അഞ്ചല്‍: ചരിത്രപ്രസിദ്ധമായ അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പ് ഇന്ന് നടക്കും. ഐതിഹ്യങ്ങളിലെ പൊന്വെളിച്ചമായ ദേവിസമാഗമത്തിന് ഇന്ന് അഞ്ചല്‍ സാക്ഷിയാകും. കടയ്ക്കല്‍-അഞ്ചല്‍ തിരുമുടി എഴുന്നള്ളിപ്പ് ഹൈന്ദവദാര്‍ശനിക ചരിത്രത്തില്‍ വേറിട്ട അനുഭവമാകുകയാണ്. ഇന്ന് രാവിലെ 6.30ന് കടയ്ക്കല്‍ ഭദ്രകാളി തൃച്ചിലമ്പണിഞ്ഞ് തിരുഉടവാളേന്തി പരിവാരസമേതം അഞ്ചലിലേക്ക് യാത്രതിരിക്കുന്നു.
കഴിഞ്ഞദിവസം സഹോദരി ദര്‍ശനത്തിന് കടയ്ക്കല്‍ തമ്പുരാട്ടി പുറപ്പെടുന്ന വിവരം കൊട്ടിപ്പാടി മാലോകരെ അറിയിക്കുന്ന ചടങ്ങ് നടന്നുകഴിഞ്ഞു. രാവിലെ മുടിപ്പുരശാന്തിമാര് അമ്മയുടെ തിരുരൂപം തലയിലേന്തുമ്പോള്‍ അഞ്ചലില്‍ നിന്ന് സ്വീകരിക്കാന്‍ ആയിരത്തിലധികം പ്രതിനിധികള്‍ കടയ്ക്കലില്‍ എത്തുന്നുണ്ട്.
കടയ്ക്കല്‍ ശിവക്ഷേത്രത്തിലുള്ള ദേവിയുടെ തിരുഉടവാളും തൃച്ചിലമ്പും എഴുന്നള്ളിച്ച് പീഠിക ഭഗവതി ക്ഷേത്രത്തിലെത്തിക്കും. പീഠികാദേവിയുടെ ഉടവാളും തൃച്ചിലമ്പും യജമാനന് ക്ഷേത്രത്തിലെ വാളും ശ്രീഭദ്ര, ശ്രീദുര്‍ഗ, ശ്രീഭൈരവി ഭാവത്തിലുള്ള മൂന്ന് തിരുമുടികളും ആചാരപ്രകാരം എഴുന്നള്ളിക്കുകയാണ്. വ്രതംനോറ്റ പതിനായിരക്കണക്കിന് ഭക്തജനങ്ങളും കേരളാസര്‍ക്കാരിന്റെ അശ്വാരൂഡ സേന, പഞ്ചവാദ്യം, മുത്തുക്കുടകള്‍, വിവിധ കലാരൂപങ്ങള്‍, കുത്തിയോട്ടം എന്നിവ അകമ്പടി സേവിക്കും.
കടയ്ക്കല്‍ ദേവി യാത്രാമധ്യേ വിശ്രമിച്ചെന്ന് കരുതുന്ന വാള്വച്ചാം പാറയില്‍ ഇറക്കി പൂജയുണ്ട്. കോട്ടുക്കല്‍ നിവാസികള്‍ ഇവിടെനിന്നും സ്വീകരിച്ച് മഞ്ഞിപ്പുഴ ഭഗവതി ക്ഷേത്രത്തിലെത്തിക്കുന്നു. ഇവിടെയാണ് അറുപതിനായിരം പേര്‍ക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ഇവിടെ തിരുമുടികള്‍ മുഖാവരണം മാറ്റി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടെ ചെമ്പകരാമനല്ലൂര്‍ വഴി മുളമൂട്ടില്‍ എത്തിച്ചേരും. ഇവിടെ വച്ച് അഞ്ചല്‍ കടയാറ്റ് കളരീദേവസ്വം ഭാരവാഹികളുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ തിരുമുടി സ്വീകരിക്കും. കടയാറ്റ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ വെള്ളിക്കത്തികൊണ്ട് മുഖാവരണം മാറ്റും.
മൂന്ന് ലക്ഷത്തോളം ഭക്തജനങ്ങളാണ് തിരുമുടി സ്വീകരിക്കുക. അഞ്ചല്‍ കടയാറ്റ് കളരീ ക്ഷേത്രത്തിലെത്തുന്ന തിരുമുടി വടക്കോട്ട് ദര്‍ശനമായി നിര്‍മ്മിച്ചിരിക്കുന്ന മുടിപ്പുരയില്‍ പ്രത്യേക പീഠത്തില്‍ പ്രതിഷ്ഠിക്കും. ഇവിടെയാണ് ഭക്തര്‍ക്ക് ദര്‍ശനസൗകര്യമുള്ളത്.
കടയാറ്റ് കളരീക്ഷേത്രവും അഞ്ചല്‍ പ്രദേശം മുഴുവനും ഉത്സവതിമിര്‍പ്പിലാണ്. അഞ്ചലും അഞ്ചുകിലോമീറ്റര്‍ പ്രദേശവും വൈദ്യുത ദീപാലങ്കാരങ്ങളാലും കൂറ്റന്‍ ഗോപുരങ്ങളാലും അലങ്കരിച്ചിട്ടുണ്ട്. അഞ്ചല്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഒരുക്കിയ ഇരുനൂറടി ഉയരമുള്ള വടക്കന്‍ ഗോപുരം ശ്രദ്ധേയമാണ്. തിരുമുടി കടന്നുവരാനുള്ള പാത നാട്ടുകാര്‍ നിര്‍മ്മിച്ചുകഴിഞ്ഞു. മന്നം എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ ദേശീയ വ്യാപാരവിപണനമേളയും പുഷ്പോത്സവവും ആരംഭിച്ചുകഴിഞ്ഞു. തിരുമുടി എഴുന്നള്ളിപ്പിനോടനുബന്ധിച്ച് അഞ്ചല്‍ പട്ടണത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ കരക്കമ്മിറ്റികള് നേതൃത്വം നല്കുന്ന ടീമുകള്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് സഹായം ഒരുക്കുന്നതിനായി പോലീസിനൊപ്പം 1500 സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍വീനര്‍ ഉമേഷ് ബാബു പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകള്‍, കരയോഗങ്ങള്‍, സേവാഭാരതി എന്നിവര്‍ കുടിവെള്ളവിതരണം നടത്തും.
തിരുമുടിയെ സ്വീകരിക്കുന്ന സമയം ആകാശത്ത് വിമാനം ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തും. രാത്രി അതിശയിപ്പിക്കുന്ന ആകാശ ദീപക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്. തിരുമുടിയെ അനുഗമിക്കുന്ന കടയ്ക്കല്‍ കരക്കാര്‍ക്ക് മന്നം എന്‍എസ്എസ് കോളേജിലാണ് താമസമൊരുക്കിയിരിക്കുന്നത്. തിരുമുടിയെ അനുഗമിച്ചെത്തുന്ന ഫ്ളോട്ടുകള്‍ ആറാട്ട് കണ്ടത്തിലാണ് അണിനിരക്കുക.
ഏകദേശം അഞ്ച് ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ദര്‍ശന സൗകര്യമൊരുക്കുന്നതിനും കനത്ത സുരക്ഷയൊരുക്കുന്നതിലും സംഘാടകസമിതിയും പോലീസും കഠിനപ്രയത്നത്തിലാണ്. രാവിനെ പകലാക്കി മാറ്റി മനസിനെ ഉത്സാഹത്തിന്റെ കൊടുമുടി കയറ്റുന്ന തിരുമുടി എഴുന്നള്ളിപ്പില്‍ ഉത്സാഹത്തിമിര്‍പ്പില്‍ ലയിക്കുകയാണ് അഞ്ചല്‍ എന്ന മലയോരഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: