാറ്റ പാറപ്പള്ളി വീട്ടില്‍ ബിജു (34), ഇയാളുടെ സഹോദരന് സത്താര്‍, ഡ്രൈവര്‍ ചേര്‍ത്തല കെആര്‍പുരം തെറ്റിയാര്‍ വീട്ടില്‍ ഔസേപ്പച്ചന്റെ മകന് ജയ്മോന് (38)എന്നിവരെയാണ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് മൂന്ന് കുപ്പി മദ്യവും ഭക്ഷണ പദാര്‍ത്ഥങ്ങളും കണ്ടെത്തി. എസ്ഐക്കൊപ്പമുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എസ്ഐ: സുരേഷ്കുമാറിനും മര്‍ദ്ദനമേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: