പാലാ: യുദ്ധഭൂമിയില്‍ സ്വപ്നങ്ങള്‍ ബാക്കിവെച്ച് ലിസി തിരികെയെത്തി. പാലാ കൊഴുവനാല്‍ ഉള്ളാത്തോട്ടത്തില് ലിസി തോമസാണ് വീട്ടില്‍ തിരികെയെത്തിയത്. എട്ട് വര്‍ഷം മുമ്പാണ് ലിസി തോമസും ആറ് വര്‍ഷം മുമ്പ് ഭര്‍ത്താവ് തോമസ് മാത്യുവും യമനിലേക്ക് പോയത്. ആഭ്യന്തരകലാപം ആരംഭിച്ചതോടെ യമനിലെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് ജീവന് രക്ഷിച്ചുള്ള രക്ഷപെടലില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് തകര്‍ന്നിരിക്കുന്നത്.
യമനിലെ സനയില്‍ ബോംബുകളുടെയും മിസൈലിന്റെയും കാതടപ്പിക്കുന്ന ഭീകരാന്തരീക്ഷമാണെന്ന് ലിസി പറയുന്നു. നേഴ്സായ ലിസിക്ക് എട്ട് വര്‍ഷം മുമ്പ് മാതാവിന്റെ ബന്ധുവാണ് യമനില്‍ ജോലി ശരിയാക്കി ക്ഷണിക്കുന്നത്. സ്വകാര്യാശുപത്രിയിലും ക്ലിനിക്കുകളിലുമായി ജോലി ചെയ്തുവരുകയായിരുന്നു. ആറ് വര്‍ഷം മുമ്പ് ഭര്‍ത്താവ് തോമസ് മാത്യുവും ബന്ധുവിന്റെ ഉടമസ്ഥതിയിലുള്ള സനയിലെ റോയീസ് റസ്റ്റോറന്റില്‍ ജോലി ശരിയായി യമനിലേക്ക് വന്നു. ജോലിക്ക് പോകാത്ത അവസ്ഥയായതോടെ ലിസി ഒരുമാസമായി ഭര്‍ത്താവിനെ സഹായിച്ചു വരുകയായിരുന്നു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ലിസി താമസിച്ചിരുന്ന സന ഭാഗത്ത് പ്രശ്നങ്ങള്‍ രൂപംകൊണ്ടത്. ഈ മാസം തുടങ്ങിയതോടെ യുദ്ധവും ആക്രമണങ്ങളും കനത്തു. ഇതോടെ അവിടെ പിടിച്ചുനില്ക്കാന് കഴിയാത്ത അവസ്ഥയാണ് ഇതാണ് തിരികെപോരാന്‍ കാരണമെന്ന് ലിസി പറയുന്നു. എങ്ങും കനത്ത വെടിവെയ്പും ബോംബിങ്ങും. ഇത് കാതടപ്പിക്കുന്നതാണ്. കഴിഞ്ഞ 11 ദിവസമായി രാത്രി ആറുമുതലാണ് വിമതരുടെ ആക്രമണം ആരംഭിക്കുന്നത്. പുലര്‍ച്ചെ ആറ് മണിയോടെ വെടിവെയ്പ് നിര്‍ത്തി വെയ്ക്കും. കഴിഞ്ഞ രണ്ട് ദിവസത്തോടെ ആക്രമണം പകലും രാത്രിയും ഒരുപോലെ തുടര്‍ന്നു. ഭാരത സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് രക്ഷപെടുന്നതിന് അവസരമൊരുക്കാനായി പകല്‍ സമയത്തുള്ള യുദ്ധം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് താനുള്‍പ്പെടയുള്ള 340 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതെന്ന് ലിസി പറയുന്നു.
സനയില്‍ നിന്ന് യമന്‍ എയര്‍വേസില്‍ അയല്‍രാജ്യമായ ജിബൂത്തിയിലെത്തിച്ചു അവിടെനിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാലിന് പുലര്‍ച്ചെ ഒന്നരയോടെ കൊച്ചിയിലെത്തി. ബന്ധുക്കളായ ചങ്ങനാശേരി സ്വദേശികളായ അഞ്ച് പേരും ഒപ്പമുണ്ടായിരുന്നു. 340 യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. മറ്റുള്ളവര്‍ മുംബൈ സ്വദേശികളും. രക്ഷപെടുത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ പ്രവര്‍ത്തനങ്ങളാണ് ഉണ്ടായതെന്ന് ലിസി പറയുന്നു. തങ്ങളുടെ എല്ലാ സുരക്ഷക്കും നടപടി സ്വീകരിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍ എപ്പോഴും കൂടെയുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു.
ലിസിയുടെ ഭര്‍ത്താവ് തോമസ് ഇപ്പോഴും യമനിലാണ്. റസ്റ്റോറന്റിലെ ജീവനക്കാരെ രക്ഷപെടുത്തുന്നതിനാണ് ഇദ്ദേഹം ഇവിടെ നില്‍ക്കുന്നത്. ഒരാഴ്ചക്കകം മടങ്ങിയെത്തുമെന്നും ലിസി പറഞ്ഞു. പണി തീരാത്ത വീടും മക്കളായ അഞ്ചുവിന്റെയും അലന്റെയും വിദ്യാഭ്യാസവും ഒക്കെ മടങ്ങിവരവോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. തത്ക്കാലം നാട്ടിലൊരു ജോലി കണ്ടെത്താനുള്ള തത്രപ്പാടിലാണ് ലിസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: