ഇതുവരെ പുതൂര്‍ കഥകളുടെ ബാഹ്യാഭ്യന്തര ശില്‍പങ്ങളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമായിരുന്നു. ഇവ എത്രമാത്രം അദ്ദേഹത്തിന്റെ കഥകളില്‍ കാണാമെന്ന് ഏതാനും ചില കഥകളെ ആസ്പദമാക്കി പരിശോധിക്കുകയാണിനിയും. ഗുരുവായൂര്‍ ക്ഷേത്രവും പരിസരങ്ങളും എന്നും പുതൂരിന്റെ കഥകളുടെ ഈറ്റില്ലങ്ങളായിരുന്നു. കുങ്കുമപ്പൊട്ട് എന്ന കഥ വടക്കന്‍കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ ജീവിതക്കാഴ്ചയില്‍ നിന്നും രൂപം കൊണ്ടതാണ്. രംഗബോധമില്ലാത്ത കോമാളിയായ മരണത്തിന്റെ മുഖം കാട്ടിത്തരുന്ന ഈ കഥ അതേസമയം തന്നെ ഒരു കാലയളവിലെ ബ്രാഹ്മണ പ്രകൃതങ്ങളുടെയും സംസ്കാരത്തിന്റെയും കാഴ്ചകൂടിയായി മാറുന്നു.
ശിഥിലമായ ഒട്ടനവധി കാഴ്ചകളുടെ ശില്‍പാകാരമാണ് ബാധ എന്ന കഥ. ഗുരുവായൂരിന്റെ പരിസരം തന്നെയാണ് ഈ കഥയ്ക്കും പശ്ചാത്തലമാകുന്നത്. പത്തുദിവസം ഔദാര്യത്തിന്റെ പുറത്ത് ലഭ്യമായ ഒരു വീട് കേന്ദ്രീകരിച്ച് കഥാപ്രാപ്തി നേടുന്ന ഈ കഥയ്ക്കൊരു ഫാന്റസിയുടെ ആഭ്യന്തര ശില്പം നല്കി അവസാനം യാഥാര്‍ത്ഥ്യം എടുത്തുകാട്ടുമ്പോള്‍ നാം ആകാംക്ഷയില്‍ നിന്നും മുക്തരാകുന്നു. ഏഴു ദിവസത്തെ കാഴ്ചകളിലൂടെ ഈ കഥ ഒരു പുതിയ തലത്തിലേക്ക് മറിയുന്നു. കാഴ്ചക്കപ്പുറമുള്ള അനുഭവങ്ങളും ഓര്‍മകളും ഇതിന് ഒരു നവപരിവേഷം നല്‍കുന്നുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രപരിസരം തന്നെ സാക്ഷിയാകുന്ന കഥയാണ് കള്ളച്ചിരി. ശാരീരിക ന്യൂനതകളും അസ്വസ്ഥതകളും ദാമ്പത്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന വസ്തുതയുടെ പച്ചയായ ആവിഷ്കാരമാണ് ഈ കഥ. മരക്കട്ടില്‍, ക്ഷേത്രോപജീവികള്‍, പുതിയ വെളിച്ചപ്പാട്, ഒരു മഹാക്ഷേത്രത്തിന്റെ സന്നിധിയില്‍, നിര്‍മാല്യം, സീത, ലക്ഷ്മിയുടെ കഥ, ആത്മീയമായ ഒരു പ്രേമം, എട്ടാംവിളക്ക് എന്നിങ്ങനെ നിരവധി കഥകള്‍ ഗുരുവായൂര്‍ ക്ഷേത്രവുമായി താദാത്മ്യം പ്രാപിക്കുന്നു.
കൂട്ടുകുടുംബ പശ്ചാത്തലത്തില്‍ ജീവിക്കേണ്ടിവരുന്ന ഗൃഹസ്ഥന്റെ വിചാരഗതികളെ അനാവരണം ചെയ്യുന്ന ഗാര്‍ഹിക പ്രശ്നങ്ങള്‍ എന്ന കഥ കേരളത്തില്‍ ഒരു കാലത്തുനിലനിന്നിരുന്ന കൂട്ടുകുടുംബ വാഴ്ചകളുടെ ദ്വിമുഖത്തെ പ്രതിനിധാനം ചെയ്യുന്നു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പുതിയ അണുകുടുംബ വ്യവസ്ഥയിലേക്ക് പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ കുടുംബഭാരം ചുമക്കേണ്ടിവരുന്ന വ്യക്തികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒരു കാലത്തെ നായര്‍ തറവാടുകളിലെ നിത്യകാഴ്ചയായിരുന്നു. ഈ കാഴ്ചയുടെ മുഖം ഒരു വ്യക്തിയുടെ വിചാരഭാഷയില്‍ ഇവിടെ കഥാരൂപം പ്രാപിച്ചിരിക്കുന്നു.
ദാരിദ്ര്യവും വിശപ്പും കാരണം വെള്ളരിക്ക മോഷ്ടിച്ച വിശ്വംഭരന്റെ കഥ പറയുന്ന കണിവെള്ളരിക്കയില്‍, തകര്‍ന്നുപോയ നായര്‍ തറവാടുകളുടെ ചിത്രം തെളിയുന്നു. ഒപ്പം വെള്ളരിക്ക മോഷ്ടിച്ച വിശ്വംഭരന് കാലത്തിന്റെയും നിയതിയുടെയും ഗതിയില്‍പ്പെട്ട് സമ്പന്നനായി ജന്മിയുടെ വസ്തുവകകള്‍ക്കൊപ്പം, ദരിദ്രനായിത്തീര്‍ന്ന അയാളുടെ മകളെ സ്വന്തമാക്കുന്നതുമായ കാഴ്ചകള്‍ പഴയ കേരളത്തില്‍ പലയിടത്തും സംഭവിച്ചുകൊണ്ടിരുന്ന കാഴ്ചകളായിരുന്നു.
മാതൃ-പിതൃ സ്മൃതികള്‍ പുതൂരിന്റെ ഒട്ടനവധി കഥകളില്‍ ഉണരുന്നതു കാണാം. അതില്‍ പലതും ഗൃഹാതുര സ്മരണകളിലൂടെയാണെന്നും കാണാം. ഗോപുരവെളിച്ചം, ഭാഗപത്രം, പോലീസുകാരന് ദൈവത്തിന്റെ വേഷത്തില്‍, എട്ടാംവിളക്ക് എന്നിങ്ങനെ ഒട്ടനവധി കഥകളില്‍ മാതാവും പിതാവും രംഗപ്രവേശം ചെയ്യുന്നുണ്ട്. ആത്മകഥാ സ്പര്‍ശമുള്ള ഒരു കഥയാണ് ഭാഗപത്രം. സ്വന്തം ജീവിതത്തിന്റെ അനുഭവസീമകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഈ കഥ ജീവിതത്തിന്റെ ഏടാണെന്നു പറയാം.
കുടുംബത്തിന്റെ നിര്‍ദ്ധനാവസ്ഥയില്‍, തന്റെ പിതാവിന്റെ എഴുത്തുകാരനായി പന്ത്രണ്ടു വര്‍ഷം സ്വന്തം വീട്ടില്‍ത്തന്നെ ജീവിച്ച കുഞ്ഞുണ്ണിനായരെക്കൂടി തീറ്റിപ്പോറ്റാന്‍ പിതാവിന്റെ മരണശേഷം സാധ്യമാകാതെ അയാളെ പറഞ്ഞുവിടാന്‍ നിര്‍ബന്ധിതനായി തീരുന്ന കഥാപാത്രത്തിന്റെ അവസ്ഥാവിശേഷം ഈ കഥയുടെ മര്‍മ്മമാണ്. ബാല്യത്തിന്റെ കുസൃതിയില്‍ പറ്റിപ്പോയ ഒരു അമളിയെ ഗൃഹാതുരത്വസ്മൃതിയോടെ പ്രകാശിപ്പിക്കുന്ന പോലീസുകാരന് ദൈവത്തിന്റെ വേഷത്തില്‍ എന്ന ലഘുകഥയിലും പിതൃസ്മൃതി കാണാം.
ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ ശിഥില ദൃശ്യങ്ങളെ വരമൊഴികളില്‍ കഥാശില്‍പമാക്കിയ കഥാകാരനാണ് പുതൂര്‍ ഉണ്ണികൃഷ്ണന്. ഏതാനും കഥകളെ നാമമാത്രമായി ഇവിടെ സൂചിപ്പിച്ചു എന്നു മാത്രം. രക്തബന്ധങ്ങളുടെ അര്‍ത്ഥതല വ്യാപ്തിയും വ്യാപ്തിയില്ലായ്മയും ദയാവായ്പയും ദയാരാഹിത്യവുമെല്ലാം ഈ കഥാകാരനെ ഒരു ദാര്‍ശനികനാക്കുന്നതുകാണാം.
വല്യേട്ടന് പോലുള്ള കഥകള്‍ ഇതിന് തെളിവാണ്. പുതൂരിന്റെ ഒട്ടുമിക്ക കഥകളിലും കഥാകൃത്തിന്റെ സ്വതന്ത്ര സ്വത്വം രംഗപ്രവേശം ചെയ്യുന്നത് കാണാം. സ്വന്തം സാന്നിദ്ധ്യമില്ലാതെ ഈ കഥാകാരന് കഥയില്‍ അസ്തിത്വം ഇല്ല എന്നു തന്നെ പറയാം. സ്വാത്മാവിന് ഇത്രമാത്രം ലയം കൊടുത്തതു കൊണ്ട് കഥകളെഴുതുമ്പോള്‍ ആത്മപരതയും ആത്മാര്‍ത്ഥതയും കൂടും. അതുകൊണ്ട് തന്നെ ജാഢ്യതയില്ലാത്ത, നിരഹങ്കാരിയായി, സാധൂപാലകനായി, സാധാരണയില്‍ സാധാരണക്കാരനായി, സാധാരണക്കാരന്റെ ജീവിതത്തിന്റെ വിളക്കു തെളിക്കാനാണ് ഈ എഴുത്തുകാരന് എന്നും ആഗ്രഹിച്ചത്. അവിടെ അദ്ദേഹത്തിന് പെണ്ണെന്നും ആണെന്നുമുള്ള വ്യത്യാസമേ ഉണ്ടായിരുന്നില്ല. ഈ സര്‍ഗ്ഗധനന്റെ രചനാ ശില്പങ്ങള് ത്രികാലങ്ങളിലൂടെ ചിന്തയുടെയും അപഗ്രഥനങ്ങളുടെയും വഴി തേടും എന്നതിന് സംശയമില്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: