ആലുവ: കുട്ടമശ്ശേരി ഐഡിയല്‍ ഇംപക്സ് എന്ന സ്ഥാപനത്തില്‍ കയറി ചുമട്ടു തൊഴിലാളികളെ അക്രമിച്ച കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി.
കീഴ്മാട് മാലയന്കാട് നെയ്യത്താല്‍ വീട്ടില്‍ എന്‍.കെ. ഹമീദ് (45), മാറമ്പിള്ളി കുന്നത്തുകര മരോട്ടിക്കല്‍ വീട്ടില്‍ എം.എസ്. റഫീക്ക് (35) എന്നിവരെയാണ് ആലുവ പ്രിന്‍സിപ്പള്‍ എസ്ഐ പി.ഐ. ഫൈസലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച രാത്രി അമ്പാട്ടുകാവ് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ഇരുവരും എസ്ഡിപിഐയുടെ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി. കുട്ടമശേരി കോലായില്‍ റഹീം അലിയാര് (38), കുട്ടമശേരി വട്ടപ്പറമ്പില്‍ സിദ്ദിഖ് കുഞ്ഞുമുഹമ്മദ് (35), കുമ്പളം പുത്തേഴത്ത് റഷീദ് അബൂബക്കര്‍ എന്നിവര്‍ കഴിഞ്ഞ 25ന് അറസ്റ്റിലായിരുന്നു.
റഹീമും സിദ്ദിഖും ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരും റഷീദ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയയാളുമാണ്. മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായാണ് തൊഴിലാളികളെ മര്‍ദ്ദിച്ചത്.
കഴിഞ്ഞ 16നായിരുന്നു സംഭവം. എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അദ്ധ്യാപകന് മര്‍ദ്ദനമേറ്റതിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണം. നാദപുരം ആവര്‍ത്തിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വിവാദ പോസ്റ്ററും പ്രതികള്‍ കുട്ടമശേരിയില്‍ പതിപ്പിച്ചിരുന്നു. എസ്.ഐമാരായ രാജന്, പ്രദീപ്, സി.പി.ഒ ബിജു എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: