കോട്ടയം: ശിവപഞ്ചാക്ഷരി മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ തിരുനക്കര തേവര്‍ക്ക് ആറാട്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെ കാരാപ്പുഴ അമ്പലക്കടവ് ഭഗവതിക്ഷേത്രത്തിലെ ആറാട്ട് കുളത്തിലാണ് തിരുനക്കര തേവര് ആറാടിയത്. ഇന്നലെ രാവിലെ 8 മണിയോടെ തിരുനക്കര മഹാദേവക്ഷേത്രത്തില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ആറാട്ട് എഴുന്നള്ളിപ്പ് യൂണിയന് ക്ലബ്, കാരാപ്പുഴ, തിരുവാതുക്കല്‍, ഭീമന്‍പടി വഴി ഉച്ചക്ക് 3മണിയോടെ അമ്പലക്കടവ് ഭഗവതിക്ഷേത്രത്തിലെത്തി ആറാട്ട് എഴുന്നള്ളത്തിനെത്തിയ തിരുനക്കര തേവരെ നിറപറയും നിലവിളക്കുമൊരുക്കിയാണ് ഭക്തര്‍ എതിരേറ്റത്. വൈകിട്ട് 6 മണിയോടെ ആറാട്ട് ആരംഭിച്ചു. ആറാട്ട് ചടങ്ങുകള്‍ക്കുശേഷം ദീപാരാധനയും നിവേദ്യവും നടന്നു. താഴമണ്‍മഠം പ്രതിനിധി ഉണ്ണികൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തി ഹരിശര്‍മ്മ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ആറാട്ട്. ആറാട്ടിനുശേഷം 7 മണിയോടെ തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചു. തിരുമല ദേവസ്വം ഗജേന്ദ്രനാണ് ഭഗവാന്റെ തിടമ്പേറ്റിയത്. മാളികപീടിക, തെക്കും ഗോപുരം, ബോട്ടുജെട്ടി, വയസ്കരയില്ലം വഴി പുളിമൂട് ജംഗ്ഷനിലെത്തി സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയ ശേഷം ആറാട്ട് ഘോഷയാത്ര തിരുനക്കര ക്ഷേത്രത്തിലേക്ക് കടന്നു. തുടര്‍ന്ന് കൊടിക്കീഴില്‍ കാണിക്കയും കൊടിയിറക്കും നടന്നു.
ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ് വീഥികളുടെ ഇരുവശവും ദീപാലങ്കാരങ്ങളൊരുക്കിയിരുന്നു. വിവിധ ഇടങ്ങളില്‍ കലാപരിപാടികളും അരങ്ങേറി. ഗാനമേള, പുല്ലാങ്കുഴല്‍കച്ചേരി, ആട്ടകാവടി തുടങ്ങി കലാപരിപാടികളോടെയാണ് ആറാട്ട് വരവിനെ എതിരേറ്റത്. ദീപക്കാഴ്ചകളും കരിമരുന്ന് പ്രയോഗവും ഘോഷയാത്രയ്ക്ക് പകിട്ടേകി. ആറാട്ട് പാതയിലുടനീളം ഭക്തര്‍ പറ സമര്‍പ്പിച്ച് സായൂജ്യമടഞ്ഞു. ആറാട്ടുത്സവത്തോടനുബന്ധിച്ച് അക്ഷരശ്ലോകസദസ്സ്, വില്ലടിച്ചാംപാട്ട്, പാഠകം, സംഗീതകച്ചേരി, നാദസ്വരകച്ചേരി, ആറാട്ട് കച്ചേരി തുടങ്ങിയ കലാപരിപാടികള്‍ ക്ഷേത്രത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: