ചേര്‍ത്തല: ചേര്‍ത്തല സര്‍വീസ് സഹകരണ ബാങ്കില്‍ (കല്ലങ്ങാപള്ളി) പണയ സ്വര്‍ണത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. പണയം വച്ച സ്വര്‍ണത്തില്‍ 868 ഗ്രാം സ്വര്‍ണമാണ് ബാങ്ക് ലോക്കറില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപെട്ട് ബാങ്ക് സെക്രട്ടറി കെ.പി. ബിജുവിനെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനക്കിടെ സെക്രട്ടറി ഓടിരക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് പിന്തുടര്ന്നു പിടിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരണത്തില്‍. ഇതിനു മുമ്പും ഇതേ ബാങ്കില്‍ വായ്പയുടെ പേരിലും വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അന്നും സെക്രട്ടറിയായിരുന്നയാളെ ബാങ്ക് പുറത്താക്കിയിരുന്നു. അതിന്റെ അലയൊലികള്‍ തീരും മുമ്പാണ് വീണ്ടും ഉദ്യോഗസ്ഥ അഴിമതികള്‍ അരങ്ങേറിയത്. 15 ലക്ഷത്തോളം രൂപാ വായ്പക്കുള്ള സ്വര്‍ണ ഉരുപ്പടികളാണ് നഷ്ടപെട്ടിരിക്കുന്നത്. ഇതിന്റെ മൂല്യം 23 ലക്ഷത്തോളം വരും. ബിജുവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: