കഥകളിയും ഭരതനാട്യവും സമന്വയിപ്പിച്ചുള്ള നൃത്തരൂപം, ഒരുപക്ഷേ ആരുംതന്നെ പരീക്ഷിക്കാത്ത ഒന്ന്. കഥകളി നര്‍ത്തകനായ പള്ളിപ്പുറം സുനിലും ഭാര്യയും ഭരതനാട്യനര്ത്തകിയും ചലച്ചിത്രതാരവുമായ പാരീസ് ലക്ഷ്മിയുമാണ് പരീക്ഷണത്തിന് മുതിര്‍ന്നത്. ഒരുമിച്ച് ഒരേവേദിയില്‍ പെര്‍ഫോം ചെയ്യുകയെന്ന ചിന്തയില്‍നിന്നും ഉരുത്തിരിഞ്ഞ ഒരാശയം. രണ്ടുവര്‍ഷമായി ഈ നൃത്തരൂപത്തിന്റെ അണിയറയിലായിരുന്നു ഈ ദമ്പതികള്‍.
ഇതിന്റെ ആദ്യപടിയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് 2009 ല്‍ ഫ്രാന്‍സിലെ ഗര്നാ ഫെസ്റ്റിവലില്‍ കഥകളി-ഭരനാട്യം ഫ്യൂഷന്‍ ഇവര്‍ പരീക്ഷണാര്‍ത്ഥമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടത് ഫ്രാന്‍സില്‍ തന്നെ ഉപേക്ഷിച്ച് മടങ്ങിയെങ്കിലും ആശയം മനസില്‍ മായാതെകിടന്നു. 2012 ല്‍ ഇവരുടെ വിവാഹത്തിനു ശേഷം പഴയ ആശയത്തിന് പുനര്‍ജ്ജന്മം നല്‍ക്കുകയായിരുന്നു. അന്നുമുതലുള്ള പ്രയത്നഫലമായി നിറഞ്ഞ സദസിനുമുന്നില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ‘കൃഷ്ണമയം’ എന്ന നൃത്തശില്‍പ്പം ഇരുവരും വേദിയിലെത്തിച്ചു.
വൈക്കത്തെ കലാശക്തി മണ്ഡപത്തില്‍ അഞ്ചു ഭാഗങ്ങളായി വേദിയിലെത്തിയ കൃഷ്ണമയത്തില് കഥകളി വേഷത്തില്‍ പ്രധാന കഥാപാത്രമായ കൃഷ്ണനായി സുനിലും ഭരതനാട്യസമ്പ്രദായത്തില് രാധയായും കുചേലനായും അര്‍ജ്ജുനനായും പാഞ്ചാലിയായും ഗോപികയായും ലക്ഷ്മിയും വേദിയിലെത്തി. കഥകളി വേഷത്തില്‍ കൃഷ്ണനും ഭരതനാട്യമുദ്രകളുമായി സമന്വയിപ്പിച്ചാണ് ഈ നൃത്തരൂപം ചിട്ടപ്പെടുത്തിയത്. ജി.എന്‍. ബാലസുബ്രഹ്മണ്യം ആദിതാളത്തില്‍ മിശ്രയമന് രാഗത്തില്‍ ചിട്ടപ്പെടുത്തിയ രാധാ സമേത കൃഷ്ണ… എന്ന കീര്ത്തനത്തിന് ചുവടുവെച്ച് കൃഷ്ണനും രാധയും അരങ്ങിലെത്തി.
കൃഷ്ണനെ കാത്തിരിക്കുന്ന വിരഹിണിയായ രാധയുടെ ചാരയെത്തിയ കൃഷ്ണനും തുടര്‍ന്നുള്ള പ്രണയാര്‍ദ്ര രംഗങ്ങളായിരുന്നു ആദ്യഭാഗം. കഥകളിയിലെ ദുര്യോധനവധത്തില്നിന്നെടുത്ത കൃഷ്ണന്-പാഞ്ചാലി ഭാഗമായിരുന്നു രണ്ടാമത്തേത്. വയസ്കര മൂസതാണ് ചിട്ടപ്പെടുത്തിയത്. കൗരവരുടെ മുന്നില്‍ അപമാനിതയായ പാഞ്ചാലി, ഭഗവാന് കൃഷ്ണനോട് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്നതും അതിന് കൃഷ്ണന് മറുപടി നല്‍കുന്നതുമായ രംഗം അതീവ ഹൃദ്യമായാണ് അരങ്ങിലെത്തിച്ചത്.
ഭരതനാട്യത്തെ ആസ്പദമാക്കി ആദിതാളത്തില്‍ സാവേരി രാഗത്തില്‍ ഷേണായ് ചിട്ടപ്പെടുത്തിയ മുക്ത വധുര എന്ന ഭാഗമാണ് മൂന്നാമത്തേത്. ഗോപകുമാരനെ കാത്തിരിക്കുന്ന ഗോപികയുടെ സമീപത്തെത്തുന്ന കൃഷ്ണനില്‍ മറ്റൊരു ഗോപികയുടെ ഗന്ധം തിരിച്ചറിയുമ്പോഴുണ്ടാകുന്ന ദേഷ്യത്തില്‍ തന്നെ സ്പര്‍ശിക്കരുതെന്ന് പറഞ്ഞ് ശുണ്ഠികൂടുന്ന രംഗവും സുനിലും ലക്ഷ്മിയും മനോഹരമാക്കി.
കഥകളിയിലെ കുചേലവൃത്തം കഥയിലെ കൃഷ്ണന്-കുചേല സംഗമമാണ് നാലാമതായി അവതരിപ്പിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍നിന്ന് എടുത്ത അശ്വതി തിരുന്നാള്‍ രാമവര്‍മ്മ ചിട്ടപ്പെടുത്തിയ ആജ് ആയേ യില്‍ രാസലീല ഭാഗമാണ് അവതരിപ്പിച്ചത്. കൃഷ്ണനുമായുള്ള രാസലീലയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഗോപികമാര്‍ കൃഷ്ണന്റെ ഓടക്കുഴല്‍ ശബ്ദത്തെ പിന്തുടര്ന്നെത്തി ഭഗവാനുമായുള്ള ലീലകളാണിതില് അവതരിപ്പിച്ചത്. അവസാനമായി കഥകളിയിലെ ഗീതോപദേശവും അവതരിപ്പിച്ചു.
കലാമണ്ഡലം രാജേഷ് ബാബു പിന്നണി പാടിയത്. ചെണ്ടയില്‍ കലാനിലയം രതീഷും മദ്ദളത്തില്‍ കലാമണ്ഡലം വിനീതും വയലിനില്‍ വൈക്കം ദിലീപ് ആര്. പ്രഭുവും ഓടക്കുഴലില്‍ തൃപ്പൂണിത്തുറ ശങ്കരനാരായണനും മൃദംഗത്തില്‍ അയ്മനം ചന്ദ്രകുമാറും കൃഷ്ണമയത്തിന് പിന്നണിയൊരുക്കി. പള്ളിപ്പുറം ഉണ്ണികൃഷ്ണന്റേതാണ് പശ്ചാത്തല സംഗീതം.
വൈക്കം മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന കലാശക്തി മണ്ഡപത്തിലാണ് കൃഷ്ണമയം അവതരിപ്പിച്ചത്. കലയിലൂടെ ഒന്നായ ഈ ദമ്പതികള്‍ കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈക്കത്ത് കലാശക്തി സ്കൂള്‍ ഓഫ് ആര്‍ട്ട്സ് എന്ന ഡാന്‍സ് സ്കൂളും നടത്തുന്നുണ്ട്. നാലു വയസുമുതല്‍ 55 വയസുവരെയുള്ള 60ഓളം ശിഷ്യഗണങ്ങളാണ് ഇവര്‍ക്കുള്ളത്. ലോകമെമ്പാടുമുള്ള വേദികളിലെ ഡാന്‍സ് പരിപാടി കൂടാതെ സിനിമയിലും സജീവമാണ് പാരീസ് ലക്ഷ്മി.
ഭാരത സംസ്കാരത്തെയും കലയെയും സ്നേഹിക്കുന്ന ഫ്രാന്‍സിലെ ഐവസ് ക്യിനായോ- പെട്രിഷ്യ ദമ്പതികളുടെ മകളാണ് പാരീസ് ലക്ഷ്മി. അഞ്ചാംവയസിലാണ് ആദ്യമായി ഭാരതത്തിലെത്തിയത്. പിന്നീടുള്ള ഓരോവര്‍ഷവും ഭാരതത്തിലെത്തിയിരുന്ന ഈ കുടുംബം ലക്ഷ്മിയുടെ ഏഴാം വയസില്‍ ഫോര്‍ട്ട്കൊച്ചിയില്‍ നടന്ന കുട്ടികളുടെ കഥകളി കാണാനിടയായി.
അതില്‍ കൃഷ്ണനായി ആടിയത് പള്ളിപ്പുറം സുനിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തുകളായി 2012ല്‍ വിവാഹിതരായി. ഇരുവരും കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുത്തും പ്രോഗ്രാമുകള്‍ ചെയ്തും ജീവിതം ആസ്വദിക്കുകയാണ്. കൂടാതെ കൃഷ്ണമയം വിവിധവേദികളില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: