കാഞ്ഞിരപ്പള്ളി: ലക്ഷങ്ങള്‍ ചെലവിട്ട് അറ്റകുറ്റ പണികളുടെ പേരില്‍ ടാറിങ്ങ് നടത്തിയ ബസ് സ്റ്റാന്‍ഡ് മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. സ്റ്റാന്‍ഡിന്റെ ഇരുകവാടങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടതോടെ യാത്ര ദുരിതമായി. ഒന്നരയടി വരെ താഴ്ചയില്‍ രൂപപ്പെട്ട കുഴികളില്‍ വേനല്‍മഴയില്‍ വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ ചെളിവെള്ളത്തില്‍ കുളിക്കേണ്ട ഗതികേടിലായി. സ്റ്റാന്‍ഡിന്റെ പ്രവേശന ഭാഗത്തെ ഇരട്ട കുഴികളില്‍ വീഴുന്ന യാത്രക്കാര്‍ തലനാരിഴയ്ക്കാണ് ഇരച്ചുപാഞ്ഞെത്തുന്ന ബസിന് മുന്നില്‍ നിന്നും പലപ്പോഴും രക്ഷപെടുന്നത്. ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ തമ്പലക്കാട് സ്വദേശിനിയായ വയോധികക്ക് കഴിഞ്ഞിടെ സ്റ്റാന്‍ഡിനുള്ളിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു.
യാത്ര ദുഷ്കരമായ രീതിയില്‍ കുഴികള്‍ നിറഞ്ഞ ബസ് സ്റ്റാന്‍ഡ് മഴക്കാലത്തിന് ശേഷമാണ് ടാര്‍ ചെയ്തത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ മുന്‍പുണ്ടായിരുന്നതിലും വലിയ കുഴികള്‍ സ്റ്റാന്‍ഡിനുളളില്‍ രൂപപ്പെട്ടത് നിര്‍മ്മാണത്തിലെ അപാകതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പണികള്‍ വൈകുന്നതോടെ അടുത്ത മഴക്കാലത്ത് ബസ് സ്റ്റാന്‍ഡ് കുളമാകുന്ന സാഹചര്യമാകും ഉണ്ടാകുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാതെ ബില്‍ പാസാക്കി നല്കിയ ഉദ്യോഗസ്ഥര്‍ക്കും, അശാസ്ത്രീയമായ രീതിയില്‍ പണികള്‍ നടത്തിയവര്‍ക്കുമെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യമുയരുന്നത്. കുഴികളുടെ എണ്ണവും ആഴവും കൂടിവരുന്നതോടെ അപകട സാധ്യതയും വര്‍ധിക്കുമെന്നിരിക്കെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി ചെയ്ത് ബസ് സ്റ്റാന്‍ഡ് ഗതാഗത യോഗ്യമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: