കളരിച്ചുവടുകളും നൃത്തച്ചുവടുകളും ഒരേപോലെ വഴങ്ങും അശ്വതിക്ക്. നൃത്തമോ കളരിയോ ഏറെയിഷ്ടം എന്ന് ചോദിച്ചാല്‍ ഉടനെയെത്തും മറുപടി, കളരിപ്പയറ്റെന്ന്. തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള കലാലയത്തിലെ അഗസ്ത്യഭാരത കളരിസംഘത്തിന് കീഴിലായിരുന്നു കളരി പഠനം.
പ്രസിദ്ധ മര്‍മ ചികിത്സകന് മോഹന്‍ കുമാറിന്റെ ശിഷ്യനും കളരിയിലെ മുഖ്യപരിശീലകനുമായ ശെല്‍വരാജിന്റെ കീഴിലാണ് കളരിപ്പയറ്റ് അഭ്യസിക്കുന്നത്. ആയോധന കലയ്ക്ക് പുറമെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലും അശ്വതി പ്രാവീണ്യം നേടിയിട്ടുണ്ട്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകന് ശശിയുടെ ഭാര്യ വത്സല ടീച്ചറാണ് നൃത്തത്തില്‍ ഗുരു.
2012 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ എറണാകുളം ജില്ലാ ചാമ്പ്യന്‍(ടീം എവര്‍റോളിംഗ് ട്രോഫി), 2014, 15 വര്‍ഷങ്ങളില്‍ നാഷണല്‍ ചാമ്പ്യന്‍, ഫെഡറേഷന് കപ്പ് ചാമ്പ്യന്‍, 2015 ല്‍ എറണാകുളം ജില്ലാ ചാമ്പ്യന്‍ എന്നിങ്ങനെ തുടര്‍ച്ചയായി ആറ് തവണ ചാമ്പ്യന്‍പട്ടം നേടിയിട്ടുണ്ട്. സഹപാഠിയായ പ്രസീതയും കളരിച്ചുവടകള് വയ്ക്കാന്‍ അശ്വതിക്കൊപ്പമുണ്ട്.
മിനിക്കഥകളും ചെറുകഥകളും രചിച്ച് സാഹിത്യത്തിലും തനിക്കുള്ള കഴിവ് ഈ പെണ്‍കുട്ടി തെളിയിച്ചിട്ടുണ്ട്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു ബിരുദ പഠനം. കൊച്ചിന് ഷിപ്പ്യാര്ഡില് കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന തൃപ്പൂണിത്തുറ പുതിയകാവ് വള്ളനാട്ട് വീട്ടില്‍ ബിജുവിന്റേയും മായയുടേയും മകളാണ് അശ്വതി. സഹോദരി ഐശ്വര്യയും നര്‍ത്തകിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: